വത്തിക്കാനിൽ നിന്ന് ദീപാവലി സന്ദേശം!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ജനങ്ങൾക്കിടയിൽ സൗഹൃദവും കൂട്ടുത്തരവാദിത്വാരൂപിയും പരിപോഷിപ്പിക്കേണ്ടത് അത്യന്താപേക്ഷിതവും നിർണ്ണായകവുമാണെന്ന് മതാന്തരസംവാദത്തിനായുള്ള വത്തിക്കാൻ വിഭാഗം (DICASTERY FOR INTERRELIGIOUS DIALOGUE).
മതപരവും സാംസ്കാരികവും വംശീയവും ഭാഷാപരവുമായ സ്വത്വങ്ങളുടെയും മേൽക്കോയ്മകളുടെയും അടിസ്ഥാനത്തിൽ ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ പിരിമുറുക്കങ്ങളും സംഘർഷങ്ങളും അക്രമങ്ങളും വർദ്ധിച്ചുവരുന്നതാണ് ഇത് അനിവാര്യമാക്കിത്തീർക്കുന്നതെന്ന് ഈ മതാന്തരസംവാദത്തിനായുള്ള വിഭാഗം വിശദീകരിക്കുന്നു.
ഇക്കൊല്ലം ഒക്ടോബർ 24-ന് ആചരിക്കുന്ന ദീപാവലിയോടനുബന്ധിച്ച് വത്തിക്കാൻറെ മതാന്തരസംവാദത്തിനായുള്ള വിഭാഗം ഹൈന്ദവസഹോദരങ്ങൾക്ക് പതിവുപോലെ അയച്ച ദീപാവലി ആശംസാ സന്ദേശത്തിലാണ് ഈ ആവശ്യകത എടുത്തുകാട്ടിയിരിക്കുന്നത്. “ക്രൈസ്തവരും ഹൈന്ദവരും: സൗഹൃദവും കൂട്ടുത്തരവാദിത്വവും പരിപോഷിപ്പിക്കുന്നതിൽ ഒരുമയോടെ” എന്ന ശീർഷകത്തിലുളളതാണ് ഈ സന്ദേശം.
ഓരോരുത്തരുടെയും സകലരുടെയും നന്മയെ കരുതി സൗഹൃദവും കൂട്ടുത്തരവാദിത്വവും എപ്രകാരം ഒത്തൊരുമിച്ച് പരിപോഷിപ്പിക്കാനാകുമെന്ന് ക്രൈസ്തവരും ഹൈന്ദവരും ചിന്തിക്കേണ്ടിയിരിക്കുന്നുവെന്ന് ഈ സന്ദേശം പറയുന്നു. പരസ്പര കരുതലിനും സൃഷ്ടിയുടെ പരിപാലനത്തിനുമുള്ള ഉത്തരവാദിത്വം ഏറ്റെടുക്കുകയെന്നത് സൗഹൃദം പരിപോഷിപ്പിക്കുന്നതിൽ അടങ്ങിയിരിക്കുന്നുവെന്നും കൂട്ടായിരിക്കാനും ഊർജ്ജസ്വലനായിരിക്കാനുമുള്ള സിദ്ധിയും മറ്റുള്ളവരുടെ വ്യക്തിത്വത്തെയും വൈവിധ്യത്തെയും വ്യതിരിക്തതകളെയും ആദരവിൻറെയും സ്നേഹത്തിൻറെയും വിശ്വാസത്തിൻറെയും അരൂപിയിൽ എടുത്തുകൊണ്ട് അവർക്കിടയിൽ ജീവിക്കാനുള്ള കഴിവും അടങ്ങിയതാണ് സൗഹൃദം എന്നും ഈ സന്ദേശം വ്യക്തമാക്കുന്നു.
ഒരു വശത്ത് മനുഷ്യർക്കിടയിൽ സൗഹാർദ്ദപരവും സാഹോദര്യപരവും ആരോഗ്യകരവും പൊരുത്തമുള്ളതുമായ ബന്ധങ്ങളും മറുവശത്ത് അവരും പ്രകൃതിയും തമ്മിലുള്ള ബന്ധവും വാർത്തെടുക്കുന്ന പ്രവൃത്തിയും കലയുമാണ് സൗഹൃദം എന്നും ഈ സന്ദേശം പറയുന്നു. എല്ലാവർക്കും സമാധാനത്തോടും സന്തോഷത്തോടും കൂടി ജീവിക്കാൻ കഴിയുന്ന സുരക്ഷിത ഭവനമാക്കി ഈ ലോകത്തെ മാറ്റുന്നതിനുള്ള സൗഹൃദത്തിൻറെയും കൂട്ടുത്തരവാദിത്വത്തിൻറെയും മനോഭാവം വ്യക്തിഗതമായും കൂട്ടായും പ്രോത്സാഹിപ്പിക്കുന്നതിന് ക്രൈസ്തവർക്കും ഹൈന്ദവർക്കും മറ്റു മതപാരമ്പര്യങ്ങളുമായും സന്മനസ്സുള്ള സകലരുമായും കൈകോർക്കാൻ കഴിയട്ടെയെന്നും ദീപങ്ങളുടെ ഈ ഉത്സവം അവനവൻറെ മാത്രമല്ല കുടുംബത്തിലും സമൂഹങ്ങളിലും ആകമാന സമൂഹത്തിലുമുള്ള സകലരുടെയും ജീവിതങ്ങളെ ജ്വലിപ്പിക്കാനുള്ള കൃപയും സന്തോഷവും പ്രദാനം ചെയ്യട്ടെയെന്നും മതാന്തരസംവാദത്തിനായുള്ള വത്തിക്കാൻ വിഭാഗം ആശംസിക്കുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: