"വിത്തെ" ഉച്ചകോടി വത്തിക്കാനിൽ !
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
വത്തിക്കാനിൽ “വീത്തെ ഉച്ചകോടി”യിൽ മാർപ്പാപ്പാ പങ്കെടുക്കും.
ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാകാരന്മാർ സംബന്ധിക്കുന്ന ഈ ഈ പ്രഥമ വീത്തെ ഉച്ചകോടി വത്തിക്കാനിൽ ആഗസ്റ്റ് 31, സെപ്റ്റംബർ 1 തീയതികളിലാണ് നടക്കുക.
ജനങ്ങളുടെ ഹൃദയങ്ങളിലും ആത്മാവിലും ഭാവാത്മക പ്രതിഫലനങ്ങൾ ഉളവാക്കുന്ന സന്ദേശം പകർന്നു നല്കുന്നതിന് അഭിനിവേശമുള്ള അന്താരാഷ്ട്ര തലത്തിൽ അറിയപ്പെടുന്ന കലാകാരന്മാരും വിദഗ്ദ്ധരും അടങ്ങിയ അന്താരാഷ്ട്ര സംഘടനയായ “ഗ്ലോബൽ വീത്തെ”യുടെ ആഭിമുഖ്യത്തിലാണ് ഈ സമ്മേളനം.
വ്യത്യസ്തരായ വ്യക്തികൾക്കിടയിൽ ഐക്യവും പ്രത്യാശയും കൂടിക്കാഴ്ചയും പരിപോഷിപ്പിക്കപ്പെടുന്ന മെച്ചപ്പെട്ടൊരു ലോകത്തിനു വേണ്ടി ആഗോളതലത്തിലുള്ള സംരംഭങ്ങൾ വികസിപ്പിച്ചടുക്കുന്നതിനു പര്യാപ്തമായ രചനാത്മക നിദ്ദേശങ്ങളെയും തന്ത്രങ്ങളെയും കുറിച്ച് ചർച്ച ചെയ്യുകയാണ് ഗ്ലോബൽ വീത്തെ സംഘടിപ്പിക്കുന്ന ഈ ദ്വിദിന ഉച്ചകോടിയുടെ ലക്ഷ്യം. ഈ ഉച്ചകോടിയുടെ ഒരു യോഗത്തിൽ ഫ്രാൻസീസ് പാപ്പാ സംബന്ധിക്കും.
കലകളും മാദ്ധ്യമങ്ങളും വിനോദവും വഴി എങ്ങനെ സമാഗമ സംസകൃതിയും പ്രത്യാശയും ഐക്യവും ഊട്ടിവളർത്താം എന്നതിനെ അധികരിച്ചുള്ള ഒരു സംഭാഷണത്തിന് തുടക്കം കുറിക്കുന്നതിനാണ് ലോകപ്രശസ്തരായ കലാകാരന്മാർ മാർപ്പാപ്പായുമൊത്ത് സമ്മേളിക്കുന്നത്.
കലാകാരന്മാർക്ക് സമൂഹത്തിൽ സുപ്രധാനമായൊരു ദൗത്യമുണ്ടന്നും ഈ ലോകത്തിൽ സൗന്ദര്യത്തിൻറെ കാവല്ക്കാരും സമാഗമസംസ്കൃതിയുടെ ദൂതരും നരകുലത്തിൻറെ പ്രത്യാശയുടെ സാക്ഷികളുമാകണം അവരെന്നും പാപ്പാ കലാകാരന്മാരെക്കുറിച്ച് പരാമർശിക്കവെ പറഞ്ഞിട്ടുണ്ട്. “ഗ്ലോബൽ വീത്തെ” യുടെ സ്ഥാപകാദ്ധ്യക്ഷനായ ലൂയിസ് ക്യുനെല്ലിയും ഈ സംഘടനയുടെ കാര്യനിർവ്വാഹകസമിതിയംഗങ്ങളും ഫ്രാൻസീസ് പാപ്പായുമായി പലതവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: