തിരയുക

കർദിനാൾ റാനിയേറോ കാന്തലമേസ്സ ആഗമനകാല ധ്യാനപ്രഭാഷണമധ്യേ കർദിനാൾ റാനിയേറോ കാന്തലമേസ്സ ആഗമനകാല ധ്യാനപ്രഭാഷണമധ്യേ 

ക്രിസ്തുമസിന് പരിശുദ്ധ മറിയം യേശുവിനെ നമ്മുടെ കൈകളിൽ ഏല്പിക്കുന്നു

ഫ്രാൻസിസ് മാർപാപ്പയ്ക്കും റോമൻ കുരിയയിലെ അംഗങ്ങൾക്കും കർദിനാൾ റാനിയേറോ കാന്തലമെസ്സ തന്റെ മൂന്നാമത്തെ ആഗമന പ്രസംഗം നടത്തുകയും ഈ ക്രിസ്തുമസ് കാലഘട്ടത്തിൽ യേശുവിലൂടെയുള്ള ദൈവസ്നേഹത്തെ നമ്മുടെ ജീവിതത്തിലേക്ക് സ്വാഗതം ചെയ്യാൻ നമ്മെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

യോഹന്നാൻ ശ്ലീഹയുടെ ഒന്നാം ലേഖനം നാലാം അധ്യായം പന്ത്രണ്ടും പത്തൊൻപതും തിരുവചങ്ങൾ ഉദ്ധരിച്ചുകൊണ്ട് നമ്മുടെ സ്നേഹത്തിന്റെ അടിസ്ഥാനം ദൈവസ്നേഹമാണെന്ന് കർദിനാൾ പറഞ്ഞു വച്ചു. അതിനാൽ നമ്മുടെ സ്വന്തം പ്രയത്നത്തിന്റെ ഫലത്തേക്കാൾ, ദൈവത്തിൻറെ സൗജന്യ സ്നേഹത്തിലുള്ള പങ്കാളിത്തമാണ് ഉപവിപ്രവർത്തനങ്ങളുടെ  ദൈവശാസ്ത്രപരമായ അസ്തിത്വം. എന്നാൽ ജീവിതത്തിലെ നിരാശകൾ നമ്മെ ജാഗ്രതയുള്ളവരാക്കുകയും സ്നേഹബന്ധങ്ങളിൽ വിള്ളലുകൾ സൃഷ്ടിക്കുകയും ചെയ്യുന്നതിനാൽ, സ്നേഹത്തിൽ വിശ്വസിക്കാൻ നാം കുട്ടികളെപ്പോലെയാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുട്ടികൾ സ്നേഹത്തിൽ വിശ്വസിക്കുന്നു, പക്ഷേ യുക്തിയുടെ അടിസ്ഥാനത്തിലല്ല. സഹജാവബോധത്താൽ, സ്വഭാവത്താൽ അവർ ആ സ്നേഹത്തിലേക്ക് ജനിച്ചുവീഴുന്നു എന്നുതന്നെ പറയാം. ഈ സ്നേഹത്തിന്റെ അടിസ്ഥാനത്തിലാണ് അവർ മാതാപിതാക്കളോട് അവർക്കാവശ്യമായ കാര്യങ്ങൾ ചോദിക്കുന്നതും അവ നേടിയെടുക്കുന്നതും.

ഈ സ്നേഹബന്ധത്തിന്റെ ദൈവികതയാണ് കർദിനാൾ ചൂണ്ടിക്കാണിക്കുന്നത്, പിതാവും പുത്രനും തമ്മിൽ പങ്കിടുന്ന സ്നേഹമായതിനാൽ, ദൈവത്തിന്റെ സ്നേഹത്തെ സ്വാഗതം ചെയ്യാൻ പരിശുദ്ധാത്മാവ് നമ്മെ അനുവദിക്കുന്നു. വിശുദ്ധ ആഗസ്‌തീനോസ് വിശുദ്ധന്മാരുടെ കൂട്ടായ്മ എന്ന് വിളിച്ചിരുന്ന സഭയുടെ സ്വഭാവത്തിന്റെ ഒരു പ്രധാന ഘടകമാണ് ഉപവിപ്രവർത്തനങ്ങളെന്ന് കർദിനാൾ കാന്തലമെസ്സ തുടർന്നു പറയുന്നു. ലൗകികമായതെല്ലാം നശിക്കുമ്പോഴും നിലനിൽക്കുന്ന വലിയ പുണ്യമാണ് ഉപവി. കാരണം അത് സുവിശേഷം നനച്ച മണ്ണിൽത്തന്നെ ജനിച്ചതാണ്. നമ്മൾ മറ്റുള്ളവരുമായി ഇടപഴകുമ്പോൾ, ദൈവത്തോടും അയൽക്കാരനോടും ഉള്ള സ്നേഹം മനുഷ്യ വ്യക്തിയുടെ നന്മയായി പ്രതിഫലിക്കുന്നു. അത് കൃത്രിമബുദ്ധിയോ ഏതെങ്കിലും സാങ്കേതിക പുരോഗതിയോ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കാൻ കഴിയില്ല. നമുക്ക് ഒരു കൃത്രിമ ബുദ്ധിയെ സങ്കൽപ്പിക്കാൻ കഴിയും: എന്നാൽ നമുക്ക് ഒരു കൃത്രിമ പ്രണയത്തെക്കുറിച്ച് സങ്കൽപ്പിക്കാൻ കഴിയുമോ? ഒരുപക്ഷേ ഇവിടെയാണ് നാം മനുഷ്യന്റെ പ്രത്യേകതയും അവന്റെ അല്ലെങ്കിൽ അവളുടെ അവിഭാജ്യമായ ഗുണവും സ്ഥാപിക്കേണ്ടത്. കർദിനാൾ ശക്തമായ ഭാഷയിൽ പറഞ്ഞു.

തന്റെ ആഗമനകാല സന്ദേശം ഉപസഹരിച്ചുകൊണ്ട് നമ്മുടെ ഹൃദയത്തിലേക്ക് കടന്നു വരുന്ന ഉണ്ണിയേശു നമ്മുടെ വാതിൽക്കൽ മുട്ടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കന്യകാമാതാവ് എങ്ങനെയാണ് യേശുവിനെ ലോകത്തിന് സമർപ്പിക്കുവാൻ ശ്രമിക്കുന്നതെന്നും അവനെ സ്വീകരിക്കുന്നതിന് നാം എങ്ങനെ കുട്ടികളെപോലെ ആയിരിക്കണമെന്നതിനും ഉദാഹരണമായി ഒരു കഥയോടെ അദ്ദേഹം തന്റെ വാക്കുകൾ അവസാനിപ്പിച്ചു.

ആ കഥ ഇപ്രകാരമായിരുന്നു: ക്രിസ്മസ് രാവിൽ കുട്ടിയെ കാണാൻ പോയ ഇടയന്മാരിൽ, അമ്മയ്ക്ക് നൽകാൻ ഒന്നുമില്ലാതെ ദരിദ്രനായ ഒരു ആട്ടിടയൻ ഉണ്ടായിരുന്നു, അവൻ ലജ്ജയോടെ മാറി നിന്നുവെന്ന് ഒരു ഐതിഹ്യം പറയുന്നു. മറിയത്തിന് സമ്മാനം നൽകാൻ എല്ലാവരും മത്സരിച്ചു. കുഞ്ഞായ യേശുവിനെ കൈകളിൽ പിടിക്കേണ്ടിവന്ന അമ്മയ്ക്ക് സമ്മാനങ്ങളെല്ലാം സ്വന്തം കൈയിൽ  താങ്ങാനായില്ല. ശൂന്യമായ കൈകളോടെ തന്റെ അടുത്തിരിക്കുന്ന ചെറിയ ഇടയനെ കണ്ട അവൾ  കുട്ടിയെ എടുത്ത് അവന്റെ കൈകളിൽ കിടത്തുന്നു. ഒന്നുമില്ലാത്തത് അവന്റെ ഭാഗ്യമായിരുന്നു. ഈ ഭാഗ്യം നമ്മുടെ ശൂന്യതകളിലും, ഒന്നുമില്ലാത്ത അവസ്ഥകളിലും വന്നുചേരും.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 ഡിസംബർ 2022, 16:27