കർദ്ദിനാൾ ക്രയേവ്സ്കി പാപ്പായുടെ പ്രത്യേക ദൂതനായി ഉക്രൈയിനിൽ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
പാപ്പായുടെ ദാനധർമ്മാദി കാര്യങ്ങളുടെ ചുമതലയുള്ള കർദ്ദിനാൾ കൊൺറാഡ് ക്രയേവ്സ്കി ഉക്രൈയിനിലെ ഐസിയുമിൽ (Izyum) ദേവദാരുവൃക്ഷാരണ്യത്തിലെ കുഴിമാടങ്ങൾക്കു മുന്നിൽ പ്രാർത്ഥിച്ചു.
റഷ്യൻ പട്ടാളം നിർദ്ദയം വധിച്ച സ്ത്രീകളും കുട്ടികളുമുൾപ്പെടയുള്ളവരെ മറവു ചെയ്ത 400-ലേറെ കുഴിമാടങ്ങളാണ് ഐസിയുമിൽ കണ്ടെത്തിയിരിക്കുന്നത്.
ഫ്രാൻസീസ് പാപ്പായുടെ പ്രത്യേക ദൂതനായി നാലാം തവണയും ഉക്രൈയിനിൽ എത്തിയിരിക്കുന്ന കർദ്ദിനാൾ ക്രയേവസ്കി തിങ്കളാഴ്‌ച (19/09/22) ആണ് കുഴിമാടങ്ങൾ സന്ദർശിച്ച് പ്രാർത്ഥിച്ചത്. വാക്കുകളും അശ്രുകണങ്ങളുമില്ലെന്ന് റഷ്യയുടെ സൈന്യത്തിൻറെ നിഷ്ഠൂരതയുടെ ഹൃദയഭേദകമായ കാഴ്ച കണ്ട അദ്ദേഹം പ്രതികരിച്ചു. യുദ്ധത്തിന് അനുകമ്പയെന്തെന്ന് അറിയില്ലെന്നും, ഈ ഭീകരതയ്ക്കു മുന്നിൽ നാം നിശബ്ദരായിപ്പോകുന്നുവെന്നും കർദ്ദിനാൾ ക്രയേസ്കി പറഞ്ഞു. യുദ്ധത്തിൽ ജീവാപയം ഉണ്ടാകുമെന്ന വസ്തുത അംഗീകരിക്കുമ്പോൾ തന്നെ ഒരിടത്ത് ഇത്രമാത്രം മൃതരെ കാണുകയെന്നത് വിശദീകരിക്കുക പ്രയാസകരമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
മൃതദേഹങ്ങൾ പുറത്തെടുക്കുകയും അതുമായി ബന്ധപ്പെട്ട മറ്റുകാര്യങ്ങൾ ചെയ്യുകയും ചെയ്തുകൊണ്ടിരുന്ന ഇരുനൂറോളം പേരെങ്കിലും വരുന്ന യുവജനങ്ങൾ അവിടെ പാലിച്ചിരുന്ന നിശബ്ദത തന്നെ സ്പർശിച്ചുവെന്നും മരണമെന്ന രഹസ്യത്തോടുള്ള അവിശ്വസനീയമായ ആദരവോടുകൂടിയ ഒരു നിശബ്ദതയായിരുന്നു അതെന്നും ആ യുവതയിൽ നിന്ന് ഏറെ പഠിക്കാനുണ്ടെന്നും കർദ്ദിനാൾ ക്രൊയേവ്സ്കി പറഞ്ഞു.
ഇക്കഴിഞ്ഞ പതിനേഴാം തീയതി ശനിയാഴ്‌ച (17/09/22) ഉക്രൈയിനിലെ ത്സപ്പൊറിഷ്യയിൽ ഒരു കത്തോലിക്കാ മെത്രാനോടും ഒരു പ്രൊട്ടസ്റ്റൻറ് മെത്രാനോടുമൊപ്പം സഹായം എത്തിക്കുകയാരുന്ന കർദ്ദിനാൾ ക്രൊയേസ്കിയിക്ക് വെടിയേല്ക്കേണ്ടതായിരുന്നു. അദ്ദേഹം തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: