കുഞ്ഞുങ്ങളുടെ സംരക്ഷണത്തിന് മതിയായ ഉപാധികൾ കുടുംബങ്ങൾക്കേകണം!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
കുഞ്ഞുങ്ങളുടെ സംരക്ഷണത്തിന് കുടുംബങ്ങളെ ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് പരിശുദ്ധസിംഹാസനം.
മനുഷ്യക്കടത്തിനിരകളായവരുടെ സംരക്ഷണത്തെ അധികരിച്ച് ഓസ്ത്രിയായുടെ തലസ്ഥാനമായ വിയെന്നയിൽ തിങ്കളാഴ്‌ച (18/07/22) നടന്ന മൂന്നാം യോഗത്തിൽ വിയെന്നായിൽ ഐക്യരാഷ്ട്രസഭയുൾപ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകളിൽ പരിശുദ്ധസിംഹാസനത്തെ പ്രതിനിധാനം ചെയ്യുന്ന സ്ഥിരം നിരീക്ഷക സംഘമാണ് ഇത് ചൂണ്ടിക്കാട്ടിയത്.
കുഞ്ഞുങ്ങളുടെ സംരക്ഷണം ഫലപ്രദമായി നിർവ്വഹിക്കാനും അവരെ പോറ്റാനും കഴിയുന്നതിന് അത്യന്താപേക്ഷിതമായ ഉപാധികൾ കുടുംബങ്ങൾക്ക് പ്രദാനം ചെയ്യേണ്ടതുണ്ടെന്നും ആരോഗ്യ പരിപാലനം, അന്തസ്സാർന്ന പാർപ്പിടം, വിദ്യഭ്യാസം തുടങ്ങിയവ ഈ ഉപാധികളിൽ ഉൾപ്പെടുന്നുവെന്നും പരിശുദ്ധസിംഹാസനം വ്യക്തമാക്കി. ഇതിനു പുറമെ, കുട്ടികളെ ലൈംഗിക ചൂഷണം, ഗാർഹിക പീഢനം എന്നിവയിൽ നിന്ന് രക്ഷിക്കുന്നതിന്, മനുഷ്യക്കടത്തിനെതിരായ നിയമങ്ങൾ അന്തർദ്ദേശീയ ദേശീയ തലങ്ങളിൽ നിരന്തരം കലോചിതമാക്കി പരിഷ്ക്കരിക്കേണ്ടതിൻറെ ആവശ്യകതയും പരിശുദ്ധസിംഹാസനം ചൂണ്ടിക്കാട്ടുന്നു. എന്നാൽ കുട്ടികളെ മനുഷ്യക്കടത്തിൽ നിന്ന് രക്ഷിക്കുന്നതിനുള്ള ഉപാധികൾ ഇന്നു പര്യാപ്തമല്ല എന്ന ഖേദകരമായ വസ്തുതയും പരിശുദ്ധസിംഹാസനം എടുത്തുകാട്ടുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: