യുക്രെയ്നിലെ യുദ്ധം, കാലാവസ്ഥാ വ്യതിയാനം എന്നീ പ്രധാന അജണ്ടയുമായി കർദ്ദിനാൾമാരുടെ ആലോചനസമിതി
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
ഫ്രാൻസിസ് പാപ്പയുടെ സാന്നിധ്യത്തിൽ വത്തിക്കാനിൽ നടന്ന കർദ്ദിനാൾമാരുടെ കൗൺസിൽ യോഗത്തിൽ യുക്രെയ്നിലെ യുദ്ധം, കാലാവസ്ഥാ വ്യതിയാനം, സഭയിലെ സ്ത്രീകളുടെ പങ്ക് എന്നിവയായിരുന്നു പ്രധാന ചർച്ചാവിഷയങ്ങൾ.
ആധുനിക ലോകത്ത് സഭയ്‌ക്കുള്ള സേവനത്തിന്റെ വെളിച്ചത്തിൽ കൂരിയയെ നവീകരിക്കുന്ന അപ്പോസ്തോലിക ഭരണഘടന പ്രെദിക്കാത്തെ എവഞ്ചേലിയും മാർച്ചിൽ പ്രസിദ്ധീകരിച്ചതിന് ശേഷമുള്ള കൗൺസിലിന്റെ ആദ്യ യോഗമായിരുന്നു ഇത്.
കൗൺസിലിന്റെ 41-മത് യോഗം ഏകോപകനായ കർദിനാൾ ഓസ്കാർ മാരാദിയാഗ ഉദ്ഘാടനം ചെയ്തു. അദ്ദേഹം യുക്രെയ്നിലെ സാഹചര്യത്തെക്കുറിച്ചും തത്ഫലമായുണ്ടാകുന്ന സാമൂഹിക-രാഷ്ട്രീയ, സഭാ, എക്യുമെനിക്കൽ സാഹചര്യങ്ങളെക്കുറിച്ചും ഒരു വിചിന്തനം നടത്തി.
സമാധാനം പ്രോത്സാഹിപ്പിക്കുന്നതിനായി പാപ്പായും,വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയത്രോ പരോളിനും ചേർന്ന് നടത്തിയ വിവിധ സംരംഭങ്ങളെക്കുറിച്ച് ഫ്രാൻസിസ് പാപ്പാ കൗൺസിലിനെ അറിയിച്ചു.
സംഘർഷം പരിഹരിക്കുന്നതിനുള്ള "അശ്രാന്തമായ" പരിശ്രമങ്ങളിൽ പരിശുദ്ധ പിതാവിന് കൗൺസിൽ അംഗങ്ങൾ പിന്തുണയും പ്രോത്സാഹനവും വാഗ്ദാനം ചെയ്തു. കാലാവസ്ഥാ വ്യതിയാനവും, നവംബറിൽ ഈജിപ്തിൽ നടക്കാനിരിക്കുന്ന COP27 സമ്മേളനത്തെ കുറിച്ചും കർദ്ദിനാൾമാർ ചർച്ച ചെയ്തു.
കിൻഷാസയിലെ അതിരുപത മെത്രാൻ കർദ്ദിനാൾ ഫ്രിഡോലിൻ അംബോംഗോ ബെസുംഗു, "സഭയെന്ന നിലയിൽ മറ്റ് വിശ്വാസ വിഭാഗങ്ങൾക്കും, മതങ്ങൾക്കും, ഒപ്പം ഈ ആശങ്കകൾക്ക് ശബ്ദം നൽകാമോ?" എന്ന ചോദ്യത്തെ അഭിസംബോധന ചെയ്തു. തുടർന്ന് അദ്ദേഹം ലോക സാഹചര്യവും COP26 ഗ്ലാസ്‌ഗോയുടെ ആവശ്യങ്ങളും പ്രതീക്ഷകളും പ്രത്യേകിച്ച് ഏഷ്യ, ലാറ്റിൻ അമേരിക്ക, ആഫ്രിക്ക, ഓഷ്യാനിയ എന്നിവിടങ്ങളിലെ ദരിദ്ര രാജ്യങ്ങളുടെ ആശങ്കകളെ കുറിച്ചും വിശകലനം ചെയ്തു.
ഫെബ്രുവരിയിലെ യോഗത്തിൽ ആരംഭിച്ച ചർച്ചയുടെ തുടർച്ചയായി സഭയിലെ സ്ത്രീകളുടെ വിഷയത്തെ കുറിച്ച് കൗൺസിൽ ചിന്തിച്ചു. ആമസോണിയയിൽ നിന്നുള്ള തദ്ദേശീയ വനിതയും ഫ്രാൻസിസ്‌കൻ സന്യാസിനിയുമായ ലോറ വികുന, ഈ വിഷയത്തെക്കുറിച്ച് അജപാലന വീക്ഷണത്തിലുള്ള ഒരു റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് കർദിനാൾമാരുമായി ചർച്ച നടത്തുകയും ചെയ്തു.
കൗൺസിൽ, പരിശുദ്ധ സിംഹാസനത്തിന്റെ നയതന്ത്ര സേവനത്തെക്കുറിച്ചും അപ്പസ്തോലിക് ന്യൂൺസിയോമാരുടെ പങ്കിനെയും പ്രവർത്തനങ്ങളെക്കുറിച്ചും ചർച്ച ചെയ്തു. അതുപോലെ പ്രെദിക്കാത്തെ എവഞ്ചേലിയും നടപ്പിലാക്കുന്നതിൽ, ഇതിനകം സ്വീകരിച്ച നടപടികളുടെയും അഭിമുഖീകരിക്കേണ്ട വെല്ലുവിളികളുടെയും വിലയിരുത്തൽ ഉൾപ്പെടെയുള്ള കാര്യങ്ങൾ ഈ യോഗം ചർച്ച ചെയ്തു.
ഓരോ കർദിനാൾമാരും അവരവരുടെ ഭൂഖണ്ഡങ്ങളിലെ സാമൂഹിക-രാഷ്ട്രീയ, സഭാ സാഹചര്യങ്ങളെ കുറിച്ചും, സമാധാനം, ആരോഗ്യം, ദാരിദ്ര്യം, രാഷ്ട്രീയ ആശങ്കകൾ, അജപാലന വെല്ലുവിളികൾ എന്നിവയെ കുറിച്ചും റിപ്പോർട്ട് ചെയ്തു. കർദ്ദിനാൾമാരുടെ കൗൺസിലിന്റെ 41-മത് യോഗം ബുധനാഴ്ച സമാപിച്ചു. അതിന്റെ അടുത്ത യോഗം 2022 ജൂണിൽ സമ്മേളിക്കുമെന്നും അറിയിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: