തിരയുക

ആർച്ചുബിഷപ്പ് ഗബ്രിയേലെ കാച്ച, ഐക്യരാഷ്ട്രസഭയിൽ പരിശുദ്ധസിംഹാസനത്തിൻറെ സ്ഥിരം നിരീക്ഷകൻ ആർച്ചുബിഷപ്പ് ഗബ്രിയേലെ കാച്ച, ഐക്യരാഷ്ട്രസഭയിൽ പരിശുദ്ധസിംഹാസനത്തിൻറെ സ്ഥിരം നിരീക്ഷകൻ 

ആയുധക്കടത്തിനെതിരെ വീണ്ടും സ്വരമുയർത്തി വത്തിക്കാൻ!

വത്തിക്കാൻ പ്രതിനിധി ആർച്ചുബിഷപ്പ് ഗബ്രിയേലെ കാച്ച., ഐക്യരാഷ്ട്രസംഘടനയുടെ പൊതുസമ്മേളനത്തിൻറെ എഴുപത്തിയേഴാമത് യോഗത്തിൻറെ പ്രഥമ സമിതിയെ, ന്യുയോർക്കിൽ വച്ച് തിങ്കളാഴ്ച സംബോധന ചെയ്തു, അനധികൃത ആയുധ വ്യാപാരം തടയുന്നതിനുള്ള എല്ലാ നടപടികൾക്കും പരിശുദ്ധസിംഹാസനത്തിൻറെ പിന്തുണ ആവർത്തിച്ചു പ്രഖ്യാപിച്ചു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

അനധികൃത ആയുധക്കടത്തും അക്രമവും തമ്മിൽ അഗാധ ബന്ധമുണ്ടെന്നും ചെറുകിട ആയുധങ്ങളുടെയും ലഘുവായുധങ്ങളുടെയും അനധികൃത വ്യാപാരം തടയുന്നതിനും ഇല്ലാതാക്കുന്നതിനുമുള്ള ബഹുമുഖയത്നങ്ങൾക്ക് പരിശുദ്ധസിംഹാസനം പിന്തുണ ആവർത്തിച്ചു പ്രഖ്യാപിക്കുന്നുവെന്നും വത്തിക്കാൻ പ്രതിനിധി ആർച്ചുബിഷപ്പ് ഗബ്രിയേലെ കാച്ച.

ഐക്യരാഷ്ട്രസഭയിൽ പരിശുദ്ധസിംഹാസനത്തിൻറെ സ്ഥിരം നിരീക്ഷകനായ അദ്ദേഹം, ഐക്യരാഷ്ട്രസംഘടനയുടെ പൊതുസമ്മേളനത്തിൻറെ എഴുപത്തിയേഴാമത് യോഗത്തിൻറെ പ്രഥമ സമിതിയെ, ന്യുയോർക്കിൽ വച്ച് തിങ്കളാഴ്ച (24/10/22) സംബോധന ചെയ്യുകയായിരുന്നു.

വ്യക്തികൾക്കും സമൂഹത്തിനും അനിർവ്വചനീയ യാതനകകൾ ഏകുന്നതിന് പദ്ധതിയിടുന്നവർക്ക് മാരാകായുധങ്ങൾ വില്ക്കുന്നത് എന്തിന് എന്ന ചോദ്യത്തിനുള്ള ഉത്തരം, കേവലം പണം ആണ് എന്ന ഖേദകരമായ വസ്തുത ആർച്ചുബിഷപ്പ് കാച്ച ചൂണ്ടിക്കാട്ടി. ആകയാൽ മനുഷ്യജീവന് അതീവ മുൻഗണന നല്കുന്നതിനും സാമ്പത്തിക രാഷ്ട്രീയ താല്പര്യങ്ങളെ മറികടക്കുന്നതിനും അന്താരാഷ്ട്ര സമൂഹം എന്ന നിലയിൽ നാം കൈകോർക്കണമെന്ന് അദ്ദേഹം പറഞ്ഞു.

പരിമിതമായ നശീകരണ ശേഷിയുള്ളവയെന്നു പറയപ്പെടുന്ന ചെറു ആയുധങ്ങൾ ലോകത്തിൽ ലക്ഷക്കണക്കിനാളുകളുടെ ജീവൻ എടുക്കുന്നുണ്ടെന്നും നരകുലത്തിനു മേൽ അതുളവാക്കുന്ന ഭയാനക ആഘാതം വ്യാപകവും വിനാശകരവുമാണെന്നും ആർച്ച്ബിഷപ്പ് കാച്ച വ്യക്തമാക്കുന്നു. അനധികൃത ആയുധക്കടത്ത് പ്രധാനമായും ഭീകരരുടെയും കുറ്റകൃത്യ സംഘങ്ങളുടെയും മനുഷ്യക്കടത്തുകാരുടെയും മയക്കുമരുന്നുകടത്തുകാരുടെയും ഒക്കെ കൈകളിലാണെന്ന വസ്തുത ചൂണ്ടിക്കാട്ടുന്ന അദ്ദേഹം ഇത് എങ്ങും വിദ്വേഷപ്രവർത്തനങ്ങളുടെ വേരുപിടിക്കുന്നതിന് കാരണമാകുമെന്ന് പറയുന്നു.

ചെറു ആയുധങ്ങളുടെയും ലഘു ആയുധങ്ങളുടെയും കടത്ത് വ്യാപകമാകുന്നത് പൂർണ്ണമായി ഇല്ലാതാക്കുന്നതും സമഗ്രവികസനവും സമാധാനവുമായി ബന്ധമുണ്ടെന്ന് സമാധാനത്തിൻറെ പുതിയ പേരാണ് വികസനം എന്ന വിശുദ്ധ പോൾ ആറാമൻ പാപ്പായുടെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് ആർച്ചുബിഷപ്പ് കാച്ച വിശദീകരിച്ചു. ആകയാൽ അക്രമത്തെ വേരോടെ പിഴുതെറിയേണ്ടതും മനുഷ്യജീവനെന്ന ഏറ്റം അനർഘമായ ദാനത്തെ സംരക്ഷിക്കുന്ന സമാധാന സംസ്കൃതി പരിപോഷിപ്പിക്കുകയും ചെയ്യുക സുപ്രധാനമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 ഒക്‌ടോബർ 2022, 15:04