തിരയുക

സ്പാനിഷ് എൻക്ലേവ് മെലില്ലയിൽ പ്രവേശിക്കാ൯ ശ്രമിച്ച കുടിയേറ്റക്കാരുടെ മരണത്തിൽ പ്രതിഷേധിക്കുന്ന ജനങ്ങൾ. സ്പാനിഷ് എൻക്ലേവ് മെലില്ലയിൽ പ്രവേശിക്കാ൯ ശ്രമിച്ച കുടിയേറ്റക്കാരുടെ മരണത്തിൽ പ്രതിഷേധിക്കുന്ന ജനങ്ങൾ.  

പരിശുദ്ധ സിംഹാസനം: കുടിയേറ്റക്കാർ വെറും സംഖ്യകളല്ല

മനുഷ്യാവകാശ കൗൺസിലിന്റെ 50-മത് സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് ആർച്ച് ബിഷപ്പ് ഫോർത്തുണാതൂസ് ൻവാചുക്വു പല രാജ്യങ്ങളിലും വളർന്നു വരുന്ന പുറത്താക്കൽ സമ്പ്രദായങ്ങളെ കുറിച്ചുള്ള പരിശുദ്ധ സിംഹാസനത്തിന്റെ ആശങ്ക പ്രകടിപ്പിച്ചു.

സി. റൂബിനി സി.റ്റി.സി, വത്തിക്കാൻ ന്യൂസ്

കുടിയേറ്റക്കാരുടെ അടിസ്ഥാന മനുഷ്യാവകാശങ്ങളും അന്തസ്സും "എല്ലാ രാഷ്ട്രീയ പരിഗണനകൾക്കും അതീതമായി "സംരക്ഷിക്കപ്പെടണമെന്ന് പരിശുദ്ധ സിംഹാസനം ഒരിക്കൽ കൂടി ആവർത്തിച്ചു.

ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനമായ ജനീവയിൽ നടന്ന മനുഷ്യാവകാശ കൗൺസിലിൽ വെള്ളിയാഴ്ച സംസാരിച്ച  വത്തിക്കാന്റെ സ്ഥിരം നിരീക്ഷകനായ ആർച്ച് ബിഷപ്പ് ഫോർത്തുണാതൂസ് ൻവാചുക്  “ഇത്തരം രീതികൾ പലപ്പോഴും മനുഷ്യ വ്യക്തി എന്ന അടിസ്ഥാന പരിഗണന പോലും അവഗണിക്കുന്നുവെന്നും കുടിയേറ്റക്കാരുടെ സുരക്ഷയും അന്തസ്സും ഉറപ്പാക്കുന്നതിൽ പരാജയപ്പെടുന്നുവെന്നും അഭിപ്രായപ്പെട്ടു. "കുടിയേറ്റക്കാർ വെറും സംഖ്യകളല്ല, നമ്മുടെ സഹോദരി സഹോദരന്മാരാണെന്ന് നാം ഒരിക്കലും മറക്കരുത്." എന്നും അദ്ദേഹം നിർദ്ദേശിച്ചു.

സ്വീകരിക്കുക, സംരക്ഷിക്കുക, പ്രോത്സാഹിപ്പിക്കുക,സമന്വയിപ്പിക്കുക

സമകാലിക കുടിയേറ്റം ഉയർത്തുന്ന വെല്ലുവിളികളെ നേരിടാൻ സ്വീകരിക്കുക, സംരക്ഷിക്കുക, സഹായിക്കുക, സമന്വയിപ്പിക്കുക എന്ന് ഫ്രാൻസിസ് പാപ്പാ നിർദ്ദേശിച്ച നാല് പ്രധാന കാര്യങ്ങളെ ആർച്ച് ബിഷപ്പ്  തന്റെ പ്രസംഗത്തിൽ അനുസ്മരിച്ചു. ഇക്കാര്യത്തിൽ, സമന്വയനം അങ്ങോട്ടുമിങ്ങോട്ടുമുള്ള ഒരു ഇരുവഴി പ്രക്രിയയാണെന്ന് പറഞ്ഞ അദ്ദേഹം,"തങ്ങളെ സ്വീകരിക്കുന്ന സമൂഹത്തിന്റെ മൂല്യങ്ങളും പാരമ്പര്യങ്ങളും നിയമങ്ങളും മാനിക്കാനുള്ള ഉത്തരവാദിത്വം കുടിയേറ്റക്കാർക്കുണ്ട്," എന്നും  അതേപോലെ " അവർക്ക് ആതിഥേയത്വം നൽകുന്ന സമൂഹം  ഓരോ കുടിയേറ്റക്കാരനും മുഴുവൻ സമൂഹത്തിനും നൽകുന്ന പ്രയോജനകരമായ സംഭാവനയെ അംഗീകരിക്കാൻ തയ്യാറാകണ"മെന്നും കൂട്ടിച്ചേർത്തു. 

നോൺ റീഫൂൾമെന്റ് തത്വത്തെ പൂർണ്ണമായി മാനിച്ച് സുരക്ഷിതവും സ്ഥിരവും സ്വമേധയാ ഉള്ളതുമായ കുടിയേറ്റത്തിനും പുനരധിവാസത്തിനുമായി ബദൽ പാതകളുടെ എണ്ണവും ശ്രേണിയും വികസിപ്പിക്കേണ്ടതിന്റെ പ്രാധാന്യം" ആർച്ച് ബിഷപ്പ് നവാചുക്വു ഊന്നിപ്പറഞ്ഞു.

"കുടിയേറ്റത്തിന്റെ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര ശ്രമങ്ങളുടെ അത്യന്തിക ലക്ഷ്യം കുടിയേറ്റം സുരക്ഷിതവും നിയമപരവും ചിട്ടയുള്ളതുമാണെന്ന് ഉറപ്പാക്കുക എന്നതായിരിക്കണം." ആർച്ച് ബിഷപ്പ് നവാചുക്വു വ്യക്തമാക്കി.

അഭയാർത്ഥി നടപടിക്രമങ്ങൾ പുറത്തുള്ളവരെ ഏൽപ്പിക്കുന്ന സംവിധാനം

അഭയാർത്ഥി നടപടിക്രമങ്ങളുടെ ബാഹ്യവൽക്കരണം വഴി പുതുതായി വരുന്ന കുടിയേറ്റക്കാരെ സ്വീകരിക്കാനുള്ള ഉത്തരവാദിത്തം പകരക്കാരൻ മുഖേന നടത്തുന്ന "അസ്വാസ്ഥ്യജനകമായ"സമീപകാല സമ്പ്രദായത്തെ പറ്റി ആർച്ച് ബിഷപ്പ് പ്രത്യേകം പരാമർശിച്ചു. ആരേയും ബാധിക്കാത്ത, ഒരു കാര്യവുമില്ലാത്ത  മറ്റൊരാൾ ചുമക്കേണ്ട അർത്ഥമില്ലാത്ത ഭാരം മാത്രമാണെന്ന ധാരണയിൽ  കുടിയേറ്റത്തിന്റെ പ്രശ്നങ്ങളെ മറ്റുള്ളവർക്ക് കൈമാറുന്നത് നിർത്തണമെന്ന് ഫ്രാൻസിസ് പാപ്പാ അടുത്ത കാലത്തു നടത്തിയ അഭ്യർത്ഥനയെ അനുസ്മരിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ പ്രസ്താവന അവസാനിപ്പിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 June 2022, 13:49