എമിരിത്തൂസ് പാപ്പാ ബനഡിക്ട്: രണ്ടാം വത്തിക്കാൻ സൂനഹദോസ് അർത്ഥഗർഭവും അത്യാവശ്യവുമായിരുന്നു
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
സഭ രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ 60 ആം വാർഷികം ആഘോഷിക്കുന്ന സന്ദർഭത്തിലാണ് എമിരിത്തൂസ് പാപ്പാ ബനഡിക്ട് പതിനാറാമൻ രണ്ടാം വത്തിക്കാൻ കൗൺസിൽ അർത്ഥഗർഭമായിരുന്നു എന്നു മാത്രമല്ല അത്യാവശ്യവും കൂടിയായിരുന്നു എന്നു പറഞ്ഞത്.
ഒക്ടോബർ 20 മുതൽ 21 വരെ "ജോസഫ് റാറ്റ്സിംഗറിന്റെ തിരുസഭാശാസ്ത്രം " എന്ന വിഷയത്തിൽ സിംപോസിയം നടത്തിയ സ്റ്റോയ്ബെൻവില്ലെയിലെ ഫ്രാൻസിസ്കൻ യൂണിവേഴ്സിറ്റിയുടെ തലവൻ, ഫാ. ദാവെ പിവോൺകയ്ക്ക് അയച്ച കത്തിലാണ് ഇക്കാര്യം പറഞ്ഞത്.
വത്തിക്കാനിലെ ജോസഫ് റാറ്റ്സിംഗർ - ബനഡിക്ട് പതിനാറാമൻ സ്ഥാപനമാണ് ഈ സംരംഭം സ്പോൺസർ ചെയ്തത്. റാറ്റ്സിംഗർ ഫൗണ്ടേഷന്റെ അദ്ധ്യക്ഷൻ, ഫാ. ഫെദെറിക്കോ ലൊംബാർദി ഈ കത്ത് സിംപോസിയത്തിൽ വായിച്ചു.
അത്യാവശ്യമാണെന്ന് തെളിഞ്ഞ ഒരു പുതിയ കൗൺസിൽ
വത്തിക്കാൻ കൗൺസിൽ നീക്കം കുറിച്ച മഹാ പ്രവാഹത്തോടു തന്റെ ചിന്താധാരകളും പരിശ്രമങ്ങളും കൂടി ചേർത്തുവച്ചു കൊണ്ട്, തന്റെ സഭാ ശാസ്ത്രത്തെ സംബന്ധിച്ച് അമേരിക്കയിലെ സറ്റോയ്ബെൻവില്ലെയിലെ ഫ്രാൻസിസ്കൻ യൂണിവേഴ്‌സിറ്റിയിൽ ഒരു അന്തർദ്ദേശിയ സിംപോസിയം നടക്കുന്നതിൽ താൻ ബഹുമാനിതനും സന്തോഷവാനുമാണെന്ന് ബനഡിക്ട് പതിനാറാമൻ എഴുതി.
താൻ ദൈവശാസ്ത്രം പഠിച്ചു തുടങ്ങിയ ജനുവരി1946 ൽ ആരും ഒരു എക്യുമെനിക്കൽ കൗൺസിലിനെക്കുറിച്ച് ചിന്തിച്ചിരുന്നില്ല. എല്ലാവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട് ജോൺ 23മൻ പാപ്പാ അത് പ്രഖ്യാപിച്ചപ്പോൾ കൗൺസിലിന്റെ ഉൾക്കാഴ്ചകളും ചോദ്യങ്ങളും മുഴുവൻ ഒരു കൗൺസിൽ വിവരണവുമായി ഒന്നിച്ച് കൊണ്ടുവരുന്നത് അർത്ഥവത്താകുമോ, യഥാർത്ഥത്തിൽ സാധ്യമാകുമോ എന്നും അങ്ങനെ സഭയുടെ മുന്നോട്ടുള്ള യാത്രയ്ക്ക് ഒരു ദിശാനിർദ്ദേശം നൽകാൻ കഴിയുമോ എന്നും സംശയം വച്ചു പുലർത്തിയിരുന്നവർ അനേകരുണ്ടായിരുന്നു എന്ന് കത്തിൽ പറയുന്നു. എന്നാൽ വസ്തവത്തിൽ ഒരു പുതിയ കൗൺസിൽ അർത്ഥവത്തായിരുന്നു എന്നു മാത്രമല്ല അത്യാവശ്യമായിരുന്നു എന്നും തെളിഞ്ഞുവെന്ന് ബനഡിക്ട് പതിനാറാമൻ രേഖപ്പെടുത്തുന്നു.
ആദ്യമായാണ് മതങ്ങളുടെ ഒരു ദൈവശാസ്ത്രത്തിന്റെ ആവശ്യം അത്യന്തികമായി പ്രത്യക്ഷമായത്. അതുപോലെ തന്നെയായിരുന്നു ബൗദ്ധീകലോകവും വിശ്വാസവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചെന്നും എമിരിത്തൂസ് പാപ്പാ സമ്മതിക്കുന്നു.
"ഈ രണ്ടു വിഷയങ്ങളും ഇത്തരത്തിൽ മുൻപൊരിക്കലും മുൻകൂട്ടി കണ്ടിരുന്നില്ല" ബനഡിക്ട് പതിനാറാമൻ എഴുതി. സഭയുടെ പ്രേഷിത ദൗത്യത്തെക്കുറിച്ച് പുതിയ ഒരു വ്യക്തത നൽകുന്നതിനേക്കാൾ കൂടുതൽ സഭയെ ഇളക്കിമറിക്കാനും കുലുക്കാനും ആദ്യകാലങ്ങളിൽ രണ്ടാം വത്തിക്കാൻ കൗൺസിൽ ഒരു ഭീഷണിയായി മാറിയതിന് കാരണം എന്തായിരുന്നുവെന്ന് അങ്ങനെ എമിരിത്തൂസ് പാപ്പാ വിശദീകരിച്ചു.
ഈ അന്തർദ്ദേശിയ സിംപോസിയം സഭയെക്കുറിച്ചം നമ്മുടെ കാലഘട്ടത്തിലെ ലോകത്തെക്കുറിച്ചുള്ള ശരിയായ ധാരണയ്ക്കായുള്ള തീവ്രയത്നത്തിൽ സഹായമായി തീരട്ടെ എന്ന് ആത്മാർത്ഥമായ പ്രത്യാശയും ബനഡിക്ട് പതിനാറാമൻ തന്റെ കത്തിൽ പങ്കുവച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: