തിരയുക

കർദ്ദിനാൾ ജോസെഫ് ടോംകോ പാപ്പയ്ക്കൊപ്പം. കർദ്ദിനാൾ ജോസെഫ് ടോംകോ പാപ്പയ്ക്കൊപ്പം.  (ANSA)

കർദ്ദിനാൾ ജോസെഫ് ടോംകോ അന്തരിച്ചു

കർദ്ദിനാൾ സംഘത്തിലെ ഏറ്റവും പ്രായം കൂടിയ അംഗവും സുവിശേഷവൽക്കരണത്തിനായുള്ള തിരുസംഘത്തിന്റെ മുൻ തലവനുമായിരുന്ന എമറിത്തൂസ് കർദ്ദിനാൾ ടോംകോ നിര്യാതനായി. അദ്ദേഹത്തിന് 98- വയസ്സായിരുന്നു. റോമിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

സ്ലോവാക് വംശജനായ കർദ്ദിനാൾ ജോസെഫ് ടോംകോ ആഗസ്റ്റ് 8,തിങ്കളാഴ്ച പുലർച്ചെ 5 മണിക്ക് റോമിൽ അന്തരിച്ചു. 1985-ൽ ജോൺ പോൾ രണ്ടാമൻ പാപ്പായാണ് അദ്ദേഹത്തെ കർദ്ദിനാളാക്കി ഉയർത്തിയത്. കർദിനാൾമാരുടെ സംഘത്തിലെ ഏറ്റവും പ്രായം കൂടിയ അംഗമായിരുന്നു അദ്ദേഹം.

കർദ്ദിനാൾ ടോംകോ റോമിലെ തന്റെ വസതിയിൽ വച്ചാണ് അന്തരിച്ചത്.  വി. വിൻസെന്റ് ഡി പോളിന്റെ സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റി എന്ന സന്യാസിനി സഭയിലെ സന്യാസിനികളാണ് അദ്ദേഹത്തെ ശുശ്രൂഷിച്ചിരുന്നത്. 

കഴുത്തിന്റെ ഭാഗത്തെ നട്ടെല്ലിന് പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ ജൂൺ 25-ന് ജെമെല്ലി പോളിക്ലിനിക് ആശുപത്രിയിൽ  പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം, ആഗസ്റ്റ് 6, ശനിയാഴ്ച,  ഹോം കെയറിൽ ചികിത്സ തുടരുന്നതിനായി ഒരു നേഴ്സിനോടൊപ്പം വസതിയിലേക്ക് മടങ്ങി. ആശുപത്രിയിൽ കഴിയുന്ന സമയത്ത്,  വത്തിക്കാ൯ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയത്രോ പരോളിൻ അദ്ദേഹത്തെ സന്ദർശിച്ചിരുന്നു.

കർദ്ദിനാളിന്റെ മരണവാർത്തയറിഞ്ഞ് കോഷിസിറ്റ്ചെ അതിരൂപതയിലെ ഉദവ്‌സ്കെയിൽ നിന്നുള്ള സ്ലോവാക്യ൯ മെത്രാൻ സമിതി അദ്ദേഹത്തിന്റെ ആത്മശാന്തിക്കായി പ്രാർത്ഥിക്കാൻ വിശ്വാസികളെ ക്ഷണിച്ചു.  ശവസംസ്‌കാരത്തിന്റെ തീയതി പിന്നീട് പ്രഖ്യാപിക്കും.

"ഭാരിച്ച ഹൃദയത്തോടെയും അതേ സമയം പുനരുത്ഥാനത്തിന്റെ പ്രത്യാശയോടും കൂടി ശ്രേഷ്ഠനായ കർദ്ദിനാൾ ജോസെഫ് ടോംകോ തന്റെ ആത്മാവിനെ 2022 ഓഗസ്റ്റ് 8ന് അതിരാവിലെ റോമിലെ വസതിയിൽ വച്ച് തന്റെ ഏറ്റവും അടുത്ത സഹകാരികളുടെ വലയത്തിൽ കർത്താവിന്  ഭരമേൽപ്പിച്ചിരിക്കുന്നു എന്ന് അറിയിക്കുന്നു എന്ന് സ്ലോവാക്യൻ മെത്രാൻ സമിതിയുടെ വാർത്താ കാര്യാലയം പുറത്ത് വിട്ട സന്ദേശത്തിൽ അറിയിച്ചു. പ്രാർത്ഥനയിൽ അദ്ദേഹത്തെ സ്മരിക്കാ൯ എല്ലാവരോടും സമിതി ആവശ്യപ്പെട്ടു.

റോമിൽ വച്ച് നടക്കാനിരിക്കുന്ന സംസ്‌കാര ചടങ്ങിനെക്കുറിച്ചും, അദ്ദേഹത്തെ അടക്കം ചെയ്യുന്ന കോഷിസിറ്റ്ചെയിലെ വിശുദ്ധ എലിസബത്ത് കത്തീഡ്രലിലെ ശവസംസ്‌കാരത്തെക്കുറിച്ചും കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കും.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 August 2022, 13:05