തിരയുക

വിശുദ്ധ പത്രോസിന്റെയും, പൗലോസിന്റെയും ചിത്രം. വിശുദ്ധ പത്രോസിന്റെയും, പൗലോസിന്റെയും ചിത്രം. 

വിശുദ്ധ പത്രോസിന്റെയും, പൗലോസിന്റെയും തിരുനാളിൽ ഓർത്തഡോക്സ് പ്രതിനിധി സംഘം റോം സന്ദർശിക്കുന്നു

ദീർഘകാലമായുള്ള പാരമ്പര്യമനുസരിച്ച്, കത്തോലിക്കാ - ഓർത്തഡോക്സ് സഭകൾ തമ്മിലുള്ള ഐക്യം കെട്ടിപ്പടുക്കുന്നതിൽ സഹായിക്കാൻ കോൺസ്റ്റാന്റിനോപ്പിളിലെ എക്യുമെനിക്കൽ പാത്രിയാർക്കേറ്റിന്റെ ഒരു പ്രതിനിധി സംഘം ഈ ആഴ്ച റോമിൽ എത്തി.

സി.റൂബിനി സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

കോൺസ്റ്റാന്റിനോപ്പിളിലെ എക്യുമെനിക്കൽ പാത്രിയാർക്കേറ്റിന്റെ ഔദ്യോഗിക പ്രതിനിധി സംഘം ജൂൺ 28-30 തീയതികളിൽ നടത്തുന്ന റോമിലേക്കുള്ള സന്ദർശനത്തോടനുബന്ധിച്ച് ക്രൈസ്തവ ഐക്യം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഡിക്കാസ്റ്ററി തിങ്കളാഴ്ച പ്രസ്താവനയിറക്കി.

സ്വർഗ്ഗീയ മദ്ധ്യസ്ഥരുടെ തിരുനാൾ ആഘോഷങ്ങളോടനുബന്ധിച്ച് പരമ്പരാഗതമായി ഇരു സഭകളുടെയും പ്രതിനിധി സംഘങ്ങൾ  പരസ്പരം സന്ദർശനം നടത്താറുണ്ട്. അപ്പോസ്തലന്മാരായ വിശുദ്ധ പത്രോസിന്റെയും പൗലോസിന്റെയും തിരുനാളായ  ജൂൺ 29ന് റോമിലേക്കും വിശുദ്ധ അന്ദ്രേയാ അപ്പോസ്തലന്റെ തിരുനാളായ നവംബർ 30ന് ഇസ്താംബൂളിലേക്കും നടത്തുന്ന    പരമ്പരാഗതസന്ദർശനത്തിന്റെ ഭാഗമാണിത് എന്ന് പ്രസ്താവന  വെളിപ്പെടുത്തി.

ടെൽമിസ്സോസിലെ ആർച്ചുബിഷപ്പ് ജോബാണ് ഓർത്തഡോക്സ് പ്രതിനിധി സംഘത്തെ നയിക്കുന്നത്. ഹാലികാർനാസസ് ബിഷപ്പ് അഡ്രിയാനോസും പാത്രിയാർക്കൽ ഡീക്കൻ ബർണബാസ് ഗ്രിഗോറിയാഡിസും അദ്ദേഹത്തോടൊപ്പമുണ്ടാകും. കത്തോലിക്കാ സഭയും ഓർത്തഡോക്‌സ് സഭയും തമ്മിലുള്ള ദൈവശാസ്ത്ര സംവാദത്തിനായുള്ള അന്തർദേശീയ സംയുക്ത കമ്മീഷന്റെ സഹ അധ്യക്ഷനാണ് ആർച്ച് ബിഷപ്പ് ജോബ്.

വിശുദ്ധ പത്രോസിന്റെയും പൗലോസിന്റെയും  തിരുനാളിനോടനുബന്ധിച്ച് ജൂൺ 29 ബുധനാഴ്ച ഫ്രാൻസിസ് പാപ്പയുടെ നേതൃത്വത്തിൽ അർപ്പിക്കപ്പെടുന്ന  ദിവ്യബലിയിൽ പങ്കെടുക്കുന്ന പ്രതിനിധി സംഘം ജൂൺ 30 ആം തിയതി വ്യാഴാഴ്ച പാപ്പയുമായി കൂടിക്കാഴ്ച നടത്തും.

റോമിൽ കഴിയുന്ന ആ മൂന്ന് ദിവസങ്ങളിൽ, പ്രതിനിധി സംഘം ക്രൈസ്തവ ഐക്യം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഡികാസ്റ്ററിയുമായി ചർച്ചകൾ നടത്തുകയും ചെയ്യും.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

28 ജൂൺ 2022, 14:24