ബെന്റിയുവിൽ കർദ്ദിനാൾ പരോളിൻ: ഇന്നത്തെ ലോകത്ത് ഈ രീതിയിൽ ജീവിക്കുന്നത് അസ്വീകാര്യമാണ്
സി.റൂബിനി സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
"കുടലിനുള്ളിൽ ഒരു സൂചിയിരുന്ന പോലെ ആയിരുന്നു" ആ അനുഭവം. അത് നമ്മുടെ മനസ്സാക്ഷിയെ കുത്തുന്നു, കാരണം “ഇന്നത്തെ ലോകത്തിൽ ആളുകൾ ഇത്തരം അവസ്ഥകളിൽ ജീവിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല.”എന്നാണ് ബെന്റിയു ക്യാമ്പിൽ നടത്തിയ സന്ദർശനത്തെ കുറിച്ച് കർദ്ദിനാൾ പിയത്രോ പരോളിൻ വെളിപ്പെടുത്തിയത്.
വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി, കർദ്ദിനാൾ പിയത്രോ പരോളിൻ രാജ്യത്തിന്റെ വടക്ക് ഭാഗത്തുള്ള യൂണിറ്റി സ്റ്റേറ്റിൽ അതേ പേരിലുള്ള നഗരത്തിന് പുറത്തുള്ള, ബെന്റിയുവിൽ കുടിയിറക്കപ്പെട്ടവർക്കായുള്ള ക്യാമ്പിനുള്ളിൽ ഒരു ദിവസം ചെലവഴിച്ചതിന് ശേഷം ദക്ഷിണ സുഡാൻ തലസ്ഥാനമായ ജൂബയിലേക്ക് മടങ്ങി.
ഒന്നും ഇല്ലാത്തവരുടെ ഇടയിൽ - ഇനി അവർക്ക് എപ്പോഴെങ്കിലും എന്തെങ്കിലും ഉണ്ടായിരുന്നവരാണോ എന്നു പോലും അറിയാത്തവരുടെ ഇടയിൽ ചെലവഴിച്ച തീവ്രമായ ഒരു നിമിഷമായിരുന്നു അത്.
ദക്ഷിണ സുഡാൻ സ്വാതന്ത്ര്യം നേടി രണ്ടു വർഷത്തിനു ശേഷം മാത്രമായപ്പോൾ പൊട്ടിപ്പുറപ്പെടുകയും 2020 വരെ നീണ്ടുനിൽക്കുകയും ചെയ്ത 2013ലെ ആഭ്യന്തരയുദ്ധത്തിൽ കുടിയിറക്കപ്പെട്ടവരാണിവർ. പ്രസിഡന്റ് സാൽവ കിറിനെതിരായ പോരാട്ടത്തിലെ പ്രധാന കക്ഷികളിലൊരാളായ വൈസ് പ്രസിഡന്റ് റിക്ക് മച്ചാർ ജനിച്ചത് യൂണിറ്റി സ്റ്റേറ്റിലാണ്. ഏറ്റവും തീവ്രമായ പോരാട്ടം നടന്ന സ്ഥലങ്ങളിലൊന്നാണിത്. അതിന്റെ ഫലം കുടിയിറക്കപ്പെട്ടവരുടെ അമ്പരപ്പിക്കുന്ന എണ്ണമായിരുന്നു എന്നതാണ്.
പ്രത്യേകിച്ച് 2019 മുതൽ, വെള്ളപ്പൊക്കത്തെത്തുടർന്ന് വീടുകൾ ഉപേക്ഷിച്ചവരും ഇവർക്കൊപ്പം ചേർന്നു. വാസ്തവത്തിൽ, 2021-ൽ, സമീപ വർഷങ്ങളിലെ ഏറ്റവും മോശമായ വെള്ളപ്പൊക്കവും രാജ്യം അനുഭവിച്ചു.
റെക്കോർഡ് അളവിലുള്ള മഴ മുഴുവൻ പ്രദേശത്തെയും വെള്ളപ്പൊക്കത്തിലാക്കി. അതിലെ നിവാസികൾക്ക് ജീവിക്കാനും കൃഷി ചെയ്യാനും കഴിയാതെ വന്നു. ലക്ഷക്കണക്കിന് കന്നുകാലികളുടെ നാശത്തിനും മഴ കാരണമായി.
പരിപൂർണ്ണ നാശം
സമൂഹത്തിന്റെ നിലനിൽപ്പിനായി ആശ്രയിക്കുന്നവയെല്ലാം നശിച്ചു. പട്ടിണിയുടെ ഭയാനകമായ തലങ്ങളിൽ രാജ്യം എത്തിയിരിക്കുന്നു. ക്യാമ്പിൽ എത്തുന്നവരുടെയും കർദ്ദിനാൾ പരോളിന്റെയും കണ്ണുതുറപ്പിക്കുന്ന കാഴ്ചയായിരുന്നു 150,000 കുടിയൊഴിപ്പിക്കപ്പെട്ട ആളുകൾ സങ്കൽപ്പിക്കാൻ പോലും കഴിയാത്ത ഗുരുതരാവസ്ഥയിൽ കഴിയുന്നു എന്നത്.
ശുചിത്വമില്ലാത്ത, ശുദ്ധമായ ജലമില്ലാത്ത, തുറന്ന അഴുക്കുചാലുകളോടും, പകർച്ചവ്യാധികളുടെ നിരന്തരമായ ഭീഷണിയോടും കൂടി ജീവിക്കുന്ന ആളുകൾ. ഇടയ്ക്കിടെ, കഴിഞ്ഞ ആഴ്ചകളിൽ പോലും, ക്യാമ്പിലും പിന്നീട് മറ്റ് സുഡാനീസ് സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്ത കരൾവീക്കം മുതൽ മലേറിയ,കോളറ വരെ നീളുന്ന രോഗങ്ങൾക്കിടയിലാണ് ഇവർ ജീവിക്കുന്നത്.
ഈ ദൈവജനത്തോടു പാപ്പയുടെ സാമീപ്യം
"ഞങ്ങൾ പ്രാന്തപ്രദേശങ്ങളിലെ പ്രാന്തപ്രദേശത്താണ്," നിൽക്കുന്നത് എന്ന് പറഞ്ഞ കർദ്ദിനാൾ എന്നാൽ "അതിജീവിക്കാൻ ആവശ്യമായ മിനിമം പോലും ഇല്ലാത്തവരുടെ" ജീവിത സാഹചര്യങ്ങളെ അപലപിച്ചു. ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര സഹായമില്ലാതെ ഇവിടെ ഒരു പ്രതീക്ഷയുമുണ്ടാകില്ല എന്ന് കർദ്ദിനാൾ അറിയിച്ചു.
"ഈ ആളുകൾ മാന്യമായ ജീവിതം നയിക്കാനും മക്കളെ വളർത്താനും ആഗ്രഹിച്ചു, എന്നാൽ യുദ്ധം എന്ന മനുഷ്യൻ ഏൽപ്പിച്ച ദുരന്തവും മഴയെന്ന പ്രകൃതിയുടെ ദുരന്തവും അവരുടെ ജീവിതത്തെ ദുർബ്ബലമാക്കിയിരിക്കുന്നു," എന്ന് ബെന്റിയു അതിന്റെ അഭയാർത്ഥി ക്യാമ്പ് ഉൾപ്പെടെയുള്ള പ്രദേശങ്ങൾ ഉൾക്കൊള്ളുന്ന മാലക്കൽ രൂപതാ മെത്രാൻ സ്റ്റീഫൻ നിയോദോ അഡോർ മജ്വോക്ക് വിശദീകരിച്ചു.
"അഭയാർത്ഥി ക്യാമ്പുള്ള ബെന്റിയുവിന്റെ ഭാഗത്ത് അവസ്ഥ കൂടുതൽ വഷളായിക്കൊണ്ടിരിക്കുകയാണ്. ജനസംഖ്യയുടെ 90 ശതമാനവും 40 വയസ്സിൽ താഴെയുള്ളവരാണ്. ധാരാളം കുട്ടികളുണ്ട്, അവർക്ക് സ്കൂളുകളില്ല. അവർക്ക് എന്ത് ഭാവിയുണ്ടാകും? ഇത് ഞെട്ടിക്കുന്ന കാര്യമാണ്,” അദ്ദേഹം പറഞ്ഞു.
ക്യാമ്പ് സന്ദർശനത്തിലുടനീളം കർദിനാൾ പരോളിന്റെ അടുത്ത് നിന്നിരുന്ന മെത്രാൻ, അദ്ദേഹത്തിന്റെ വരവ് "മാലക്കൽ രൂപതയ്ക്ക് അത്ഭുതകരവും ചരിത്രപരവുമായ ഒരു നിമിഷമായിരുന്നു" എന്ന് പറഞ്ഞു. കർദ്ദിനാൾ "തങ്ങളുടെ ജനങ്ങളെ സംരക്ഷിക്കാൻ വന്നതാണ്" എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യൂണിറ്റി സ്റ്റേറ്റിലെയും ബെന്റിയുവിലെയും ജനങ്ങൾക്ക് ഇത് അവിസ്മരണീയമായ ദിവസമാണെന്ന് മെത്രാൻ പറഞ്ഞു. “ക്രൂരതകൾ, യുദ്ധം, പ്രകൃതിദുരന്തങ്ങൾ എന്നിവ ബാധിച്ച ഈ ജനങ്ങളുടെ സഭയിലുള്ള വിശ്വാസം ഇത് ശക്തിപ്പെടുത്തും. ഇവിടെ കർദ്ദിനാൾ പരോളിന്റെ സാന്നിധ്യം ഈ ദൈവജനങ്ങളുമായുള്ള പാപ്പയുടെ സാമീപ്യത്തെയാണ് സൂചിപ്പിക്കുന്നത്. " ബിഷപ്പ് സ്റ്റീഫൻ നിയോദോ അഡോർ മജ്വോക്ക് പറഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: