തിരയുക

കോംഗോ ഡെമോക്രാറ്റിക് റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ കിൻഷാസയിൽ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയത്രോ പരോളിന് നൽകിയ സ്വീകരണം. കോംഗോ ഡെമോക്രാറ്റിക് റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ കിൻഷാസയിൽ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയത്രോ പരോളിന് നൽകിയ സ്വീകരണം. 

കർദിനാൾ പരോളിൻ: കോംഗോയിൽ സമാധാനം തിരിച്ചുവരട്ടെ

കോംഗോ ഡെമോക്രാറ്റിക് റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ കിൻഷാസയിൽ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയത്രോ പരോളിൻ അർപ്പിച്ച ദിവ്യബലിയിൽ വിഭാഗീയതകൾ മറികടന്ന് സമാധാനത്തിനായി പ്രവർത്തിക്കാൻ കോംഗോ ജനതയോടു അഭ്യർത്ഥിച്ചു.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

"അസംസ്‌കൃത വസ്തുക്കളോടുള്ള അത്യാഗ്രഹവും ധനത്തിനും അധികാരത്തിനുമുള്ള ദാഹവും സമാധാനത്തിന്റെ വാതിലുകൾ കൊട്ടിയടക്കുകയും ജനങ്ങളുടെ ജീവിതത്തിനും പ്രശാന്തതയ്‌ക്കുമുള്ള അവകാശത്തിനെതിരായ ആക്രമണത്തെ പ്രതിനിധീകരിക്കുകയും ചെയ്യുന്നു എന്ന് കർദ്ദിനാൾ പരോളിൻ ചൂണ്ടികാട്ടി.  ഈ ഭവനത്തിനു സമാധാനം! കോംഗോ ദേശത്ത് സമാധാനം! എന്നും സാഹോദര്യത്തിന്റെ ഒരു ഭവനമായി അവർ മടങ്ങി വരട്ടെ എന്നും തന്റെ പ്രസംഗത്തിൽ കർദ്ദിനാൾ പിയത്രോ പരോളിൻ  ആശംസിച്ചു.

കിൻഷാസയിലെ പാർലമെന്റ് ഹൗസിനു മുന്നിൽ അർപ്പിച്ച ദിവ്യബലി മധ്യേ നൽകിയ സന്ദേശത്തിലാണ് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയത്രോ പരോളിൻ ഈ വാക്കുകൾ ഉച്ചരിച്ചത്. ഞായറാഴ്ച ഫ്രാൻസിസ് പാപ്പാ റോമിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ റോമിലുള്ള കോംഗോ സമൂഹത്തിന് വേണ്ടി ദിവ്യബലി  അർപ്പിച്ച അതേ സമയത്ത് കിൻഷാസായിൽ കർദ്ദിനാൾ അർപ്പിച്ച ദിവ്യ പൂജയിൽ ഏകദേശം 100,000 വിശ്വാസികൾ പങ്കെടുത്തു.

കഠിനമായ കാൽമുട്ട് വേദനയുടെ ചികിത്സയെത്തുടർന്ന് തന്റെ അപ്പസ്തോലിക യാത്ര മാറ്റിവയ്ക്കാൻ നിർബന്ധിതനായെങ്കിലും കോംഗോ ജനതയോടുള്ള പാപ്പയുടെ സാമീപ്യം  കർദ്ദിനാൾ പരോളിൻ വാഗ്ദാനം ചെയ്തു.

വൈദീക മേലധ്യക്ഷരും കുട്ടികളും നൽകിയ സ്വീകരണം

കർദ്ദിനാളിനെ പാർലമെന്റ് മൈതാനത്തിലേക്ക് സ്വാഗതം ചെയ്തത്  മെത്രാന്മാരും വൈദികരും ആദ്യ കുർബാന സ്വീകരിക്കുന്ന കുട്ടികളുമായിരുന്നു. സജീവവും സന്തോഷകരവുമായ ആരാധനാ സംഗീതമുയർന്ന അന്തരീക്ഷത്തിലാണ് കർദ്ദിനാൾ ദിവ്യബലി ആരംഭിച്ചത്.

നാം ആശ്ലേഷിക്കാൻ ആഗ്രഹിക്കുന്ന പ്രതീക്ഷകളും, സ്വപ്നങ്ങളും നിർഭാഗ്യവശാൽ അസ്ഥിരതയുടെയും സംഘർഷത്തിന്റെയും ഈ സമയങ്ങളിൽ ബുദ്ധിമുട്ടുകളിലൂടെയാണ്  അനുഭവിക്കുന്നത് എന്നു പറഞ്ഞ കർദ്ദിനാൾ പരോളിൻ, ആന്തരികമായി നാം കൊതിക്കുന്ന ഇവയെല്ലാം   ദൈവരാജ്യത്തിന്റെ സഫലീകരിക്കേണ്ട വാഗ്ദാനങ്ങളാണ് എന്നും ഓർമ്മിപ്പിച്ചു.

“സാഹോദര്യത്തിന്റെ മൂർത്തമായ അനുഭവത്തിനും, സമൃദ്ധവും നിറഞ്ഞു കവിയുന്നതുമായ സന്തോഷത്തിനും വേണ്ടിയാണ് ദൈവം നമ്മെ സൃഷ്ടിച്ചത്, അല്ലാതെ സമാധാനം യുദ്ധങ്ങൾക്കിടയിലുള്ള ഒരു ഹ്രസ്വമായ ഇടവേളയല്ല,” എന്ന് കർദിനാൾ പറഞ്ഞു.

ഒരിക്കലും നിങ്ങൾ സ്വയം തോറ്റു കൊടുക്കരുത്

തൊഴിലില്ലായ്മ, മലിനീകരണം, രാജ്യത്തിന്റെ കിഴക്കൻ മേഖലയിലെ ക്രൂരമായ അക്രമം എന്നിവയുൾപ്പെടെ കോംഗോ ജനത  അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ അദ്ദേഹം സൂചിപ്പിച്ചു. സ്വയം തോറ്റു കൊടുക്കരുതെന്നും, നിരുത്സാഹപ്പെടുത്തലിനു വഴങ്ങരുതെന്നും കോംഗോയിലെ ജനതകളോടു അദ്ദേഹം അഭ്യർത്ഥിച്ചു.

"യാഥാർത്ഥ്യത്തിന് മുന്നിൽ തോറ്റുകൊടുക്കുകയും, വിധിയെന്ന് കരുതി തന്നിലേക്ക് തന്നെ ഒതുക്കി, പലപ്പോഴും തിരിച്ചറിയാതെ ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടി, ഒരുതരം ഇരയാക്കലിൽ വീണ്, പുനർനിർമ്മാണ ശ്രമത്തിന്റെ ഭാരം മറ്റുള്ളവരെ ഏൽപ്പിക്കുക എന്നിവയാണ് ഇന്നത്തെ പ്രലോഭനം എന്ന് കർദ്ദിനാൾ പരോളിൻ പറഞ്ഞു. എന്നാൽ ഇവയ്ക്ക് പകരം, ഏകാന്തതയും, ദുഃഖവും, നിരാശയും മാറ്റിവെക്കാൻ ദൈവം നമ്മെ സഹായിക്കുകയും അതിനായി പ്രവർത്തിക്കുകയും ചെയ്യുന്നു  എന്ന് വത്തിക്കാൻ  സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പരോളിൻ പറഞ്ഞു.

 "ഒരുമിച്ച് ഐക്യത്തോടെ നിന്ന്, പക്ഷപാതത്തിന്റെ ഏത് മനോഭാവത്തെയും വംശീയതയുടെ ഏത് വിഭജനത്തെയും അതിജീവിച്ച് ഭാവിയിലേക്ക് നോക്കാൻ ദൈവം നമ്മെ വിളിക്കുന്നു," അദ്ദേഹം പറഞ്ഞു.

“ഏത് പരീക്ഷണവും നേരിടാൻ  നമ്മെ സഹായിക്കാൻ ദൈവത്തിന് കഴിയുമെന്ന് കർദിനാൾ പരോളിൻ അനുസ്മരിച്ചു, കാരണം അവൻ വിദൂരത്തല്ല, നമ്മോടൊപ്പം നടക്കുന്നു. അവന്റെ കാലടികൾ ശബ്ദമുണ്ടാക്കുന്നില്ല, മറിച്ച് തുറന്ന പാതകളാണ്. കടന്നുപോകുന്ന ഓരോ ദിവസവും മറ്റൊരു നിരാശയെ പ്രതിനിധാനം ചെയ്യുന്നില്ല, മറിച്ച് അവന്റെ സമാധാനത്തിന്റെ വാഗ്ദാനത്തോടു അടുപ്പിക്കുകയാണ് എന്ന് കർദ്ദിനാൾ പരോളിൻ അവരോടു പങ്കുവച്ചു.

കോംഗോയുടെ കിഴക്ക് ഭാഗത്തുള്ള സമാധാന ഭീഷണി

സമാധാനം എന്ന് അർത്ഥമുള്ള "പൈക്സ്" എന്ന വാക്ക് ഉപയോഗിച്ച കർദ്ദിനാൾ  "സായുധ സംഘർഷങ്ങളാൽ ചൂഷണം ചെയ്യപ്പെടുകയും, സ്വാർത്ഥതാൽപ്പര്യങ്ങൾ കൊള്ളയടിക്കുകയും ചെയ്യുന്ന കോംഗോയുടെ കിഴക്കൻ  മേഖലയിൽ ഉള്ള സമാധാനത്തിന്റെ തുടർച്ചയായ ഭീഷണിയെക്കുറിച്ചും സൂചിപ്പിച്ചു. ഈ രാജ്യം പണ്ടേ ഇതിന്റെ ഇരയാണെന്നും കർദ്ദിനാൾ പരോളിൻ പറഞ്ഞു.

"അസംസ്കൃത വസ്തുക്കളോടുള്ള ആർത്തിയും പണത്തിനും അധികാരത്തിനുമുള്ള ദാഹവും സമാധാനത്തിലേക്കുള്ള വാതിലുകൾ കൊട്ടിയടയ്ക്കുകയും ജനങ്ങളുടെ ജീവിക്കാനും ശാന്തതയ്ക്കുമുള്ള അവകാശത്തിനുമേലുള്ള ആക്രമണത്തെ പ്രതിനിധീകരിക്കുകയും ചെയ്യുന്നു." അദ്ദേഹം വ്യക്തമാക്കി. ഇതിന് പകരം, ഈ ഭവനത്തിന് സമാധാനം എന്ന് പറയാൻ തന്റെ ശിഷ്യൻമാരെ അയച്ചു കൊണ്ട്  ആവശ്യപ്പെട്ട യേശുവിന്റെ ആ

വാക്കുകൾ ആവർത്തിക്കാനും കോംഗോയുടെ ഭൂമിയിൽ സമാധാനം എന്നും സാഹോദര്യത്തിന്റെ ഭവനമായി മടങ്ങട്ടെ എന്നും അദ്ദേഹം ആശംസിക്കുകയും ചെയ്തു. തുടർന്ന് കോംഗോയിലെ ബഹുഭൂരിപക്ഷം വരുന്ന ക്രിസ്ത്യാനികളെയും അവരുടെ നേതാക്കളോടൊപ്പം സമാധാനത്തിനായി പ്രവർത്തിക്കാൻ കർദിനാൾ ക്ഷണിച്ചു. സൃഷ്ടിയുടെ സൗന്ദര്യത്താൽ അനുഗ്രഹീതമായ  മഹത്തായ രാജ്യം  എല്ലാറ്റിനുമുപരിയായി അവിടെ വന്നിരുന്ന ജനതയുടെ സമ്പന്നതയിൽ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നുവെന്ന് കർദ്ദിനാൾ പറഞ്ഞു. ഫ്രാൻസിസ് പാപ്പയുടെ സാമീപ്യത്തിന്റെ പ്രകടനത്തോടെയാണ്  കർദ്ദിനാൾ പരോളിൻ തന്റെ പ്രസംഗം ഉപസംഹരിച്ചത്. ശനിയാഴ്ച പാപ്പാ കോംഗോ ജനതയ്ക്ക് അയച്ച വീഡിയോ സന്ദേശം ദിവ്യബലിക്ക് മുമ്പ് വലിയ  സ്‌ക്രീനുകളിൽ പ്രദർശിപ്പിച്ചു.

“"നന്മയെക്കുറിച്ചുള്ള പ്രതീക്ഷകൾ നിങ്ങൾക്ക് ഒരു നിർജ്ജീവ അക്ഷരമായി തോന്നിയാൽ നിരുത്സാഹപ്പെടരുത്, നമ്മുടെ പേരുകൾ ഇതിനകം സ്വർഗ്ഗത്തിൽ എഴുതപ്പെട്ടിട്ടുണ്ട്. കാരണം നാം പുനരുത്ഥാനത്തിന്റെ മക്കളും പ്രത്യാശയുടെ സാക്ഷികളുമാണ്!"”

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

04 ജൂലൈ 2022, 14:56