സമാധാനപദ്ധതികൾക്കെ മനുഷ്യന്റെ ഭാവി ഉറപ്പുള്ളതാക്കാനാകൂ: കർദ്ദിനാൾ പരോളിൻ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
ഉക്രൈനിലെ അക്രമങ്ങളുടെ അടിസ്ഥാനത്തിൽ, യുദ്ധവിരാമം സ്വാഗതാർഹം മാത്രമല്ല, അത് അത്യാവശ്യമുള്ളതും അടിയന്തിരവുമാണെന്ന് താൻ കരുതുന്നതായി വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയേത്രോ പരോളിൻ പ്രസ്താവിച്ചു. പക്ഷാപാതപരമായ താൽപ്പര്യങ്ങൾ, അക്രമങ്ങൾ, സാമ്പത്തികവും പ്രത്യയശാസ്ത്രപരവുമായ കോളനിവൽക്കരണം, കൈയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്ന മനഃസ്ഥിതി തുടങ്ങിയ "യുദ്ധത്തിന്റെ പദ്ധതികളാണ്" സമൂഹത്തിൽ നിലനിൽക്കുന്നതെങ്കിൽ നാം ഭാവിയില്ലാത്ത മനുഷ്യരാകുമെന്ന്, ഫ്രാൻസിസ് പാപ്പായുടെ വാക്കുകളെ അധികരിച്ച് കർദ്ദിനാൾ പരോളിൻ കൂട്ടിച്ചേർത്തു.
ഉക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ, ഫമിലിയ ക്രിസ്ത്യാന എന്ന ഇറ്റാലിയൻ ആഴ്ചപ്പതിപ്പിന് അനുവദിച്ച ഒരു അഭിമുഖസംഭാഷണത്തിൽ യുദ്ധത്തിന് ഉടൻ അറുതി വരണമെന്ന പാപ്പായുടെ അഭ്യർത്ഥന ശ്രവിക്കപ്പെടട്ടെയെന്ന് കർദിനാൾ ആശംസിച്ചു. ഒക്ടോബര് 13 ന് പുറത്തിറങ്ങിയ ലക്കത്തിലാണ് ഈ അഭിമുഖസംഭാഷണം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
"നീതിയിലും നിയമത്തിലും ആണ് സമാധാനം സൃഷ്ടിച്ചെടുക്കുന്നതെന്ന്", കർദ്ദിനാൾ ഓർമ്മിപ്പിച്ചു. ഈ സഹസ്രാബ്ദത്തിന്റെ തുടക്കത്തിൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പറഞ്ഞ, നീതി കൂടാതെ സമാധാനമില്ല, എന്നാൽ ക്ഷമയില്ലാതെ നീതിയുമില്ല എന്ന വാക്കുകൾ കർദ്ദിനാൾ ഉദ്ധരിച്ചു. ക്ഷമ ഒരു പരിവർത്തനം, അതായത്, പ്രവർത്തികളിൽ പ്രതിഫലിപ്പിക്കപ്പെടുന്ന, മനോഭാവത്തിന്റെ മാറ്റം ആവശ്യപ്പെടുന്നുണ്ടെന്ന് വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറി ഓർമ്മിപ്പിച്ചു. എല്ലാവരുടെയും ഭാഗത്തുനിന്ന് സമാധാനത്തിനുവേണ്ടിയുള്ള വ്യക്തമായ പ്രവർത്തങ്ങൾ ഇല്ലെങ്കിൽ, തിരിച്ചുവരവില്ലാത്ത ഒരു വിഷമസന്ധിയിലേക്ക് നാം വീണേക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഉക്രൈനിലെ അക്രമങ്ങളുടെ മുന്നിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന രക്തച്ചൊരിച്ചിലുകളേ മറക്കരുതെന്നും കർദ്ദിനാൾ ഓർമ്മിപ്പിച്ചു. സിറിയയിലും, യെമെനിലും, കിഴക്കൻ ഏഷ്യയിലും നടക്കുന്ന അക്രമങ്ങളെയും പ്രതിസന്ധികളെയും അദ്ദേഹം എടുത്തുപറഞ്ഞു. കൂടുതൽ അറിയപ്പെടാത്തവയാണെങ്കിലും, എല്ലാ യുദ്ധങ്ങളും ഒരുപോലെ വേദനാജനകമാണെന്നും, എല്ലാവരുടെയും ജീവൻ ഒരു പോലെ വിലയുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: