തിരയുക

 യുദ്ധം നശിപ്പിച്ച  ഭൂമി യുദ്ധം നശിപ്പിച്ച ഭൂമി 

യുദ്ധത്തിന്റെ ഭ്രാന്തവസാനിപ്പിക്കാനും അണുവായുധം നിരോധിക്കാനുമുള്ള പാപ്പായുടെ അഭ്യർത്ഥന ആവർത്തിച്ച് പരിശുദ്ധ സിംഹാസനം

ന്യൂയോർക്കിൽ ഐക്യരാഷ്ട്രസഭയിലെ പരിശുദ്ധ സിംഹാസനത്തിന്റെ സ്ഥിരം നിരീക്ഷകൻ യുക്രൈനിലെ വെടിനിർത്തലിനും നിരായുധീകരണത്തിനും അണുവായുധ നിരോധനത്തിനുമായുള്ള അടിയന്തിര അഭ്യർത്ഥന നടത്തി.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ഐക്യരാഷ്ട്രസഭയുടെ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് ആർച്ച് ബിഷപ്പ് ഗബ്രിയേലെ കാച്ച തകർക്കപ്പെട്ട യുക്രെയ്ന് വേണ്ടി സംക്ഷിപ്തവും ഹൃദയംഗവുമായ അഭ്യർത്ഥനയാണ് നടത്തിയത്.

"ഓരോ മണിക്കൂറും കടന്നു പോകുമ്പോൾ നിഷ്കളങ്കമായ ജീവനുകൾ എടുക്കുകയും ജനങ്ങളുടെ ഇടയിൽ മുറിവുകൾ വർധിപ്പിക്കുകയും അന്തർദേശീയ വ്യവസ്ഥകൾ അടിസ്ഥാനമായി കരുതുന്ന പരസ്പര വിശ്വാസം നശിപ്പിക്കുകയും ചെയ്യുന്ന ഈ സംഘർഷഭ്രാന്ത് അവസാനിപ്പിക്കുക, " അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ചൊവ്വാഴ്ച നടന്ന പ്രത്യേക അടിയന്തര സമ്മേളനത്തിൽ പരിശുദ്ധ സിംഹാസനത്തിന്റെ സ്ഥിരം പ്രതിനിധിയിലൂടെ പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പായുടെ വാക്കുകളാണ് പ്രതിധ്വനിച്ചത്.

ആയുധങ്ങൾ നിശബ്ദമാക്കാനും "ശക്തിപ്രയോഗത്താൽ അല്ല, ഉഭയ സമ്മതപ്രകാരമുള്ള പ്രശ്നപരിഹാരത്തിന് കൂടിയാലോചനകൾക്കായുള്ള ഉപാധികൾ തേടാനു"മുള്ള പാപ്പായുടെ അഭ്യർത്ഥന ഉദ്ധരിച്ചുകൊണ്ട് അത്തരം പ്രശ്നപരിഹാരങ്ങൾ മനുഷ്യജീവിതത്തിന്റെ അലംഘനീയമായ വിലയെയും ഓരോ രാജ്യത്തിന്റെയും പരമാധികാരത്തെയും പ്രാദേശിക അഖണ്ഡതയെയും ബഹുമാനിച്ചു കൊണ്ടും വേണമെന്ന് അദ്ദേഹം അടിവരയിട്ടു.  അപകടകരമായ നിലയിലേക്ക് യുദ്ധം നീങ്ങുന്നത് ഒഴിവാക്കാനും സംവാദത്തിന്റെ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നതിൽ നമുക്ക് ഓരോരുത്തർക്കും ഒരു പങ്കുവഹിക്കാൻ ഉണ്ട് എന്നും അദ്ദേഹം പറഞ്ഞു.

അണു യുദ്ധഭീഷണി

അണു യുദ്ധഭീഷണിയുടെ സാഹചര്യത്തിൽ ഈ വിളിയുടെ അടിയന്തരാവസ്ഥയെ കുറിച്ച് ആർച്ച് ബിഷപ്പ് തുടർന്നു പറഞ്ഞു. അതിനാൽ അക്രമത്തിന്റെ കൊടുങ്കാറ്റ് അവസാനിപ്പിക്കാനും നീതിയോടെയുള്ള സമാധാനപൂർവ്വമായ സഹവർത്തിത്വം പുനഃസ്ഥാപിക്കാനും യുദ്ധത്തിന്റെ അനന്തരഫലങ്ങൾ കരങ്ങളിൽ ഏന്തുന്നവരുടെ ഹൃദയങ്ങൾ എത്രയും വേഗം പരിവർത്തനം ചെയ്യപ്പെടേണ്ടതിന്റെ അടിയന്തരാവസ്ഥയും ആർച്ച് ബിഷപ്പ് അടിവരയിട്ടു. "ഇനി ഒരു യുദ്ധം വേണ്ട" എന്ന വി. പോളാറാമൻ പാപ്പായുടെ വാക്കുകൾ ഉദ്ധരിച്ചു കൊണ്ടാണ് ആർച്ച് ബിഷപ്പ് തന്റെ പ്രസംഗം അവസാനിപ്പിച്ചത്.

സമഗ്ര നിരായുധീകരണവും അണുവായുധ നിരോധനവും

അന്തർദേശീയ സുരക്ഷിതത്വവും നിരായുധീകരണവും സംബന്ധിച്ച കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന കമ്മിറ്റിയെ അഭിസംബോധന ചെയ്തു കൊണ്ട് നടത്തിയ മറ്റൊരു പ്രഭാഷണത്തിൽ ആർച്ച് ബിഷപ്പ് കാച്ച 1962 ലെ ക്യൂബൻ മിസൈൽ സംഘർഷത്തെ ഓർമ്മിപ്പിച്ചു. ആ സംഘർഷം അവസാനിപ്പിക്കാൻ കഴിഞ്ഞത് അണുവായുധ നിരോധനം വഴിയും നിരായുധീകരണം വഴിയും സംവാദവും പരസ്പര വിശ്വാസം കെട്ടിപ്പടുക്കലും വഴിയുമായിരുന്നു എന്ന് അദ്ദേഹം എടുത്തുപറഞ്ഞു. അണുവായുധ നിരോധനം സംബന്ധിച്ച് സമഗ്ര അണുവായുധ പരീക്ഷണ നിരോധനവും (Comprehensive Nuclear Test Ban Treaty)  ആണവ നിർവ്യാപന ഉടമ്പടിയും (Nuclear Non-Proliferation Treaty)

പരസ്പരം പൂരകമാകുന്ന  പ്രത്യാശയുടെ അടയാളമാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ പത്താമത് ആണവ നിർവ്യാപന ഉടമ്പടിക്ക് അഭിപ്രായ ഐക്യം ഉണ്ടാകാത്തതിൽ അദ്ദേഹം ആശങ്ക പ്രകടിപ്പിക്കുകയും  ആദ്യമായി ഈ വർഷം ലോക സൈനിക ചിലവുകൾ രണ്ട് ട്രില്യൻ ഡോളർ കഴിഞ്ഞുവെന്നതും അദ്ദേഹം അടയാളപ്പെടുത്തുകയും ചെയ്തു.

"ഈ ഹാനികരമായ ചെലവ് സമഗ്ര മനുഷ്യ വികസനത്തെ പ്രോത്സാഹിപ്പിക്കാനും എണ്ണമറ്റ ജീവൻ രക്ഷിക്കാനും കഴിയുന്ന വിഭവങ്ങൾ പാഴാക്കുകയാണ്" അദ്ദേഹം പറഞ്ഞു. 1965 ൽ  വിശുദ്ധ പോൾ ആറാമൻ പാപ്പാ ഐക്യരാഷ്ട്രസഭയുടെ പൊതുസമ്മേളനത്തിൽ നടത്തിയ പ്രഭാഷണത്തിലെ വാക്കുകൾ ആർച്ച് ബിഷപ്പ് കാച്ച ആവർത്തിച്ചു.

 "ഒരു വ്യക്തിക്ക് ആക്രമണാത്മകമായ ആയുധങ്ങൾ കൈയിൽവച്ചുകൊണ്ട് സ്നേഹിക്കാൻ കഴിയില്ല."

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 October 2022, 14:52