തിരയുക

ദൈവ മാതാവ് ദൈവ മാതാവ് 

ദൈവജനനിയുടെ തിരുന്നാളും വിശ്വശാന്തി ദിനവും!

വത്തിക്കാനിൽ ദൈവമാതാവിൻറെ തിരുന്നാൾ ദിനത്തിൽ ഫ്രാൻസീസ് പാപ്പായുടെ മുഖ്യകാർമ്മികത്വത്തിൽ ദിവ്യബലി.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

പുതുവത്സര ദിനത്തിൽ തിരുസഭ ദൈവമാതാവിൻറെ തിരുന്നാളും വിശ്വാശാന്തിദിനവും ആചരിക്കുന്നു.

പുതുവർഷാരംഭ ദിനമായ ഈ ഞായറാഴ്ച (01/01/23) പ്രാദേശിക സമയം രാവിലെ 10 മണിക്ക്, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 2.30-ന്, ഫ്രാൻസീസ് പാപ്പാ, വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ തൻറെ മുഖ്യകാർമ്മികത്വത്തിൽ സാഘോഷമായ സമൂഹബലി അർപ്പിക്കും.

22 കർദ്ദിനാളന്മാരും 12 മെത്രാന്മാരും ഇരുന്നൂറ്റി അമ്പതോളം വൈദികരും സഹകാർമ്മികർ ആയിരിക്കും. ദൈവമാതാവിൻറെ തിരുന്നാൾ ദിനമായ ജനുവരി ഒന്നിന് അമ്പത്തിയാറാം ലോകസമാധാന ദിനവും ആചരിക്കപ്പെടുന്നു.

“ആർക്കും തനിച്ച് സ്വയം രക്ഷിക്കാൻ കഴിയില്ല. സമാധാന സരണി ഒരുമിച്ചു കണ്ടെത്തുന്നതിന് കോവിദ് -19- ൽ നിന്ന് പുനരാരംഭിക്കുക” എന്ന വിചിന്തന പ്രമേയമാണ് ഫ്രാൻസീസ് പാപ്പാ ഈ ദിനാചരണത്തിനായി നല്കിയിരിക്കുന്നത്.

നമ്മുടെ സമൂഹത്തെയും ഗ്രഹത്തെയും സൗഖ്യമാക്കുന്നതിനും കൂടുതൽ നീതിയും സമാധാനവും വാഴുന്ന ഒരു ലോകത്തിന് അടിത്തറയിടുന്നതിനും യഥാർത്ഥ പൊതുനന്മയ്ക്കായി ഗൗരവബുദ്ധ്യാ പ്രയത്നിക്കുന്നതിനും പ്രതിജ്ഞാബദ്ധരാകാനുള്ള സമയം അതിക്രമിച്ചിരിക്കുന്നുവെന്നും പാപ്പാ ഈ വിശ്വശാന്തിദിനത്തിനായി നല്കിയിരിക്കുന്ന സന്ദേശത്തിൽ ഓർമ്മിപ്പിക്കുന്നു. ഇതു ചെയ്യണമെങ്കിൽ നമ്മൾ, നാം അനുഭവിക്കുന്ന നിരവധിയായ ധാർമ്മിക, സാമൂഹ്യ, രാഷ്ട്രീയ, സാമ്പത്തിക പ്രതിസന്ധികൾ പരസ്പര ബന്ധിതങ്ങളാണെന്ന വസ്തുത അവഗണിക്കരുതെന്നും ഒറ്റപ്പെട്ട പ്രശ്നങ്ങളായി നാം കാണുന്ന പ്രശ്നങ്ങൾ വാസ്തവത്തിൽ പരസ്പരം കാരണങ്ങളും ഫലങ്ങളുമാണെന്നും പാപ്പാ പറയുന്നു.

നാം പൊതുനന്മയുടെ അടിസ്ഥാനത്തിൽ ചിന്തിക്കുകയും, നമ്മൾ ഒരു വലിയ സമൂഹത്തിൽ പെട്ടവരാണെന്ന് തിരിച്ചറിഞ്ഞ്, സാർവത്രിക മാനുഷിക സാഹോദര്യത്തിലേക്ക് നമ്മുടെ മനസ്സും ഹൃദയവും തുറക്കുകയും വേണമെന്ന് പാപ്പാ ഓർമ്മപ്പെടുത്തുകയും ചെയ്യുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

31 December 2022, 12:24