തിരയുക

ആർച്ച്ബിഷപ്പ് ഗബ്രിയേലെ ജൊർദ്ദാനൊ കാച്ച, ഐക്യരാഷ്ട്രസഭയിൽ പരിശുദ്ധസിംഹാസനത്തിൻറെ സ്ഥിരം നിരീക്ഷകൻ. ആർച്ച്ബിഷപ്പ് ഗബ്രിയേലെ ജൊർദ്ദാനൊ കാച്ച, ഐക്യരാഷ്ട്രസഭയിൽ പരിശുദ്ധസിംഹാസനത്തിൻറെ സ്ഥിരം നിരീക്ഷകൻ. 

ആണവോർജ്ജം സമാധാനോന്മുഖ കാര്യങ്ങൾക്കു മാത്രം- പരിശുദ്ധസിംഹാസനം!

ന്യുയോർക്കിൽ ആണവ നിർവ്യാപനക്കരാർ പുനഃപരിശോധനാ സമ്മേളനത്തിൽ പരിശുദ്ധസിംഹാസനത്തിൻറെ നിലപാട് വ്യക്തമാക്കി ആർച്ച്ബിഷപ്പ് ഗബ്രിയേലെ കാച്ച.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ആണവോർജ്ജം സമാധാനപരമായ കാര്യങ്ങൾക്കു മാത്രമേ ഉപയാഗിക്കാവൂ എന്ന നിലപാട് പരിശുദ്ധസിംഹാസനം ആവർത്തിക്കുന്നു.

ആഗസ്റ്റ് 1-26 വരെ, അമേരിക്കൻ ഐക്യനാടുകളിലെ ന്യുയോർക്കിൽ, ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനത്ത് സംഘടിപ്പിക്കപ്പെട്ടിരിക്കുന്ന ആണവ നിർവ്യാപനക്കരാറിൻറെ പുനഃപരിശോധനാ സമ്മേളനത്തെ, അതിൽ പങ്കെടുക്കുന്ന പരിശുദ്ധസിംഹാസനത്തിൻറെ പ്രതിനിധിസംഘത്തെ നയിക്കുന്ന ആർച്ച്ബിഷപ്പ് ഗബ്രിയേലെ ജൊർദ്ദാനൊ കാച്ച തിങ്കളാഴ്ച (08/08/22) സംബോധന ചെയ്യുകയായിരുന്നു.

ഐക്യരാഷ്ട്രസഭയിൽ പരിശുദ്ധസിംഹാസനത്തിൻറെ സ്ഥിരം നിരീക്ഷകനാണ് അദ്ദേഹം.

ആണവോർജ്ജത്തിൻറെ സമാധാനപരമായ ഉപയോഗം വികസിപ്പിക്കാനുള്ള "അനിഷേധ്യമായ അവകാശം" ആണവനിർവ്യാപനക്കരാർ ഉറപ്പുനല്കുന്നതിനെക്കുറിച്ച് സൂചിപ്പിച്ച അദ്ദേഹം, ഈ കരാർ പ്രാബല്യത്തിലായതിനു ശേഷം ആണവോർജ്ജോത്പാദന യന്ത്രസംവിധാനമായ  ആണവ റിയാക്ടറുകളുടെ എണ്ണം ആഗോളതലത്തിൽ 82 ൽ നിന്ന് 440 ആയി ഉയർന്നുവെന്ന് വെളിപ്പെടുത്തി. ഇത് അംഗാരകോർജ്ജം (carbon power) കുറയ്ക്കുന്നതിനും അങ്ങനെ കാലാവസ്ഥവ്യതിയാനത്തിനെതിരായ പോരാട്ടത്തിനും നിർണ്ണായക സംഭാവനയേകുന്നുവെന്നും ആർച്ച്ബിഷപ്പ് കാച്ച വിശദീകരിച്ചു. 

അതുപോലെതന്നെ, അർബുദരോഗ ചികിത്സ, വിളവ് വർദ്ധന, ജലവിതരണ സംവിധാനം സമുദ്രമലിനീകരണ നിരീക്ഷണം എന്നീ മേഖലകളിൽ തനതായ പങ്കുവഹിച്ചുകൊണ്ട് ആണവസാങ്കേതിക വിദ്യ സുസ്ഥിരവികസനത്തിന് സംഭാവനയേകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.  ഈ നേട്ടങ്ങൾക്കൊപ്പം തന്നെ ആണവ സാങ്കേതികവിദ്യയുടെ വ്യാപനം ചില ഗുരുതര പ്രശ്നങ്ങൾക്കും കരാണമാകുന്നുണ്ടെന്ന വസ്തുതയും ആർച്ച്ബിഷപ്പ് കാച്ച ചൂണ്ടിക്കാട്ടി. ആണവോർജ്ജത്തിന്റെ സമാധാനപരമായ ഉപയോഗം ഉറപ്പാക്കുക എന്നതിനർത്ഥം ആണവോർജ്ജം, മരുന്ന്, ഗവേഷണ സംവിധാനങ്ങൾ എന്നിവ യുദ്ധോന്മുഖമാക്കരുതെന്നാണെന്നും അദ്ദേഹം വ്യക്തമാക്കി.

വർത്തമാന-ഭാവികാല തലമുറകൾ "മാനവകുടുംബത്തിൻറെ ഐക്യത്തിലും ആദരവിലും ഐക്യദാർഢ്യത്തിലും അനുകമ്പയിലും അധിഷ്ഠിതമായ സമാധാനപരമായ ഒരു ലോകക്രമം അർഹിക്കുന്നുവെന്നും ആർച്ചുബിഷപ്പ് കാച്ച പ്രസ്താവിച്ചു. ഭയത്തിൻറെ യുക്തിയെ ഉത്തരവാദിത്വത്തിൻറെ നൈതികത ഉപയോഗിച്ച് ചെറുക്കാനുള്ള സമയമാണിതെന്നും അങ്ങനെ, വിശ്വാസത്തിൻറെയും ആത്മാർത്ഥമായ സംഭാഷണത്തിൻറെയും അന്തരീക്ഷം വളർത്തിയെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 August 2022, 12:32