തിരയുക

പത്താം  ആഗോള കുടുംബ സംഗമം. പത്താം ആഗോള കുടുംബ സംഗമം.  

കർദ്ദിനാൾ ആഞ്ചലോ ദെ ദൊണാത്തിസ് : കുടുംബം ഒരു നഷ്ടപ്പെട്ട യഥാർത്ഥ്യമല്ല

ആഗോള കുടുംബ സംഗമം : കർദ്ദിനാൾ ആഞ്ചലോ ദെ ദൊണാത്തിസ് നൽകിയ വചന പ്രഘോഷണം.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഒരിടയന്റെ കീഴിൽ ഒരാട്ടിൻപറ്റം പോലെ ഇവിടെ ഒരുമിച്ചുകൂടിയതിലുള്ള ഒത്തിരി സന്തോഷത്തോടെ തിരുഹൃദയത്തിന്റെ തിരുനാൾ ദിനം ആരംഭിക്കുന്നു എന്നു പറഞ്ഞാരംഭിച്ച വചന പ്രലോഷണം നല്ലിടയന്റെ രൂപത്തെ കേന്ദ്രീകരിച്ചു കൊണ്ടാണ് മുന്നോട്ടു നീങ്ങിയത്. റോമിലെ കാറ്റകോംബുകളിൽ വരച്ചിട്ടിരിക്കുന്ന ഇടയന്റെ ചിത്രങ്ങൾ റോമാക്കാരെ സംബന്ധിച്ചിടത്തോളം എളിയതും ശാന്തവുമായ ജീവിതത്തിന്റെ പ്രതീകമാണെങ്കിലും ക്രൈസ്തവരെ സംബന്ധിച്ച് അതിന് ആഴമായ അർത്ഥമുണ്ട് എന്ന് കർദ്ദിനാൾ ദൊണാത്തിസ് പറഞ്ഞു.

നല്ല ഇടയൻ

ഇരുണ്ട താഴ്വരയിലൂടെ കടക്കുന്ന വഴികളും നമ്മുടെ അങ്ങേയറ്റത്തെ ഏകാന്തതയിലും  കൂടെ നടക്കുന്നവനുമാണ് യഥാർത്ഥ ഇടയൻ. അവൻ സ്വയം ഈ വഴിയെ നടന്ന് മരണത്തെ പുൽകുകയും, മരണത്തെ ജയിച്ച്, നമ്മോടൊപ്പം നടന്ന്, അവനോടൊപ്പമുള്ള യാത്രയിൽ നമുക്ക് സുരക്ഷ നൽകുന്നവനുമാണ്. ഈ പ്രതിരൂപം ആഗോള കുടുംബ സംഗമത്തിന് കൂടുതൽ വെളിച്ചം പകരുന്നു എന്നും ഇന്ന് നല്ലിടയനായ ക്രിസ്തുവിന്റെ ഹൃദയം ലോകം മുഴുവനുമുള്ള ഹൃദയങ്ങളെ കീഴടക്കുകയാണെന്നും പാപ്പായുടെ വികാരിയായ കർദ്ദിനാൾ അറിയിച്ചു. ദൈവത്തോടു സമ്മതം മൂളിയതിൽ സന്തോഷിക്കുന്ന ആ ഹൃദയങ്ങളൾ തങ്ങളുടെയും ലോകത്തിന്റെയും  ചരിത്രത്താൽ മുറിവേറ്റവയാണ്. മണവാളനായ ക്രിസ്തുവിന്റെ നിരന്തര സാന്നിധ്യത്തിന് ഇന്നത്തെ നമ്മുടെ ചരിത്രത്തിൽ സാക്ഷ്യം നൽകാവുന്ന സുവിശേഷത്തിന്റെ പുതുമയ്ക്ക് തുറവുള്ള ഹൃദയങ്ങളാണ് അവ എന്നും കർദ്ദിനാൾ പറഞ്ഞു.

കുടുംബം ഒരു നഷ്ടപ്പെട്ട യഥാർത്ഥ്യമല്ല

കുടുംബം ഒരു നഷ്ടപ്പെട്ട, അസ്തമിച്ച കാര്യമാണ് എന്നത് സത്യമല്ല എന്ന് പറഞ്ഞ കർദിനാൾ അത് ലോകത്തിന്റെ വഴി കടക്കുകയും നമ്മെ വിശുദ്ധിയുടെ വഴി കണ്ടെത്താൻ വിളിക്കുകയും ചെയ്യുന്ന നല്ലിടയന്റെ ശക്തവും അലിവാർന്നതുമായ തോളിലാണ് എന്ന് പറഞ്ഞു. നല്ലിടയന്റെ ഉപമ അവസാനിക്കുന്നത്  ഇടയ ഭവനത്തിലെ ആഘോഷത്തോടെയാണ്. ഭവനത്തിന്റെ സാഹചര്യത്തിൽ സമാധാനം കണ്ടെത്തുന്ന ആടിന്റെ രൂപത്തിന്റെ മനോഹാരിതയെ എടുത്തു പറഞ്ഞ കർദിനാൾ സുഹൃത്തുക്കൾ നിറഞ്ഞ ഭവനത്തിൽ ഇടയന്റെ ഹൃദയം സന്തോഷത്താൽ തുടിക്കുമെന്നും കൂട്ടിച്ചേർത്തു.

എന്നാൽ കുടുംബങ്ങൾ ഇന്ന് പലപ്പോഴും ഉൽസവ ഭവനങ്ങളല്ല മറിച്ച് വിഭജനത്തിന്റെയും, നിശബ്ദതയുടെയും, ആകാംക്ഷയുടേയും  ചിലപ്പോഴെല്ലാം അതിക്രമങ്ങളുടെയും ഇടങ്ങളാണെന്നതും കർദ്ദിനാൾ ചൂണ്ടിക്കാണിച്ചു. ശാന്തമായ അഭയകേന്ദ്രമാകേണ്ടതിനു പകരം പലപ്പോഴും മറ്റുള്ളവരിൽ നിന്നും കുടുംബത്തിൽ ഉള്ളവരിൽ നിന്നുതന്നെയും സ്വയം രക്ഷിക്കാൻ അടച്ചു പൂട്ടേണ്ട കൂടായി മാറുന്നു എന്നതും അദ്ദേഹം സൂചിപ്പിച്ചു. പലപ്പോഴും ഹൃദയമില്ലാത്ത ശരീരങ്ങളായി കുടുംബങ്ങളിൽ അന്യരെ പോലെയാകുന്ന സാഹചര്യങ്ങളും കർദ്ദിനാൾ എടുത്തു പറഞ്ഞു.

കുടുംബം കൂടുതൽ സഭയും സഭ കൂടുതൽ കുടുംബവുമാവുക

എന്നാൽ സഭയാകുന്ന വലിയ കുടുംബത്തിൽ അംഗങ്ങളായ ക്രൈസ്തവരായ നമ്മിൽ സ്നേഹത്തിന്റെ സന്തോഷത്തിൽ ജീവിക്കുന്ന കുടുംബങ്ങളെ ലോകത്തിന് കാണാൻ കഴിയണം, അദ്ദേഹം അടിവരയിട്ടു. അതിനാൽ ക്രിസ്തുവിന്റെ ഹൃദയം അനുകരിക്കുന്ന "ഹൃദയ " മാകാൻ  അദ്ദേഹം ക്ഷണിച്ചു. അങ്ങനെ മാത്രമെ കുടുംബം കൂടുതൽ സഭയാകൂ എന്നും സഭ കൂടുതൽ കുടുംബമാകൂ എന്നും കർദ്ദിനാൾ ചൂണ്ടിക്കാണിച്ചു. അപ്പോൾ നമ്മുടെ ഹൃദയം പരിശുദ്ധാത്മാവിന്റെ കൃപയാൽ  സ്നേഹം അളവില്ലാതെ ചൊരിഞ്ഞ കടലായി മാറും. അത് മനുഷ്യന്റെ അകത്തടം സ്പർശിച്ച് സ്പടികം പോലെ പ്രകമ്പനം ചെയ്യും. ഇത്തരം കുടുംബങ്ങൾ സ്നേഹത്തിന്റെ സന്തോഷം പകർന്ന് മറ്റുള്ളവരെ മാറ്റുകയും രൂപാന്തരപ്പെടുത്തുകയും ചെയ്യും.

കുടുംബത്തിൽ പ്രാർത്ഥനയ്ക്കിടം കണ്ടെത്തുക

ഇന്ന് അവിടെ സന്നിഹിതരായവർക്കും, ധൈര്യത്തോടും സന്തോഷത്തോടും കൂടെ ലോകം മുഴുവനും ജീവൻ നൽകി ലോകത്തിന് ജീവൻ പകരുന്ന അവരുടെ കുടുംബത്തിന്റെ ഊർജ്ജസ്വലതയ്ക്കും അവർ ഹൃദയത്തോടെ പറയുന്ന സമ്മതത്തിനും കർത്താവിന് അവരോടൊപ്പം നന്ദി പറയാൻ ആഗ്രഹിക്കുന്നതായി കർദ്ദിനാൾ അറിയിച്ചു. അവർ പറയുന്ന ആ  സമ്മതം അവരുടെ ഓരോ ദിവസവുമുള്ള സന്തോഷവും, സന്താപവും, ആകാംക്ഷയും നിരാശയും, പുഞ്ചിരിയും, കണ്ണീരും  ജീവനും മരണവും  കലർന്ന   പ്രവർത്തികളിലുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. അത് മാതാവിന്റെയും, പിതാവിന്റെയും, സഹോദരീ സഹോദരരുടെയും, മക്കളുടെയും ഹൃദയമാണ്. അതിനാൽ കർത്താവിനോടു അവിടത്തെ ഹൃദയത്തിന് നമ്മുടെ ഭവനങ്ങളിൽ മേൽവിലാസം എടുക്കാൻ ആവശ്യപ്പെടാം. നമ്മുടെ വാതിലുകൾ തുറക്കാം, കുടുംബത്തിൽ പ്രാർത്ഥനയ്ക്ക് വീണ്ടും ഇടം നൽകാം. സമൂഹത്തിന് തുറവുള്ളവരാകാം. ദൈവസ്നേഹത്തിന് സാക്ഷികളാകാം. ഹൃദയ കാഠിന്യം വെടിഞ്ഞ് നമ്മുടെ പക്ഷത്തെ മുറുകെ പിടിക്കാതെ മറ്റുള്ളവരെ ശ്രവിക്കാനും, സംവാദിക്കാനും ക്ഷമിക്കാനും കർദ്ദിനാൾ ആഹ്വാനം ചെയ്തു. അങ്ങനെ ആഘോഷങ്ങൾക്കായി  നമ്മുടെ കുടുംബങ്ങളുടെ വാതിലുകൾ തുറക്കുമ്പോൾ  മറ്റു കുടുംബങ്ങളെ, അതില്ലാത്തവരെ ശ്രവിക്കാൻ നമ്മെ സഹായിക്കുമെന്നും അങ്ങനെ വിശുദ്ധി എത്തിപിടിക്കാനാവാത്ത ഒരു ലക്ഷ്യമല്ല എന്നു നമുക്ക് മനസ്സിലാക്കാൻ കഴിയുമെന്നും കർദ്ദിനാൾ വിശദീകരിച്ചു. അങ്ങനെ വിമർശിക്കാതെയും വിധിക്കാതെയും ശ്രവിക്കയും കൂടെ സഞ്ചരിക്കുകയും ചെയ്യുന്ന, ദുരിതങ്ങൾ കാണുകയും കരുണയുടെ സൗന്ദര്യം അനുഭവവേദ്യമാക്കുകയും ചെയ്യുന്ന ഹൃദയമുള്ള ഒരിടയനെപ്പോലെ നീങ്ങാൻ കർദ്ദിനാൾ തന്റെ വചനപ്രഘോഷണത്തിൽ ആഹ്വാനം ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 June 2022, 15:16