ആർച്ച്ബിഷപ് പോൾ ഗാല്ലഗർ ഉക്രൈനിൽ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
റഷ്യ-ഉക്രൈൻ യുദ്ധം അനിശ്ചിതമായി തുടർന്നുകൊണ്ടിരിക്കുന്ന അവസരത്തിൽ, ഫ്രാൻസിസ് പാപ്പായുടെയുടെയും പരിശുദ്ധ സിംഹാസനത്തിന്റെയും സാമീപ്യം അറിയിക്കുന്നതിനും, വത്തിക്കാൻ-ഉക്രൈൻ ഔദ്യോഗിക നയതന്ത്രബന്ധം സ്ഥാപിക്കപ്പെട്ടതിന്റെ മുപ്പതാം വാർഷികചടങ്ങുകളുടെ ഭാഗമായുമാണ് ആർച്ച്ബിഷപ് ഗാല്ലഗർ മെയ് പതിനെട്ട് മുതൽ ഇരുപതുവരെ ഉക്രൈനിൽ സന്ദർശനപരിപാടി നടത്തുന്നത്.
നിലവിൽ തുടർന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിൽ ശക്തമായി ആക്രമിക്കപ്പെട്ട ലിവിവ്, കിയെവ് നഗരങ്ങൾ വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറിയേറ്റിന്റെ വിദേശകാര്യങ്ങൾക്കായുള്ള സെക്രട്ടറി സന്ദർശിക്കും. സമാധാനം പുനഃസ്ഥാപിക്കാൻ, പരസ്പരസംവാദത്തിന്റെ പ്രാധാന്യം വീണ്ടും ഉറപ്പിച്ചുപറയുന്നതിനുവേണ്ടിയാണ് ഈയൊരു യാത്രയെന്ന്, സ്റ്റേറ്റ് സെക്രട്ടേറിയറ്റ് ട്വിറ്റർ സന്ദേശത്തിലൂടെ വ്യക്തമാക്കി.
മെയ് പതിനെട്ടിന് ആർച്ച്ബിഷപ് ഗാല്ലഗർ ലിവിവിലെ ഗ്രീക്ക് കത്തോലിക്കാ ആർച്ച്ബിഷപ് ഇഗോർ വോസ്‌നിയാക്കിനെയും, അഭയാർത്ഥികൾക്കായുള്ള ഒരു കേന്ദ്രവും സന്ദർശിക്കും.
മെയ് പത്തൊൻപത് വ്യാഴാഴ്ച അദ്ദേഹം ലിവിവ് പ്രദേശത്തിന്റെ പ്രസിഡന്റ് മാക്‌സിം കോസിറ്റ്‌സ്കി, ഉക്രേനിയൻ ഗ്രീക്ക് കത്തോലിക്കാ സഭയുടെ ശ്രേഷ്ഠമെത്രാപ്പോലീത്ത അഭിവന്ദ്യ സ്വിയാത്തോസ്ലാവ് ഷെവ്‌ചുക്ക്, പോളണ്ട് മെത്രാൻസംഘത്തിന്റെ അധ്യക്ഷൻ അഭിവന്ദ്യ സ്റ്റാനിസ്ലാവ് ഗോൻഡെസ്കി എന്നിവരുമായും കൂടിക്കാഴ്ച നടത്തും.
ഇപ്പോഴത്തെ ഉക്രയിൻയാത്രയുമായി ബന്ധപ്പെട്ട് സംസാരിക്കവെ, പ്രശ്നപരിഹാരത്തിനും, സമാധാനസ്ഥാപനത്തിനും വേണ്ടി പരസ്പരസംവാദങ്ങളെ പിന്തുണയ്ക്കുമെന്ന പരിശുദ്ധ സിംഹാസനത്തിന്റെ വാക്കുകൾ ആർച്ച്ബിഷപ് ഗാല്ലഗർ ആവർത്തിച്ചിരുന്നു. ആളുകളുടെ ജീവിതവുമായി ബന്ധപ്പെട്ടു സംസാരിക്കുമ്പോൾ, സംവാദങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: