ജൂബിലി വർഷത്തിലേക്കുള്ള ലോഗോ പ്രകാശനം ചെയ്തു
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
ലോകമെമ്പാടുമുള്ള കുട്ടികളിൽ നിന്ന് കൈകൊണ്ട് വരച്ച നിരവധി ഡിസൈനുകൾ ലഭിച്ചിട്ടുണ്ടെന്നും ഭാവനയുടെയും ലളിതമായ വിശ്വാസത്തിന്റെയും ഫലമായി അവ കാണുന്നത് സന്തോഷകരമാണെന്നും 2025 ജൂബിലി വർഷത്തിലേക്കുള്ള ലോഗോ ചിത്രരചന മത്സരത്തിൽ പങ്കെടുത്തവരെ കുറിച്ച് സുവിശേഷവത്ക്കരണത്തിനായുള്ള ഡികാസ്റ്റാറി മുൻ തലവൻ ആർച്ച് ബിഷപ്പ് റിനോ ഫിസികെല്ലാ അഭിപ്രായപ്പെട്ടു.
ജൂൺ 28-ആം തിയതിയാണ് വത്തിക്കാനിലെ അപ്പോസ്തോലിക അരമനയിലുള്ള റെജിയാ ഹാളിൽ വച്ച് നടന്ന വാർത്താ സമ്മേളനത്തിൽ വരാനിരിക്കുന്ന 2025 ജൂബിലി വർഷത്തിന്റെ ലോഗോ ആർച്ച് ബിഷപ്പ് റിനോ ഫിസികെല്ലാ പ്രകാശനം ചെയ്തത്.
ജൂൺ 11-ന്, ഫ്രാൻസിസ് പാപ്പയ്ക്ക് അന്തിമമായി മൂന്ന് ചിത്രങ്ങൾ കൈമാറിയെന്നും, ജാക്കൊമോ ത്രവിസാനി വരച്ച ചിത്രം ആവർത്തിച്ച് പരിശോധിച്ചതിന് ശേഷം തിരഞ്ഞെടുത്തതായും ആർച്ച് ബിഷപ്പ് ഫിസികെല്ലാ പറഞ്ഞു.
ഈ ലോഗാ ഭൂമിയുടെ നാല് കോണുകളിൽ നിന്നും മുഴുവൻ മാനവകുലത്തെയും പ്രതീനിധികരിക്കുന്ന നാല് മനോഹരമായ മനുഷ്യ രൂപങ്ങളെ ചിത്രീകരിക്കുന്നു. പരസ്‌പരം ആശ്ലേഷിക്കുന്ന ഈ രൂപങ്ങൾ ലോകജനത മുഴുവനും പരസ്പരം ഒന്നിക്കേണ്ടതിന്റെയും ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും അവസ്ഥ വ്യക്തമാക്കുന്നു.
അതിലെ ആദ്യത്തെ മനുഷ്യരൂപം കുരിശിനെ ആലിംഗനം ചെയ്യുന്നതായാണ് ചിത്രീകരിച്ചിരിക്കുന്നത്. ഈ നാല് മനുഷ്യരൂപങ്ങൾക്ക് താഴെയുള്ള ഇളകുന്ന തിരമാലകൾ സൂചിപ്പിക്കുന്നത് മനുഷ്യജീവിതത്തിന്റെ ഈ തീർത്ഥാടനം പോരാട്ടം നിറഞ്ഞതാണെന്നും അതിൽ നാം ആത്മവിശ്വാസത്തോടെ സഞ്ചരിക്കണം എന്നാണ് അർത്ഥമാക്കുന്നത്. ലോഗോയിൽ കുരിശിന് താഴെ കാണുന്ന നങ്കൂരം, തിരമാലകളിൽ കപ്പലിനെ സ്ഥിരപ്പെടുത്താൻ സഹായിക്കുന്നതുപോലെ പലവിധ സംഘർഷങ്ങളാൽ ആടിയുലയുന്ന മനുഷ്യ ജീവിതത്തെ സുസ്ഥിരമാക്കാൻ കുരിശാകുന്ന നങ്കൂരം സഹായിക്കുന്നുവെന്ന് സൂചിപ്പിക്കുന്നു.
"പ്രത്യാശയുടെ തീർത്ഥാടകർ" എന്ന 2025 ജൂബിലി വർഷപ്രമേയം വ്യക്തമായി പച്ച നിറത്തിൽ ദൃശ്യമാണ്.
വിശുദ്ധ വർഷത്തിനായുള്ള ഒരുക്കങ്ങൾ സഭയ്ക്കുള്ളിൽ ആരംഭിച്ച അവസരത്തിൽ, ലോഗോ നിർമ്മാണത്തിനായി തങ്ങളുടെ ഡിക്കാസ്റ്ററി എല്ലാവർക്കും പങ്കെടുക്കാവുന്ന ഒരു മത്സരം നടത്തിയതായി ലോഗോ പ്രകാശനം ചെയ്തു കൊണ്ട് ബിഷപ്പ് ഫിസിക്കെല്ലാ പറഞ്ഞു.
48 വ്യത്യസ്‌ത രാജ്യങ്ങളിലെ 213 നഗരങ്ങളിൽ നിന്നുമായി ആകെ 294 പേരുടെ ചിത്രങ്ങൾ ലഭിച്ചതായി അദ്ദേഹം പറഞ്ഞു. ലോഗോ ചിത്രരചനയിലെ മത്സരാർത്ഥികൾ 6 മുതൽ 83 വരെ പ്രായമുള്ളവരാണെന്നും ആർച്ച് ബിഷപ്പ് വ്യക്തമാക്കി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: