തിരയുക

ലിംഗസമത്വം ലിംഗസമത്വം 

ലിംഗസമത്വത്തിൻറ ആദ്യപടി: എല്ലാ മേഖലകളിലും സ്ത്രീകളുടെ പങ്ക് അംഗീകരിക്കുക!

യൂറോപ്പിൻറെ സുരക്ഷിതത്വത്തിനും സഹകരണത്തിനും വേണ്ടിയുള്ള സംഘടനയുടെ (OSCE) സ്ഥിരസമിതിയുടെ 1383-ാമത് യോഗത്തിൽ ലിംഗസമത്വ പരിപോഷണ കർമ്മപദ്ധതിയെ അധികരിച്ചുള്ള ചർച്ചയിൽ പരിശുദ്ധസിംഹാസനത്തിൻറെ പ്രതിനിധി മോൺസിഞ്ഞോർ സൈമൺ കസ്സാസ് .

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

സമ്പൂർണ്ണവും യഥാർത്ഥവുമായ സ്ത്രീപുരുഷ സമത്വം നീതിയും ജനാധിപത്യവും വാഴുന്ന ഒരു സമൂഹത്തിൻറെ മൗലിക ഘടകമാണെന്ന തത്ത്വത്തെ പരിശുദ്ധസിംഹാസനം പിന്തുണയ്ക്കുന്നുവെന്ന് പരിശുദ്ധസിംഹാസനത്തിൻറെ പ്രതിനിധി മോൺസിഞ്ഞോർ സൈമൺ കസ്സാസ് (Mons.Simon Kassas).

യൂറോപ്പിൻറെ സുരക്ഷിതത്വത്തിനും സഹകരണത്തിനും വേണ്ടിയുള്ള സംഘടനയുടെ (OSCE) സ്ഥിരസമിതിയുടെ 1383-ാമത് യോഗത്തിൽ ലിംഗസമത്വ പരിപോഷണ കർമ്മപദ്ധതിയെ അധികരിച്ചുള്ള ചർച്ചയിൽ, ഓസ്ത്രിയായുടെ തലസ്ഥാനമായ വിയെന്നയിൽ, വ്യാഴാഴ്‌ച (21/07/22), സംസാരിക്കുകയായിരുന്നു അദ്ദേഹം

സമൂഹത്തിന് അത്യന്താപേക്ഷിതവും, സ്ത്രീകളുടെ സ്ത്രൈണ പ്രതിഭയിൽ നിന്നുയിർകൊള്ളുന്നതുമായ, അവരുടെ സകല കഴിവുകളെയും വിലമതിക്കേണ്ടതാണെന്ന ബോധ്യം പരിശുദ്ധസിംഹസാനത്തിനുണ്ടെന്ന് മോൺസിഞ്ഞോർ സൈമൺ കസ്സാസ് വെളിപ്പെടുത്തി. പൊതു, രാഷ്ട്രീയ, സാമ്പത്തിക, സാംസ്കാരിക ജീവിതത്തിൻറെ എല്ലാ തലങ്ങളിലും സ്ത്രീകളുടെ പങ്കാളിത്തവും ഇടപെടലും സുപ്രധാനമാണെന്ന് അംഗീകരിക്കലാണ് സ്ത്രീപരുഷസമത്വത്തിൻറെ പാതയിൽ മുന്നേറുന്നതിനുള്ള പ്രഥമ ചുവടുവയ്പ്പെന്ന് അദ്ദേഹം പ്രസ്താവിച്ചു.

വിശിഷ്യ, യുദ്ധം തടയൽ, അനുരഞ്ജനം, പുനരധിവാസം, യുദ്ധാനന്തരസമൂഹങ്ങളുടെ പുനർനിർമ്മിതി, സായുധാക്രമണങ്ങളുടെ ആവർത്തനം ഒഴിവാക്കൽ എന്നിവയിൽ വനിതകളുടെ കൂടുതലായ ഇടപെടലിന് വലിയ ഇടം ഉണ്ടെന്ന പരിശുദ്ധസിംഹാസനത്തിൻറെ ബോധ്യവും  മോൺസിഞ്ഞോർ സൈമൺ കസ്സാസ് വെളിപ്പെടുത്തി. സംഘർഷംതടയലും പരിഹാരവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സ്ത്രീകൾക്ക് വഹിക്കാൻ കഴിയുന്ന ക്രിയാത്മകവും സുപ്രധാനവുമായ പങ്ക് ഏറ്റവും വിലപ്പെട്ടതാണെന്ന് കാലാകാലങ്ങളിൽ തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീകൾക്ക് സുരക്ഷിത തൊഴിലിടവും രാഷ്ട്രീയ-പൊതുജീവിതത്തിൽ സ്ത്രീകൾക്ക് തുല്യ അവസരവും ഉറപ്പാക്കുക, സാമ്പത്തിക, സാമൂഹിക, സാംസ്കാരിക ജീവിതത്തിൽ സ്ത്രീകളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുക, തൊഴിൽ സമ്പ്രദായങ്ങൾ സുഗമമാക്കുക, കുടുംബം തൊഴിൽ എന്നിവയുമായി ബന്ധപ്പെട്ട ഇരട്ട ഉത്തരവാദിത്വങ്ങളെ നേരിടാൻ സ്ത്രീപുരുഷന്മാരെ പ്രാപ്തരാക്കുക എന്നിവയുടെ പ്രാധാന്യവും മോൺസിഞ്ഞോർ സൈമൺ കസ്സാസ് ഊന്നിപ്പറഞ്ഞു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 ജൂലൈ 2022, 18:20