കർദ്ദിനാൾ പരോളിൻ: യുദ്ധത്തിൻറെ വേരുപിടിച്ചിരിക്കുന്നത് ഔദ്ധത്യമാർന്ന മാനവ ഹൃദയത്തിൽ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
കസാഖിസ്ഥാനിലെ നൂർ സുൽത്താനിൽ ഫ്രാൻസീസ് പാപ്പായും പങ്കെടുക്കാൻ പോകുന്ന ലോകമതങ്ങളുടെയും പാരമ്പര്യ മതങ്ങളുടെയും നേതാക്കളുടെ ഏഴാം ലോക സമ്മേളനം, കൂടിക്കാഴ്ചയുടെയും സംഭാഷണത്തിൻറെയും അവസരമായി ഭവിക്കട്ടെയെന്ന് വത്തിക്കാൻ സംസ്ഥാന കാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിൻ.
ഫ്രാൻസീസ് പാപ്പാ തൻറെ മുപ്പത്തിയെട്ടാം വിദേശ അപ്പൊസ്തോലിക പര്യടനം ആരംഭിച്ചതിൻറെ തലേന്ന് കർദ്ദിനാൾ പരോളിൻ വത്തിക്കാൻ വാർത്താവിഭാഗത്തിന് അനുവദിച്ച അഭിമുഖത്തിൽ ആണ് ഉക്രൈയിൻ യുദ്ധത്തെക്കുറിച്ചു പരാമർശിച്ചുകൊണ്ട് ഇപ്രകാരം ആശംസിച്ചത്.
ഐക്യവും സമാധാനവും പാപ്പായുടെ കാസാഖ്സ്ഥാൻ സന്ദർശനത്തിൻറെ മുദ്രാവാക്യത്തിൽ അടങ്ങിയിരിക്കുകയും സമാധാനം മതനേതാക്കളുടെ 14,15 തീയതികളിലെ സമ്മേളനത്തിൻറെ ചർച്ചാവിഷയങ്ങളിൽ കേന്ദ്രസ്ഥാനത്തു വരുകയും ചെയ്യുന്നത് കർദ്ദിനാൾ പരോളിൻ അനുസ്മരിക്കുന്നു.
യുദ്ധം ഒരിക്കലും അനിവാര്യമായ ഒന്നല്ലെന്നും അതിൻറെ വേരുകൾ പൊങ്ങച്ചത്താലും ധാർഷ്ട്യത്താലും അഹങ്കാരത്താലും അത്യാഗ്രഹത്താലും നയിക്കപ്പെടുന്ന മാനവ ഹൃദയത്തിലാണെന്നും അത്തരമൊരു ഹൃദയം അപരനുവേണ്ടി തുറക്കാൻ കഴിയാത്തവിധം കഠിനമായിരിക്കുമെന്നും കർദ്ദിനാൾ പീയെത്രൊ പരോളിൻ പറയുന്നു.
കുറ്റാരോപണങ്ങളും ഭീഷണികളും പരസ്പരവിശ്വാസമില്ലായ്മയുടെ കാരണങ്ങളും ഇല്ലാതാക്കി ഒരു ചുവടു പിന്നോട്ടുവച്ചാൽ ഒഴിവാക്കാവുന്നതെയുള്ളൂ യുദ്ധമെന്ന് കർദ്ദിനാൾ പരോളിൻ വിശദീകരി്ക്കുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: