തിരയുക

ഫ്രാൻസീസ് പാപ്പായുടെ കസാഖ്സ്ഥാൻ സന്ദർശനത്തിൻറെ ഔദ്യോഗിക ചിഹ്നം - "ലോഗൊ" ഫ്രാൻസീസ് പാപ്പായുടെ കസാഖ്സ്ഥാൻ സന്ദർശനത്തിൻറെ ഔദ്യോഗിക ചിഹ്നം - "ലോഗൊ" 

പാപ്പായുടെ കസാഖ്സ്ഥാൻ സന്ദർശനം - "ലോഗൊ"!

സെപറ്റംബർ 13-15 വരെയാണ് ഫ്രാൻസീസ് പാപ്പായുടെ കസാഖ്സ്ഥാൻ സന്ദർശനം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

പാപ്പായുടെ ആസന്നമായിരിക്കുന്ന കാസാഖ്സ്ഥാൻ സന്ദർശനത്തിൻറെ ഔദ്യോഗിക ചിഹ്നവും, അഥവാ, ലോഗൊയും, മുദ്രാവക്യവും പരിശുദ്ധസിംഹാസനം പരസ്യപ്പെടുത്തി.

ഇക്കൊല്ലം സെപറ്റംബർ 13-15 വരെയാണ് ഫ്രാൻസീസ് പാപ്പാ, കസാഖ്സ്ഥാൻറെ തലസ്ഥാനമായ നൂർ സുൽത്താനിൽ (Nur-Sultan)  സംഘടിപ്പിക്കപ്പെടുന്ന ലോകമതങ്ങളുടെയും പാരമ്പര്യമതങ്ങളുടെയും നേതാക്കളുടെ ഏഴാം സമ്മേളനത്തോടനുബന്ധിച്ച് അന്നാട്ടിൽ സന്ദർശനം നടത്തുക.

“സമാധാനത്തിൻറെയും ഐക്യത്തിൻറെയും ദൂതർ”  എന്നതാണ് ഈ അജപാലനസന്ദർശനത്തിൻറെ മുദ്രാവാക്യം. ഈ മുദ്രാവാക്യം ഈ ഇടയസന്ദർശനത്തിൻറെ ഔദ്യോഗിക ചിഹ്നത്തിൻറെ ഏറ്റവും മുകളിൽ കസാഖ് ഭാഷയിലും ഏറ്റവും താഴെ റഷ്യൻ ഭാഷയിലും രേഖപ്പെടുത്തിയിരിക്കുന്നു.

വെളുത്ത വൃത്താകൃതിയിലുള്ള ഈ ഔദ്യോഗിക ചിഹ്നത്തിൽ മുകളിലും താഴെയുമുള്ള ഈ ലിഖിതങ്ങൾക്കിടയിലായി ഒലിവു ശിഖരവുമായി പറക്കുന്ന ഒരു പ്രാവിൻറെ രൂപം. പ്രാവിൻറ ചിറകുകൾ രണ്ട് കൈപ്പത്തികൾ ചേർന്നതാണ്. ഈ കൈപ്പത്തികൾ സമാധാനത്തിൻറെയും ഐക്യത്തിൻറെയും ദൂതരുടെ പ്രതീകമാണ്.

കൈപ്പത്തിയുടെ രൂപത്തിലുള്ള ചിറകുകളിലൊന്നിൽ ഹൃദയത്തിൻറെ രൂപവും ചേർത്തിരിക്കുന്നു. പരസ്പര ധാരണയുടെയും സഹകരണത്തിൻറെയും സംഭാഷണത്തിൻറെയും ഫലമായ സ്നേഹത്തെയാണ് ഇത് ദ്യോതിപ്പിക്കുന്നത്.

മുകൾവശത്തെ ലിഖിതത്തിനും പ്രാവിൻറെ ചിത്രത്തിനും ഇടയിലായി കസാഖ് ജനതയുടെ പാരമ്പര്യ കൂടാരരൂപത്തിലുള്ള പാർപ്പിടത്തിൻറെ, “യുർത്ത”യുടെ ഒരു ഘടകമായ ഷനിറാക് (shanyrak) ആകാശനീല വർണ്ണത്തിൽ കാണാം. അതിനു മദ്ധ്യത്തിലായി മഞ്ഞവർണ്ണക്കുരിശും.

ഈ ചിഹ്നത്തിൽ, അല്ലെങ്കിൽ, ലോഗൊയിൽ, ഉപയോഗിച്ചിരിക്കുന്ന വർണ്ണങ്ങളിൽ ആകാശ നീലയും മഞ്ഞയും കസാഖ്സ്ഥാൻറെയും, മഞ്ഞയും വെള്ളയും വത്തിക്കാൻറെയും പതാകകളുടെ നിറങ്ങളാണ്. ഒലിവുശിഖരത്തിൻറെ പച്ച നിറം പ്രത്യാശയുടെ പ്രതീകമാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 August 2022, 14:42