തിരയുക

ആർച്ച്ബിഷപ്പ് ഗബ്രിയേലെ കാച്ച (Gabriele Caccia),ഐക്യരാഷ്ട്രസഭയിൽ പരിശുദ്ധസിംഹാസനത്തിൻറെ സ്ഥിരം നിരീക്ഷകൻ ആർച്ച്ബിഷപ്പ് ഗബ്രിയേലെ കാച്ച (Gabriele Caccia),ഐക്യരാഷ്ട്രസഭയിൽ പരിശുദ്ധസിംഹാസനത്തിൻറെ സ്ഥിരം നിരീക്ഷകൻ 

അന്താരാഷ്ട്രനിയമ സമിതിയ്ക്ക് പരിശുദ്ധസിംഹാസനത്തിൻറെ അഭിനന്ദനം!

ന്യുയോർക്കിൽ, ഐക്യരാഷ്ട്രസഭയിൽ പരിശുദ്ധസിംഹാസനത്തിൻറെ സ്ഥിരം നിരീക്ഷകനായ ആർച്ച്ബിഷപ്പ് ഗബ്രിയേലെ കാച്ച. ഈ സംഘടനയുടെ പൊതുസഭയുടെ എഴുപത്തിയേഴാമത് യോഗത്തെ വ്യാഴാഴ്ച (27/10/22) സംബോധന ചെയ്തു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

മൗലിക മൂല്യങ്ങളുടെ സംരക്ഷണത്തിനായി അന്താരാഷ്ട്രനിയമത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന “യൂസ് കോജെൻസ്” (ius cogens) എന്നറിയപ്പെടുന്ന മാമൂലാനുസൃത നിയമങ്ങളെ പരിശുദ്ധസിംഹാസനം എന്നും പിന്തുണച്ചിട്ടുണ്ടെന്ന് ആർച്ച്ബിഷപ്പ് ഗബ്രിയേലെ കാച്ച.

ന്യുയോർക്കിൽ, ഐക്യരാഷ്ട്രസഭയിൽ പരിശുദ്ധസിംഹാസനത്തിൻറെ സ്ഥിരം നിരീക്ഷകനായ അദ്ദേഹം ഈ സംഘടനയുടെ പൊതുസഭയുടെ എഴുപത്തിയേഴാമത് യോഗത്തിൽ വ്യാഴാഴ്ച (27/10/22) അന്താരാഷ്ട്രനിയമവികസനത്തെ അധികരിച്ച് സംസാരിക്കുകയായിരുന്നു.

"അന്താരാഷ്ട്ര നിയമത്തിൻറെ പടിപിടയായുള്ള വികസനവും അതിൻറെ ക്രോഡീകരണവും" മുന്നോട്ട് കൊണ്ടുപോകുന്നതിനായി നടത്തിയ വിപുലമായ പ്രവർത്തനത്തിന് അന്താരാഷ്ട്രനിയമ സമിതിയെ പരിശുദ്ധസിംഹസാനം അഭിനന്ദിക്കുന്നതായി ആർച്ച്ബിഷപ്പ് കാച്ച അറിയിച്ചു. അതോടൊപ്പം തന്നെ അന്താരാഷ്ട്ര നിയമത്തിൻറെ അലംഘനീയ നിയമങ്ങളുടെ ഉള്ളടക്കം ഓരോന്നായി എണ്ണിപ്പറയാതെ തന്നെ അവ അവതരിപ്പിക്കുന്നതിന് രാഷ്ട്രങ്ങളെ സഹായിക്കുന്നതിനു വേണ്ടി ചില വ്യാഖ്യാന നിയമങ്ങൾ വികസിപ്പിക്കേണ്ടതിൻറെ അടിയന്തരാവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടുകയും ചെയ്തു.

പൊതുവായ മൂല്യങ്ങളിൽ അധിഷ്ഠിതമായിരിക്കണം അന്താരഷ്ട്രസമൂഹം എന്ന് മുൻവ്യവസ്ഥ ചെയ്യുന്നതും വിഭാവനം ചെയ്യുന്നതുമാണ് “യൂസ് കോജെൻസ്” എന്ന ആശയമെന്ന് ആർച്ച്ബിഷപ്പ് കാച്ച പറഞ്ഞു. അതായത്, പരുക്കൻ ശക്തിയെ അല്ല, മറിച്ച് നമ്മുടെ പൊതുവായ മനുഷ്യപ്രകൃതിയുടെ വെളിച്ചത്തിൽ എല്ലാവരും പങ്കിടുന്ന ധാർമ്മിക മൂല്യങ്ങളെ, അടിസ്ഥാനമാക്കിയുള്ള ഒരു അന്താരാഷ്ട്ര പൊതുക്രമമാണ് വിഭാവനം  ചെയ്യുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു.

എല്ലാ രാഷ്ട്രങ്ങളും തമ്മിൽ യഥാർത്ഥത്തിൽ പങ്കുവയ്ക്കുന്ന അവശ്യ തത്വങ്ങൾക്കും നിയമങ്ങൾക്കും സംവരണം ചെയ്യുമ്പോൾ മാത്രമേ “യൂസ് കോജെൻസ്” എന്ന ആശയം ഉപയോഗപ്രദമാകൂ എന്നും, പ്രസ്തുത ആശയത്തെ വിമതവീക്ഷണങ്ങളെ തള്ളിക്കളയുന്നതിനു വേണ്ടി രാഷ്ട്രീയ വാദത്തിനുള്ള ഉപകരണമാക്കുന്ന പക്ഷം അതിൻറെ മൂല്യം നഷ്ടപ്പെടുമെന്നും ആർച്ച്ബിഷപ്പ് കാച്ച കൂട്ടിച്ചേർത്തു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 October 2022, 12:24