ആഗോള പ്രതിസന്ധികളുടെ മുന്നിൽ ഐക്യത്തോടെ മുന്നേറുക: കർദ്ദിനാൾ പരൊളിൻ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
നാമെല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണമെന്നും, നമ്മെത്തന്നെ പരസ്പരം വേർതിരിച്ചുനിറുത്തുവാൻ ശ്രമിക്കരുതെന്നും വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയെത്രോ പരൊളിൻ പത്രപ്രവർത്തകരോട് പറഞ്ഞു. ഉക്രൈനിലെ സ്ഥിതിഗതികളെക്കുറിച്ച് സംസാരിക്കവെയാണ്, പ്രശ്നപരിഹാരങ്ങൾക്ക് വേണ്ടി ശ്രമിക്കുന്നതിന് ഒരുമിച്ച് പ്രവർത്തിക്കുവാൻ നാം ശ്രമിക്കണമെന്ന് കർദ്ദിനാൾ പരൊളിൻ അഭിപ്രായപ്പെട്ടത്. സുസ്ഥിരമായ ഒരു ഗവൺമെന്റിനാണ് പ്രതിസന്ധികളുടെ മുന്നിലും പിടിച്ചുനിൽക്കാനാവുക എന്നതാണ് ഇപ്പോഴത്തെ ലോകത്തിന്റെ അവസ്ഥയിൽനിന്ന് വ്യക്തമാണെന് റഷ്യ ഉക്രൈൻ യുദ്ധവുമായി ബന്ധപ്പെട്ട് കർദ്ദിനാൾ പറഞ്ഞു.
ഉക്രൈനിലേക്ക് പോകാൻ ഫ്രാൻസിസ് പാപ്പാ ആഗ്രഹിക്കുന്നുണ്ടെന്നും, സാഹചര്യങ്ങൾ അനുവദിക്കുന്നതനുസരിച്ച്, കഴിവതും വേഗം പാപ്പാ കിയെവിൽ പോകുമെന്നും പറഞ്ഞ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി, യുദ്ധത്തിൽ തകർക്കപ്പെട്ട ഉക്രൈൻ ജനതയോട് പാപ്പാ തന്റെ സാമീപ്യമറിയിക്കുന്നതിന് വേണ്ടിയായിരിക്കും അവിടെ പോവുകയെന്ന് വ്യക്തമാക്കി.
ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിൽനിന്ന് ആഗോളതലത്തിൽ, ഇപ്പോൾ നാമനുഭവിക്കുന്ന ഭക്ഷ്യ, ഊർജ്ജ പ്രതിസന്ധികൾ ഉണ്ടാകുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ലെന്നും കർദ്ദിനാൾ പരൊളിൻ വ്യക്തമാക്കി. ഇപ്പോഴത്തെ സന്ദർഭത്തിൽ, കാര്യങ്ങൾ കൈകാര്യം ചെയ്യാൻ കഴിവുള്ള ആരെങ്കിലും ഉണ്ടെങ്കിലേ, പ്രശ്നപരിഹാരങ്ങൾ എളുപ്പത്തിലാക്കാൻ സാധിക്കുകയുള്ളു എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: