ഉക്രൈനിൽ പാപ്പായുടെ കാരുണ്യത്തിന്റെ മുഖമായി കർദ്ദിനാൾ ക്രയേവ്സ്കി
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
റഷ്യ ഉക്രൈൻ യുദ്ധത്തിൽ തകർച്ചകളും നഷ്ടങ്ങളും നേരിട്ട ഉക്രൈനിലെ സാധാരണ ജനജീവിതം, ശൈത്യകാലത്തിന്റെ വരവോടെ കൂടുതൽ ബുദ്ധിമുട്ടിലായ അവസരത്തിൽ ജനറേറ്ററുകളും തെർമൽ വസ്ത്രങ്ങളുമായി ഉക്രൈനിലേക്ക് യാത്രയായ, വത്തിക്കാൻ ഉപവിപ്രവർത്തനങ്ങൾക്കായുള്ള ഡിക്കസ്റ്ററിയുടെ അധ്യക്ഷൻ കർദ്ദിനാൾ കോൺറാഡ് ക്രയേവ്സ്കി റോമിലേക്ക് യാത്ര തിരിച്ചു. ഏതാണ്ട് ഒരാഴ്‌ച നീണ്ട നിയോഗത്തിന് ശേഷമാണ് അദ്ദേഹം മടങ്ങുന്നത്.
ഉക്രൈനിലെ ജനങ്ങൾക്ക് കുടിവെള്ളവും കരണ്ടുമുൾപ്പെടെയുള്ള ഊർജ്ജസഹായങ്ങൾ ലഭ്യമല്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, തന്റെ സേവനത്തിലൂടെ പാപ്പായ്ക്ക് ഉക്രൈൻ ജനതയോട് കൂടെ പ്രാർത്ഥിക്കാനും അവരുടെ സഹനത്തിൽ പങ്കു ചേരാനും സാധിച്ചതിൽ ഫ്രാൻസിസ് പാപ്പാ തനിക്ക് നന്ദി അറിയിച്ചതായി പറഞ്ഞു. ഡിസംബർ 17 മുതൽ ആരംഭിച്ച ഈ യാത്ര പാപ്പായും വിവിധ രീതികളിൽ പിന്തുടരുന്നുണ്ടായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വത്തിക്കാൻ ന്യൂസുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് കർദ്ദിനാൾ ക്രയേവ്സ്കി ഈ വിവരങ്ങൾ പങ്കുവച്ചത്. ഉക്രൈനിൽനിന്ന് റോമിലേക്കുള്ള യാത്രയുടെ ഭാഗമായി, കിയെവിൽ നിന്ന് ഉക്രൈനിലെ തന്നെ ലെയോപൊളി എന്ന നഗരത്തിലേക്കുള്ള യാത്രയിലായിരുന്നു അദ്ദേഹം.
കിയെവിൽ നിന്ന് എൺപതു കിലോമീറ്ററുകൾ അകലെയുള്ള ഫാസ്റ്റിവ് എന്ന സ്ഥലത്ത്, ഡൊമിനിക്കൻ വൈദികരുടെ മേൽനോട്ടത്തിലുള്ള ഒരു ഇടവകയിലാണ് അദ്ദേഹം ക്രിസ്തുമസ് ആഘോഷങ്ങൾ നടത്തിയത്. യുദ്ധത്തിന്റെ ആദ്യകാലം മുതൽ അഭയാർത്ഥികൾക്കായി അവിടെ ഒരു കേന്ദ്രം സ്ഥാപിച്ചിരുന്നു.
ഉക്രൈനിലെ കാരിത്താസ് വഴിയാണ് തെർമൽ വസ്ത്രങ്ങൾ വിതരണം ചെയ്തത്. കിയെവിൾത്തന്നെയുള്ള മിഷനറീസ് ഓഫ് ചാരിറ്റി സിസ്റ്റർമാർ നടത്തുന്ന ഒരു ഭവനത്തിലും, കപ്പൂച്ചിൻ വൈദികരുടെ ഭവനത്തിലും ഉൾപ്പെടെ നിരവധിയിടങ്ങളിൽ കർദ്ദിനാൾ സന്ദർശനം നടത്തി. ഉക്രൈനിലെ പലയിടങ്ങളിലും ഇപ്പോഴും ഊർജ്ജപ്രതിസന്ധി നിലനിൽക്കുന്നുണ്ടെന്നും, ജനറേറ്ററുകൾ ഉപയോഗിച്ചാണ് അവർ മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: