തിരയുക

വത്തിക്കാൻ  സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയത്രോ പരോളിൻ. വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയത്രോ പരോളിൻ. 

കർദ്ദിനാൾ പരോളിൻ റഷ്യയുടെ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ന്യൂയോർക്കിൽ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ പൊതുസമ്മേളനത്തിടെ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയത്രോ പരോളിൻ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവുമായി കൂടിക്കാഴ്ച നടത്തി.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

നമ്മൾ എപ്പോഴും സംവാദത്തിൽ ഏർപ്പെടണമെന്നും കാരണം എപ്പോഴും സംവാദത്തിലൂടെ നമുക്ക് കാര്യങ്ങൾ മാറ്റാൻ കഴിയുമെന്നും" കഴിഞ്ഞ ആഴ്ച കസാക്കിസ്ഥാനിൽ നിന്ന് റോമിലേക്കുള്ള യാത്ര മദ്ധ്യേ വിമാനത്തിൽ വച്ച് മാധ്യമപ്രവർത്തകരോടു സംസാരിക്കവെ ഫ്രാൻസിസ് പാപ്പാ സൂചിപ്പിച്ചിരുന്നു. പരിശുദ്ധ സിംഹാസനത്തിന്റെ നയതന്ത്ര ദൗത്യത്തെക്കുറിച്ച്, പ്രത്യേകിച്ച് യുക്രെയ്നിലെ റഷ്യയുടെ യുദ്ധത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു പാപ്പാ.

റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവുമായി വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തിയ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയത്രോ പരോളിൻ, ആ മാർഗ്ഗനിർദേശ തത്വത്തിന്റെ കൂടുതൽ തെളിവുകൾ നൽകുകയുണ്ടായി. ന്യൂയോർക്കിൽ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ പൊതു സമ്മേളനത്തിന്റെ ഇടയ്ക്കാണ് ഈ കൂടിക്കാഴ്ച നടന്നത്.

ആണവ പരീക്ഷണം നിരോധിക്കണമെന്ന് കർദ്ദിനാൾ പരോളിൻ

2022 ൽ സ്ഥാപിതമായ ഓസ്ട്രേലിയ, കാനഡ, ഫിൻലാൻഡ്, ജർമ്മനി, ജപ്പാൻ, നെതർലൻഡ്‌സ് എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന ഫ്രണ്ട്‌സ് ഓഫ് സിടിബിടിയുടെ പത്താം സമ്മേളനത്തിലും കർദ്ദിനാൾ സംസാരിച്ചു. ആ അവസരത്തിൽ, "ആഗോള സംഘർഷങ്ങൾ വർദ്ധിക്കുകയും ആണവായുധങ്ങളുടെ ഉപയോഗത്തെക്കുറിച്ച് ഭീഷണിപ്പെടുത്തുന്ന പ്രഭാഷണങ്ങൾ കേൾക്കുകയും ചെയ്യുമ്പോൾ, CTBT (സമഗ്ര ആണവ-പരീക്ഷണ നിരോധന ഉടമ്പടി) പ്രാബല്യത്തിൽ കൊണ്ടുവരുന്നത് എന്നത്തേക്കാളും നിർണ്ണായകമാണ്” എന്ന് അഭിപ്രായപ്പെട്ടു.

ആയുധങ്ങൾ നിശബ്ദമാകുമ്പോൾ സമാധാനം ആരംഭിക്കുന്നു

നിരായുധീകരണത്തിനായുള്ള ഫ്രാൻസിസ് പാപ്പയുടെ എണ്ണമറ്റ ആഹ്വാനങ്ങളെ പ്രതിധ്വനിപ്പിക്കുന്നതാണ് കർദ്ദിനാൾ പരോളിന്റെ ഈ പ്രസ്താവന. ബുധനാഴ്ച പോലും പൊതുജന കൂടിക്കാഴ്ചയിൽ ഫ്രാൻസിസ് പാപ്പാ യുക്രേനിയൻ ജനതയോടുള്ള സാമീപ്യവും പിന്തുണയും ആവർത്തിച്ചു. അവരെ "കുലീനരും രക്തസാക്ഷികളും" എന്നാണ് പാപ്പാ അവരെ വിശേഷിപ്പിച്ചത്.

എങ്ങനെയാണ് " ദാരുണമായ ഈ യുദ്ധത്തിൽ" ചിലർ "ആണവായുധങ്ങളെക്കുറിച്ച് ചിന്തിക്കുന്നത് ", എന്ന് അത്ഭുതപ്പെട്ട പാപ്പാ അതിനെ "ഒരു ഭ്രാന്ത്" എന്നാണ് വിശേഷിപ്പിച്ചത്.

യുദ്ധത്തിൽ തകർന്ന യുക്രെയിനിൽ നിന്ന് അടുത്തിടെ മടങ്ങിയെത്തിയ പാപ്പായുടെ ഉപവിപ്രവർത്തനങ്ങൾക്കായുള്ള ദാനകർത്താവ് കർദ്ദിനാൾ കോൺറാഡ് ക്രയൊവ്സ്കിയുടെ വിവരണവും പാപ്പാ അവിടെ അന്ന് സന്നിഹിതരായിരുന്നവരോടു പങ്കുവെച്ചു.

"ഈ ജനതയുടെ വേദനയെക്കുറിച്ചും അവരനുഭവിക്കുന്ന ക്രൂരമായ പ്രവൃത്തികൾ, പൈശാചികതകൾ, അവർ കണ്ടെത്തുന്ന പീഡനത്തിനിരയായ മൃതദേഹങ്ങൾ എന്നിവയെക്കുറിച്ച് കർദ്ദിനാൾ ക്രയെവ്സ്കി എന്നോടു പറഞ്ഞു," എന്ന് പാപ്പാ വെളിപ്പെടുത്തി.

"നമുക്ക്  മറക്കാതിരിക്കാം:  സമാധാനം സാധ്യമാകുന്നത് ആയുധങ്ങൾ നിശബ്ദമാകുകയും സംവാദം ആരംഭിക്കുകയും ചെയ്യുമ്പോഴാണ്!" എന്ന് സൂചിപ്പിച്ച് കൊണ്ട് നമുക്ക് മുന്നിലുള്ള ഒരേയൊരു പാതയെക്കുറിച്ച് പാപ്പാ  വീണ്ടും ഊന്നി പറഞ്ഞു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 September 2022, 15:36