ആർച്ച് ബിഷപ്പ് ഗാല്ലെഗെർ: യുക്രെയ്നിലെ ജനത മുറിവേറ്റവരും, ധീരരും
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
"യുക്രെയ്നിലെ ജനത സത്യത്തിൽ മുറിവേറ്റ ഒരു ജനതയാണ് എന്നാൽ അതേ സമയം വളരെ ധൈര്യമുള്ളവരും നിശ്ചയദാർഢ്യമുള്ളവരുമാണ്. ഈ മഹാ ജനതയുടെ വലിയ യാതനകളെ നമുക്ക് അവഗണിക്കാനാവില്ല. നയതന്ത്രത്തിലൂടെയും രാഷ്ട്രീയ സംവാദത്തിലൂടെയും ഈ സംഘർഷം പരിഹരിക്കാനുള്ള നമ്മുടെ പ്രതിബദ്ധത നാം നവീകരിക്കണം.'' എന്ന വാക്കുകളോടെ ആർച്ചുബിഷപ്പ് തന്റെ യുക്രെയ്ൻ ദൗത്യം അവസാനിപ്പിച്ചു കൊണ്ട് അവിടത്തെ സാഹചര്യങ്ങളെക്കുറിച്ച് വത്തിക്കാൻ വാർത്താ വിഭാഗത്തോടു വിശദീകരിച്ചു.
ഇത്തരം ഒരു സന്ദർഭത്തിൽ യുകെയ്ന്റെ സമാധാനം പുനഃസ്ഥാപിക്കുന്നതിൽ പ്രത്യേകിച്ച് എക്യുമേനിക്കൽ ചൈതന്യത്തിനുള്ള പ്രാധാന്യത്തിന് അദ്ദേഹം ഊന്നൽ നൽകി. ഇതു പോലുള്ള ഒരു സമയത്ത് ഏതു രാജ്യത്തിലും പരസ്പര നീരസങ്ങളും ശത്രുതയും വളരാൻ തുടങ്ങുന്ന അപകടമുണ്ടാവാം, അതിനാൽ എല്ലാവരും ബോധപൂർവ്വം രാജ്യത്തിന്റെ ഐക്യത്തിനായും, രാഷ്ട്രീയ ചട്ടക്കൂടിനായും, ക്രൈസ്തവരും, കത്തോലിക്കരും, വിവിധ മതങ്ങളും തമ്മിൽതമ്മിലും പരസ്പരവുമുള്ള ഐക്യത്തിനായും പ്രവർത്തിക്കാൻ തീരുമാനിക്കണം. ഓരോ വിഭാഗത്തിന്റെയും ആത്മീയ ഉറവകളും ഈ നിമിഷങ്ങളിൽ ദൈവം നൽകുന്ന കൃപയും പ്രയാസങ്ങളിലും കലഹങ്ങളിലും നശിപ്പിക്കുകയല്ല വേണ്ടതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ആ ദിവസങ്ങളിൽ എല്ലായിടത്തും ശവശരീരങ്ങൾ കണ്ടെത്തിയതും അവ സംസ്കരിക്കാൻ ആവശ്യപ്പെടുകയും ചെയ്ത ബുച്ചയിലെ ഓർത്തഡോക്സ് വൈദീകനെ താൻ കണ്ടുമുട്ടിയതും അദ്ദേഹത്തിന്റെ ധൈര്യത്തെക്കുറിച്ചും ആർച്ച് ബിഷപ്പ് ഗാല്ലെഗെർ സംസാരിച്ചു. ചിലയിടങ്ങളിലെ അവസ്ഥ കുറച്ച് നന്നായിട്ടുണ്ടെങ്കിലും മുറിവുകൾ നിലനിൽക്കുന്നുവെന്നു പറഞ്ഞ അദ്ദേഹം നമ്മുടെ എളിയ രീതിയിൽ വന്ന്, അവരോടു സംസാരിക്കുകയും, അവരോടു സഹാനുഭൂതി കാണിക്കുകയും പ്രോൽസാഹിപ്പിക്കുകയും ചെയ്യുന്നു എങ്കിലും ഇതിന് മാനുഷികമായവ മാത്രം പോര എന്നും നമ്മുടെ മുറിവുകൾ സുഖപ്പെടുത്തുന്ന ക്രിസ്തുവുമായുള്ള കൂടിക്കാഴ്ചയുടെ ആവശ്യകതയും ഗാല്ലെഗെർ അടിവരയിട്ടു. ഒരുതരത്തിൽ ഉത്ഥിതനായ ക്രിസ്തുവിനെ കണ്ടെത്താൻ എത്തിയ മഗ്ദലേനാ മേരിയെപ്പോലെയാവണമെന്നും അതാണ് ഈ ജനതയുടെ കണ്ണീർ തുടയ്ക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ ജനതയുടെ ഇടയിൽ വലിയ ഐക്യമത്യവും വലിയ വിശ്വാസവും കാണുന്നുണ്ട്. അവരുടെ വിശ്വാസം ആഴപ്പെടുന്നതുവഴി, വിവിധ ക്രൈസ്തവ പാരമ്പര്യങ്ങൾക്കും മതപാരമ്പര്യങ്ങൾക്കുമപ്പുറം ഉയിർത്തെഴുന്നേൽക്കാൻ അവർക്കു കഴിയുമെന്നും അദ്ദേഹത്തിനുറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തന്റെ യുക്രെയ്ൻ ദൗത്യത്തിന്റെ സമാപനത്തിൽ എല്ലാറ്റിലും ആദ്യമായി തങ്ങളുടെ ഓരോ കാൽവയ്പിലും കൂടെയുണ്ടായിരുന്ന ദൈവത്തിന് അദ്ദേഹം നന്ദി പറഞ്ഞു. കൂടാതെ തന്റെ ദൗത്യം എളുപ്പമാക്കിയ പോളണ്ടിലേയും യുക്രെയ്നിലേയും സർക്കാർ, സഭാധികാരികൾക്കും തന്റെ കൃതജ്ഞത രേഖപ്പെടുത്തി.
യുക്രെയ്നിൽ ഒരുപാട് ആവശ്യങ്ങളുണ്ട്. ഇവയിൽ പലതിനും സഭകൾ വളരെയധികം സഹായം ചെയ്തു. ഒത്തിരിയേറെ പ്രവർത്തിച്ച കാരിത്താസിനേയും ഗ്രീക്ക് - കത്തോലിക്കാ, ലാറ്റിൻ - കത്തോലിക്കാ രൂപതകളേയും, ഇടവകകളേയും മെത്രാന്മാരേയും വളരെയേറെ പ്രശംസിക്കുന്നത് കേട്ടതിലുള്ള സന്തോഷവും അഭിമാനവും അദ്ദേഹം പങ്കുവച്ചു.
യുക്രെയ്നിലെ അഭയാർത്ഥികളെ സ്വീകരിക്കുകയും യുക്രെയ്നിലേക്ക് മാനുഷികസഹായങ്ങൾ എത്തിക്കുകയും ചെയ്ത പോളണ്ടിന്റെ അസാധാരണ ഔദാര്യത്തേയും അദ്ദേഹം പ്രശംസിച്ചു. എങ്കിലും യുക്രെയ്നെ പിൻതുണയ്ക്കേണ്ടതിന്റെ ആവശ്യകതയും അതിന്റെ ഐക്യത്തിനായി തുടർന്നുകൊണ്ടു പോകേണ്ട നിരവധി പ്രധാന വശങ്ങളെയും അദ്ദേഹം ചൂണ്ടിക്കാണിക്കുയും ചെയ്തു. സാമ്പത്തിക, ഭക്ഷണ, വിതരണ ശ്രുംഖല തുടങ്ങി വിവിധ തലങ്ങളിൽ യുക്രെയ്നെ ലോകത്തിനാവശ്യമുണ്ട് എന്ന കാര്യവും ഓർമ്മിപ്പിക്കുന്നതാണ് ആർച്ചുബിഷപ്പ് ഗാല്ലെഗെറിന്റെ യുക്രെയ്ൻ ദൗത്യത്തെക്കുറിച്ചുള്ള വിവരണം.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: