തിരയുക

ഫ്രാൻസിസ് പാപ്പായും മോൺസിഞ്ഞോർ യാനുഷ് ഉർബാൻചികും - ഫയൽ ചിത്രം ഫ്രാൻസിസ് പാപ്പായും മോൺസിഞ്ഞോർ യാനുഷ് ഉർബാൻചികും - ഫയൽ ചിത്രം 

വധശിക്ഷയും പീഡനങ്ങളും സ്വീകാര്യമല്ല: പരിശുദ്ധ സിംഹാസനം

യൂറോപ്പിലെ സുരക്ഷയ്ക്കും സഹകരണത്തിനും വേണ്ടിയുള്ള സംഘടന (OSCE) യിലേക്കുള്ള പരിശുദ്ധ സിംഹാസനത്തിന്റെ സ്ഥിരം പ്രതിനിധി മോൺസിഞ്ഞോർ യാനുഷ് ഉർബാൻചിക് വാഴ്‌സാവിൽ കഴിഞ്ഞ ദിവസം നടത്തിയ പ്രഭാഷണത്തിന്റെ പ്രസക്തഭാഗങ്ങൾ.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

വധശിക്ഷയും കുറ്റവാളികളെന്ന് കരുത്തപ്പെടുന്നവർക്കെതിരായ പീഡനങ്ങളും മനുഷ്യാന്തസ്സിനെതിരായ പ്രവർത്തിയെന്ന് യൂറോപ്പിലെ സുരക്ഷയ്ക്കും സഹകരണത്തിനും വേണ്ടിയുള്ള സംഘടന (OSCE) യിലേക്കുള്ള പരിശുദ്ധ സിംഹാസനത്തിന്റെ സ്ഥിരം പ്രതിനിധി മോൺസിഞ്ഞോർ യാനുഷ് ഉർബാൻചിക് (Msgr Janusz Urbańczyk).

പോളണ്ടിലെ വാഴ്‌സാവ്‌ പട്ടണത്തിൽ നടന്നു വരുന്ന മാനവികമാനത്തെക്കുറിച്ചുള്ള വാഴ്‌സാവ്‌ കോൺഫെറെൻസിന്റെ ആറാമത് പ്ലീനറി സമ്മേളനത്തിൽ സംസാരിക്കവെ, കേസന്വേഷണങ്ങളുടെ ഭാഗമായി, കുറ്റകൃത്യങ്ങളിൽപ്പെട്ട ആളുകൾ ഏൽക്കേണ്ടിവരുന്ന പീഡനങ്ങൾ വ്യക്തികളുടെ അന്തസ്സിനെതിരായവയാണെന്ന് മോൺസിഞ്ഞോർ ഉർബാൻചിക് പ്രസ്താവിച്ചു.

ഗർഭസ്ഥാവസ്ഥ മുതൽ സ്വാഭാവിക മരണം വരെയുള്ള ഒരാളുടെ ജീവിതത്തിൽ, നിബന്ധനകളൊന്നുമില്ലാതെ അദ്ദേഹത്തിന്റെ അന്തസ്സ് മാനിക്കപ്പെടേണ്ടതാണെന്നാണ് പരിശുദ്ധസിംഹാസനം എപ്പോഴും അവകാശപ്പെടുന്നതെന്ന് ഓർമ്മിപ്പിച്ച വത്തിക്കാൻ പ്രതിനിധി, മനുഷ്യന്റെ സമഗ്രതയെ ലംഘിക്കുന്ന എല്ലാത്തരം പീഡനങ്ങളേയും തങ്ങൾ അപലപിക്കുന്നുവെന്ന് കൂട്ടിച്ചേർത്തു.

സത്യാന്വേഷണത്തിന്റെ ഭാഗമായി നടക്കുന്ന എല്ലാത്തരം പ്രവർത്തികളും, മനുഷ്യന്റെ അന്തസ്സും അവകാശങ്ങളും മാനിച്ചുകൊണ്ടുള്ളതാകണമെന്ന് മോൺസിഞ്ഞോർ ഉർബാൻചിക് ആവശ്യപ്പെട്ടു. ഈയൊരർത്ഥത്തിൽ, എത്ര വലിയ കുറ്റകൃത്യമാണ് നടന്നിരിക്കുന്നതെങ്കിലും, അന്വേഷണപ്രക്രിയയിൽ, പീഡനങ്ങൾക്കെതിരായ എല്ലാ നിയമങ്ങളും പാലിക്കപ്പെടുന്നുണ്ടെന്നത് ഉറപ്പുവരുത്തണം. വിചാരണയിലേക്ക് വിവരങ്ങൾ നേടുക എന്ന ഏക ഉദ്ദേശം മുന്നിൽ വച്ച് ആളുകളെ തടങ്കലിൽ വയ്ക്കുന്നതും ഇത്തരത്തിൽ അനുവദിക്കപ്പെടാൻ പാടില്ലെന്ന് പരിശുദ്ധസിംഹാസനത്തിന്റെ പ്രതിനിധി ഓർമ്മിപ്പിച്ചു.

കുറ്റകൃത്യം എത്ര വലുതാണെങ്കിലും, പ്രതിയായ ആളുടെ അന്തസ്സിനെ അത് പൂർണ്ണമായി ഇല്ലാതാക്കുന്നില്ലെന്നും, അതുകൊണ്ടുതന്നെ, എത്ര വലിയ അപരാധം ചെയ്ത ആളാണെങ്കിലും, അദ്ദേഹത്തിന് വധശിക്ഷ നൽകുന്നത്, മോചനം നേടാനുള്ള അയാളുടെ സാധ്യതകളെ എന്നന്നേക്കുമായി ഇല്ലാതാക്കുന്ന ഒന്നാണെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യരുടെ അലംഘനീയമായ അന്തസ്സിന്റെമേലുള്ള കടന്നുകയറ്റമാണ് വധശിക്ഷ എന്ന് ഓർമ്മിപ്പിച്ച മോൺസിഞ്ഞോർ ഉർബാൻചിക്, ലോകമാസകലം വധശിക്ഷ ഇല്ലാതാകുന്നതിനായി പരിശുദ്ധ സിംഹാസനം എന്നും ശ്രമിച്ചുകൊണ്ടിരിക്കുമെന്നും കൂട്ടിച്ചേർത്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 October 2022, 15:38