തിരയുക

 2019-ൽ പ്രായപൂർത്തിയാകാത്തവരുടെ സംരക്ഷണത്തിനായി  ഉച്ചകോടിയിൽ പാപ്പാ. 2019-ൽ പ്രായപൂർത്തിയാകാത്തവരുടെ സംരക്ഷണത്തിനായി ഉച്ചകോടിയിൽ പാപ്പാ. 

പ്രായപൂർത്തിയാകാത്തവരുടെ നേരെയുള്ള പുരോഹിതരുടെ ലൈംഗീകചൂഷണത്തെ നേരിടാൻ നവീകരിച്ച മാർഗ്ഗരേഖ പ്രസിദ്ധീകരിച്ചു

ആദ്യ പതിപ്പ് പുറത്തിറക്കി രണ്ടു വർഷത്തിനു ശേഷം വിശ്വാസ പ്രബോധനങ്ങൾക്കായുള്ള ഡിക്കാസ്റ്ററി പ്രായപൂർത്തിയാകാത്ത കുട്ടികളുടെ മേൽ വൈദീകർ നടത്തുന്ന ലൈംഗീകാതിക്രമങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനെക്കുറിച്ച് ഒരു രണ്ടാം പതിപ്പ് പ്രസിദ്ധീകരിച്ചു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

"Vademecum on Certain Points of Procedure In Treating Cases of Sexual Abuse of Minors Committed by Clerics" എന്ന പേരിൽ പ്രസിദ്ധീകരിച്ച പുതിയ മാർഗ്ഗരേഖ, വൈദീകർ ലൈംഗീക കുറ്റാരോപിതരാകുമ്പോൾ എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ടതും ചെയ്യേണ്ടതും എന്നതിന് മെത്രാന്മാർക്കും അധികാരത്തിലിരിക്കുന്നവർക്കും മാർഗ്ഗ നിർദ്ദേശം നൽകിയ 2020ലെ  മാർഗ്ഗരേഖയിൽ നിന്ന് രൂപം കൊണ്ടതാണ് എന്ന് വത്തിക്കാനിലെ വിശ്വാസ പ്രബോധനങ്ങൾക്കായുള്ള ഡിക്കാസ്റ്ററി തിങ്കളാഴ്ച പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ പറഞ്ഞു.

ഡിക്കാസ്റ്ററിയുടെ അഭിപ്രായത്തിൽ ഈ മാർഗ്ഗരേഖയ്ക്ക് നിയമസാധുതയില്ല എങ്കിലും, വിവിധ നടപടിക്രമങ്ങളിൽ പല തരത്തിലുള്ള കടമ നിർവ്വഹിക്കേണ്ടി വരുന്നവർക്ക് നേരത്തെ വിവരിച്ച സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്ന രീതികളെക്കുറിച്ച് അറിയേണ്ടതിന്റെ വർദ്ധിച്ചു വരുന്ന ആവശ്യകതയ്ക്ക് ഉത്തരം നൽകാൻ ഉദ്ദേശിച്ചുള്ളതാണ്.

ആദ്യ വാദേമെക്കുമിന്റെ ഫലങ്ങൾ

പ്രായപൂർത്തിയാകാത്തവരുടെ സംരക്ഷണത്തിനായി വിളിച്ച ഫെബ്രുവരി 2019ലെ  സമ്മേളനത്തിന്റെ ഒരുദ്ദേശം ജൂലൈ 2020ലെ വാദേമെക്കും രൂപീകരിക്കുക എന്നതായിരുന്നു. ചൂഷണത്തെ നേരിടാനും ചെറുപ്പക്കാരെയും ബലഹീനരെയും ശരിയായി സംരക്ഷിക്കാനുവേണ്ടി അന്നുവരെ സംഭവിക്കാത്ത രീതിയിൽ  ഒരു യോഗത്തിന് ലോകത്തിലെ മുഴുവൻ മെത്രാൻ സമിതികളുടേയും അദ്ധ്യക്ഷരെയും റോമിലേക്ക് ഫ്രാൻസിസ് പാപ്പാ വിളിച്ചു വരുത്തി. ആദ്യ പതിപ്പിന്റെ പ്രസിദ്ധീകരണം, രീതികൾ ക്രമപ്പെടുത്താനും, പരിശീലനം നൽകാനും, നിയമ ഗ്രന്ഥങ്ങളിൽ പലപ്പോഴും മതിയായ ഉത്തരം കണ്ടെത്താനാവാത്ത പ്രശ്നങ്ങൾ പരിഹരിക്കാനും സഹായകമായി എന്ന് ഡിക്കാസ്റ്ററി ചൂണ്ടിക്കാണിക്കുന്നു. ആദ്യത്തെ പതിപ്പിൽ ഭാവിയിലുള്ള പരിഷ്കരണങ്ങളെക്കുറിച്ച് പരോക്ഷമായ സൂചനകളും നൽകിയിരുന്നു.

പുതിയ നടപടികൾ ഉൾക്കൊള്ളിക്കുന്ന നവീകരിച്ച പതിപ്പ് 

കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ അക്കാഡമിക് കേന്ദ്രങ്ങളിൽ നിന്നും ഈ മേഖലയിൽ നടന്ന പഠനങ്ങളിൽ നിന്നുമുള്ള വിവിധ സംഭാവനകൾ ശ്രദ്ധാപൂർവ്വം നവീകരണ പ്രക്രിയയിൽ പരിഗണിച്ചിട്ടുണ്ട് എന്ന് വത്തിക്കാൻ അടിവരയിട്ടു. കൂടാതെ ഈ മേഖലയിൽ പ്രവർത്തിക്കുന്ന സഭാ സംഘടനകളുമായി നടന്ന നിരന്തര ചർച്ചകളിൽ നിന്ന് ഉരുത്തിരിഞ്ഞ നിർദ്ദേശങ്ങൾ പല ആശയങ്ങളും വ്യക്തമാക്കാനും മെച്ചപ്പെടുത്തുവാനും ഉപകരിച്ചതായി റിപ്പോർട്ടിൽ പറയുന്നു.

വാദേമെക്കുമായി ഇതിനകം പരിചയമുള്ളവർക്ക് വ്യത്യസ്ത വിഷയങ്ങളിലേക്ക് കടക്കുന്നത് എളുപ്പമാക്കാൻ ആദ്യ പതിപ്പിലെ നമ്പറുകൾ നില നിർത്തിയിട്ടുമുണ്ട്. കാനൻ നിയമത്തിലും വിശ്വാസ തിരുസംഘത്തിലും വന്ന മാറ്റങ്ങളും, പുതുക്കിയ മോത്തു പ്രോപ്രിയോകളും  ആദ്യ പതിപ്പിന്റെ നവീകരണം അനിവാര്യമാക്കി എന്ന് വ്യക്തമാക്കിയ ഡിക്കാസ്റ്ററി വീണ്ടും ഭാവിയിൽ നവീകരണത്തോടുള്ള തുറവും  അതോടൊപ്പം നിർദ്ദേശങ്ങളും  സ്വാഗതം ചെയ്യുകയും ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

28 ജൂൺ 2022, 14:42