രണ്ടാം എലിസബത്ത് രാജ്ഞിയുടെ മൃതസംസ്കാരം, പാപ്പായുടെ പ്രതിനിധിയും പങ്കെടുക്കും!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
രണ്ടാം എലിസബത്ത് രാജ്ഞിയുടെ മൃതസംസ്കാര ചടങ്ങിൽ ആർച്ച്ബിഷപ്പ് പോൾ റിച്ചാർഡ് ഗാല്ലഗെർ (Paul Richard Gallagher) ഫ്രാൻസീസ് പാപ്പായെ പ്രതിനിധാനം ചെയ്യും.
പരിശുദ്ധസിംഹാസനത്തിൻറെ വാർത്താവിതരണകാര്യാലയത്തിൻറെ മേധാവി മത്തേയൊ ബ്രൂണി വെള്ളിയാഴ്‌ചയാണ് (16/09/22) ഇതു വെളിപ്പെടുത്തിയത്.
വത്തിക്കാൻ സംസ്ഥാനവും രാഷ്ട്രങ്ങളും അന്താരാഷ്ട്രസംഘടനകളുമായുള്ള ബന്ധങ്ങൾക്കായുള്ള കാര്യദർശിയാണ് ആർച്ച്ബിഷപ്പ് പോൾ റിച്ചാർഡ് ഗാല്ലഗെർ.
ഈ മാസം 8-ന് അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ അന്ത്യകർമ്മങ്ങൾ വെസ്റ്റ്മിനിസ്റ്റർ ആബിയിൽ 19-ന് തിങ്കളാഴ്ച (19/09/22) ആയിരിക്കും നടക്കുക. 96 വയസ്സ് പ്രായമുണ്ടായിരുന്ന എലിസബത്ത് രാജ്ഞി സ്കോട്ട്ലണ്ടിലെ ബാൽമോറൽ കൊട്ടാരത്തിൽ വച്ചാണ് മരണമടഞ്ഞത്.
1926 ഏപ്രിൽ 21-ന് ലണ്ടനിലെ മേഫെയറിൽ ആണ് രണ്ടാം എലിസബത്ത് രാജ്ഞി ജനിച്ചത്. പിന്നീട് ജോർജ്ജ് ആറാമൻ രാജാവായിത്തീർന്ന ആർബട്ട് ഫ്രഡറിക്കാ ആർതർ ജോർജ്ജും എലിസബത്തും ആയിരുന്നു മാതാപിതാക്കൾ. പിതാവിൻറെ മരണത്തോടെ 1952 ഫെബ്രുവരി 6-ന് ഇരുപത്തിയാഞ്ചാമത്തെ വയസ്സിൽ രാജ്ഞിയായിത്തീർന്ന എലിസബത്ത് 70 വർഷവും 214 ദിവസവും ബ്രിട്ടൻറെ രാജ്ഞിപദം അലങ്കരിച്ചു. കോമൺവെൽത്ത് രാഷ്ട്രങ്ങളുടെ മേധാവിനിയുമായിരുന്നു രണ്ടാം എലിസബത്ത് രാജ്ഞി.
ഇന്ത്യയുടെ രാഷ്ട്രപതി ദ്രൗപതി മുർമുവുമുൾപ്പടെ രണ്ടായിരത്തോളം വിശിഷ്ട വ്യക്തികൾ എലിസബത്ത് രാജ്ഞിയുടെ മൃതസംസ്കാരകർമ്മത്തിൽ പങ്കെടുക്കും.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: