തിരയുക

ഫ്രാൻസിസ് പാപ്പായും ആർച്ച്ബിഷപ് ക്ലൗദിയോ ഗുജെറോത്തിയും - ഫയൽ ചിത്രം ഫ്രാൻസിസ് പാപ്പായും ആർച്ച്ബിഷപ് ക്ലൗദിയോ ഗുജെറോത്തിയും - ഫയൽ ചിത്രം 

പൗരസ്ത്യസഭകൾക്കായുള്ള ഡികാസ്റ്ററിക്ക് പുതിയ പ്രീഫെക്ട്: ആർച്ച്ബിഷപ് ക്ലൗദിയോ ഗുജെറോത്തി

പൗരസ്ത്യസഭകൾക്കായുള്ള ഡികാസ്റ്ററിയുടെ സ്ഥാനമൊഴിയുന്ന പ്രീഫെക്ട്, കർദ്ദിനാൾ ലെയൊനാർദോ സാന്ദ്രി പിതാവിന് പകരം, ഗ്രേറ്റ് ബ്രിട്ടനിലേക്കുള്ള വത്തിക്കാൻ അപ്പസ്തോലിക നൂൺഷ്യോ ആർച്ച്ബിഷപ് ക്ലൗദിയോ ഗുജെറോത്തിയെ ഡികാസ്റ്ററിയുടെ പുതിയ പ്രീഫെക്റ്റായി ഫ്രാൻസിസ് പാപ്പാ നിയമിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

കത്തോലിക്കാസഭയിലെ പൗരസ്ത്യസഭകൾക്കായുള്ള വത്തിക്കാൻ ഡികാസ്റ്ററിയുടെ പുതിയ തലവനായി ഇറ്റലിയിലെ വെറോണ നഗരത്തിൽനിന്നുള്ള വത്തിക്കാൻ നയതന്ത്രജ്ഞൻ ആർച്ച്ബിഷപ് ക്ലൗദിയോ ഗുജെറോത്തിയെ ഫ്രാൻസിസ് പാപ്പാ നിയമിച്ചു. 2007 മുതൽ ഈ സ്ഥാനം വഹിച്ചിരുന്നത് കർദ്ദിനാൾ ലെയൊനാർദോ സാന്ദ്രിയായിരുന്നു. കഴിഞ്ഞ ദിവസം അദ്ദേഹത്തിന് 79 വയസ്സായതിനെത്തുടർന്നാണ് പുതിയ നിയമനം. എമെറിറ്റസ് പാപ്പാ ബെനഡിക്ട് പതിനാറാമനാണ് കർദ്ദിനാൾ സാന്ദ്രിയെ പൗരസ്ത്യസഭകൾക്ക് വേണ്ടിയുള്ള അന്നത്തെ കോൺഗ്രിഗേഷന്റെ പ്രീഫെക്ട് ആയി 2007-ൽ നിയമിച്ചത്. 2014-ൽ ഫ്രാൻസിസ് പാപ്പാ ഈ നിയമനം പുതുക്കിയിരുന്നു. ജനുവരി പകുതിയോടെയായിരിക്കും പുതിയ പ്രീഫെക്ട് സ്ഥാനമേറ്റെടുക്കുക.

പുതിയ തലവൻ

1955-ൽ വെറോണയിൽ ജനിച്ച ആർച്ച്ബിഷപ് ഗുജെറോത്തി, 1982-ലാണ് വെറോണ രൂപതയിലെ വൈദികനായി അഭിഷേകം ചെയ്യപ്പെട്ടത്. റോമിലെ ആൻസെൽമോ യൂണിവേഴ്സിറ്റിയിൽനിന്ന് ലിറ്റർജിയിൽ ലൈസെൻഷിയേറ്റ് എടുത്തതിന് ശേഷം പൊന്തിഫിക്കൽ ഓറിയന്റൽ ഇന്സ്ടിട്യൂട്ടിൽനിന്ന് സഭാവിജ്ഞാനീയത്തിൽ ഡോക്ടറേറ്റ് നേടി. തുടർന്ന്, വെനീസ് യൂണിവേഴ്സിറ്റിയിലും, പാദുവയിലും, റോമിലെ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റി, പൊന്തിഫിക്കൽ ഓറിയന്റൽ ഇന്സ്ടിട്യൂട്ട് എന്നിവിടങ്ങളിൽ പഠിപ്പിച്ചിട്ടുണ്ട്.

പരിശുദ്ധസിംഹാസനത്തിന് കീഴിൽ

1985 മുതൽ പരിശുദ്ധസിംഹാസനത്തിന്റെ കീഴിൽ പൗരസ്ത്യസഭകൾക്കായുളള കോൺഗ്രിഗേഷനിൽ സേവനം ആരംഭിച്ചു. 1997-ൽ ഈ കോൺഗ്രിഗേഷന്റെ അണ്ടർസെക്രെട്ടറിയയായി തിരഞ്ഞെടുക്കപ്പെട്ടു. 1990 മുതൽ 2001 വരെ പൊന്തിഫിക്കൽ ലിറ്റർജിക്കൽ കാര്യങ്ങൾക്കായുള്ള ആലോചനസമിതിയംഗമായി സേവനമനുഷ്ഠിച്ചു. 2001-ൽ റവെല്ലോയുടെ സ്ഥാനിക മെത്രാനും, ജോർജിയ, അർമേനിയ, അസർബൈജാൻ എന്നിവിടങ്ങളിലേക്കുള്ള അപ്പസ്തോലിക നൂൺഷ്യോ ആയും തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തെ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ 2002 ജനുവരി ആറിന് ആർച്ച്ബിഷപ്പായി അഭിഷേകം ചെയ്തു. പിന്നീട് 2011-ൽ ബെലാറൂസിലേക്കും, 2020-ൽ ഗ്രേറ്റ് ബ്രിട്ടനിലേക്കും അദ്ദേഹം നൂൺഷ്യോ ആയി നിയമിക്കപ്പെട്ടു.

പൗരസ്ത്യസാഹിത്യത്തിലും ഭാഷകളിലും ഉപരിപഠനം നടത്തിയിട്ടുള്ള ആർച്ച്ബിഷപ് ഗുജെറോത്തി, അർമേനിയൻ ഭാഷയിൽനിന്നുള്ള തർജ്ജിമകൾക്ക് പുറമെ, നിരവധി പുസ്തകങ്ങളും എഴുതിയിട്ടുണ്ട്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 November 2022, 22:45