തിരയുക

വി. പത്രോസ് ചത്വരം. വി. പത്രോസ് ചത്വരം. 

പരിശുദ്ധ സിംഹാസനത്തിന്റെ ഉദ്യോഗസ്ഥ സഞ്ചയ ക്രമീകരണം (Personnel management) സാമ്പത്തിക കാര്യാലയത്തിലേക്ക് മാറ്റുന്നു

പ്രെദിക്കാത്തെ ഇവഞ്ചേലിയും നടപ്പിലാക്കുന്നതിന്റെ ഭാഗമായി സാമ്പത്തിക കാര്യാലയത്തിന്റെ അദ്ധ്യക്ഷനായ ഫാ. ഹുവാൻ അന്തോണിയോ ഗ്വെരേരോ ആൽവെസ് ഉദ്യോഗസ്ഥ സമൂഹത്തിന്റെ ക്രമീകരണത്തിൽ വരുന്ന മാറ്റങ്ങൾ വിശദീകരിച്ചു കൊണ്ട് വത്തിക്കാനിലെ ഡിക്കാസ്ട്രിയുടെ തലവന്മാർക്ക് കത്തെഴുതി.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

പുതിയ അപ്പോസ്തോലിക ഭരണഘടന പ്രെദിക്കാത്തെ എവഞ്ചേലിയും വരുന്ന ജൂൺ 5 ആം തിയതി പ്രാബല്യത്തിൽ വരുന്നതോടെ പരിശുദ്ധ സിംഹാസനത്തിന്റെ ഔദ്യോഗിക സമൂഹത്തിന്റെ ക്രമീകരണങ്ങൾ വത്തിക്കാൻ രാജ്യത്തിന്റെ ഔദ്യോഗിക കാര്യാലയത്തിൽ നിന്ന് സാമ്പത്തിക കാര്യാലയത്തിലേക്ക് മാറ്റുകയാണ്. അതിനു മുന്നോടിയായി, സാമ്പത്തിക കാര്യാലയത്തിന്റെ തലവ൯ വത്തിക്കാൻ ഡിക്കാസ്ട്രിയുടെ തലവന്മാർക്ക് ഒരു പുതിയ മനുഷ്യവിഭവ ഡയറക്ടറേറ്റിന്റെ സ്ഥാപനത്തെക്കുറിച്ച് അറിയിച്ചു കൊണ്ട് കത്തെഴുതുകയായിരുന്നു. പുതിയ ഡയറക്ടറേറ്റിന്റെ ഉത്തരവാദിത്വങ്ങളെയും കടമകളെയും വിശദീകരിച്ച ഫാ. ഗ്വെരേരോ, വത്തിക്കാനിലെ എല്ലാ ജോലിക്കാരുടെയും ജോലിയുടെ ഗുണനിലവാരം ഉയർത്താൻ വേണ്ട ഉപദേശങ്ങളും നിർദ്ദേശങ്ങളും നൽകാൻ ആവശ്യപ്പെടുകയും ചെയ്തു.

തൊഴിൽപരമായ (professional) നൈപുണ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക

വ്യക്തിഗതമായ ആസൂത്രണത്തിന്റെയും തിരഞ്ഞെടുപ്പിന്റെയും പ്രാധാന്യമാണ് അദ്ദേഹം ആദ്യമായി എടുത്തു പറഞ്ഞത്. സാമ്പത്തികമായി സുസ്ഥിരവും തുല്യമമായ ഒരു സംവിധാനത്തിൽ ഓരോ ഡിക്കാസ്ട്രിയിലും ആവശ്യമായ ഔദ്യോഗിക കഴിവുള്ള ജീവനക്കാർ ഉണ്ടെന്ന് ഉറപ്പാക്കുകയാണ് പ്രാഥമിക ലക്ഷ്യം എന്ന് അദ്ദേഹം പറഞ്ഞു. പ്രൊഫഷണലിസത്തിനും വർദ്ധിച്ച ചലനാത്മകതയ്ക്കും അഭിമാനകരമായ സ്ഥാനം നൽകണമെന്ന് കൂട്ടി ചേർത്ത അദ്ദേഹം, പരിശുദ്ധ സിംഹാസനത്തിനു വേണ്ടി ജോലി ചെയ്യുന്നതിന്റെ അർത്ഥമെന്തെന്ന് അറിയാവുന്ന ജീവനക്കാരെ  നിയമിക്കേണ്ടതിന്റെ ആവശ്യവും പരിശുദ്ധ സിംഹാസനത്തിനുണ്ടെന്ന് അടിവരയിട്ടു.

രൂപീകരണ തുടർച്ച

ഇപ്പോഴുള്ള ജോലിക്കാരുടെ നിലവിലുള്ള രൂപീകരണം മെച്ചപ്പെടുത്താൻ പുതിയ ഡയറക്ടറേറ്റ് പരിശ്രമിക്കും. പരിശുദ്ധ സിംഹാസനത്തിന്റെ വിവിധ കാര്യാലയങ്ങളിലുള്ള ജീവനക്കാരെ പരിശീലന പരിപാടികളിലൂടെ ആന്തരീക ചലനാത്മകത പ്രോൽസാഹിപ്പിച്ചു കൊണ്ടു  അവരുടെ ഔദ്യോഗിക ജീവിത പാതയിൽ ഔദ്യോഗിക നൈപുണ്യങ്ങൾ സ്വായത്തമാക്കുന്നതിനും സഹായിക്കും. ഓരോ ജീവനക്കാരന്റെയും ജോലിയെ വസ്തുനിഷ്ഠമായി വിലയിരുത്താനുള്ള ഒരു സംവിധാനം സൃഷ്ടിക്കാൻ ഫാ. ഗ്വെരേരോ നിർദ്ദേശിച്ചു. നിയമങ്ങളുടേയും വ്യവസ്ഥകളുടേയും ശരിയായ പ്രയോഗം പരിശോധിക്കാനുള്ള നടപടിക്രമങ്ങൾ കാര്യക്ഷമമാക്കാൻ സാമ്പത്തിക കാര്യാലയം പ്രതീക്ഷിക്കുന്നു.

യോഗ്യത അനുസരിച്ചുള്ള ശമ്പള വർദ്ധന

കത്തിലെ മറ്റൊരു പ്രധാന ഭാഗം പരിശുദ്ധ സിംഹാസനത്തിലെ തൊഴിൽ സംവിധാനത്തിൽ പുതിയതായി കൊണ്ടുവരുന്ന ശമ്പളത്തിനും പ്രോൽസാഹനങ്ങൾക്കുമായി നീക്കിവച്ചിരിക്കുന്നു. ജീവനക്കാർക്ക് പ്രചോദനം നൽകാൻ പരിശുദ്ധ സിംഹാസനം യോഗ്യത അധിഷ്ഠിതമായ വേതന സമ്പ്രദായം നടപ്പിലാക്കുന്നത് പരിഗണിക്കും. നിശ്ചിത ശമ്പള വർദ്ധനയോടൊപ്പം വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ അർഹതയുള്ളവർക്ക് പ്രതിഫലം നൽകുകയും ചെയ്യും.

വത്തിക്കാൻ ജീവനക്കാർ തമ്മിലുള്ള കൂട്ടായ്മ

പരിശുദ്ധ സിംഹാസനത്തിലെ തൊഴിൽ അന്തരീക്ഷത്തെ പരിപാലിക്കേണ്ടതിന്റെ പ്രാധാന്യം ഫാ. ഗ്വെരേരോ ഉയർത്തിക്കാണിച്ചു. പുതിയ ഡയറക്ടറേറ്റ് ജീവനക്കാർ തമ്മിലുള്ള കൂട്ടായ്മയും പരിശുദ്ധ സിംഹാസനത്തിന്റെയും സഭയുടെയും ദൗത്യത്തിലുള്ള പങ്കു ചേരലും വളർത്താൻ ശ്രമങ്ങൾ നടത്തും. അത് അഭ്യന്തര ആശയ വിനിമയം വഴിയും, കൂടിക്കാഴ്ചകളിലൂടെയും, സേവനങ്ങൾ പങ്കിടുന്നതിലൂടെയും, സാധാരണ ജോലി സമയത്തിനു പുറത്തുള്ള ആത്മീയ വളർച്ചയിലൂടെയും സാധ്യമാക്കാനാണ് ലക്ഷ്യമിടുന്നത്.

ഈ ഒരു പ്രക്രിയയ്ക്ക് സമയമാവശ്യമാണ്, എങ്കിലും പടിപടിയായി ഇക്കാര്യങ്ങൾ നടപ്പിലാക്കുന്നതിന് എല്ലാവരുടെയും സഹകരണം  അദ്ദേഹം ആവശ്യപ്പെട്ടുകൊണ്ടും ജൂൺ 5 ന് പുതിയ ഭരണഘടന പ്രാബല്യത്തിൽ വരുന്നതോടെ വരുന്ന നിരവധി മാറ്റങ്ങളെ രേഖപ്പെടുത്തുകയും ചെയ്തുകൊണ്ടാണ് ഫാ. ഗ്വെരേരോ തന്റെ കത്ത് ചുരുക്കുന്നത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 June 2022, 11:29