മനുഷ്യക്കടത്തിനെതിരെ ഫലപ്രദ സംരക്ഷണ സംവിധാനങ്ങൾ ഒരുക്കുക!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
മനുഷ്യക്കടത്തെന്ന ഹീന കുറ്റകൃത്യത്തിൽ നിന്ന് ഇരകളെ മൂർത്തമായും നൈയമികമായും സംരക്ഷിക്കുന്നതിന് ദേശീയ സർക്കാരുകൾ പിന്തുണയേകണമെന്ന് പരിശുദ്ധസിംഹാസനത്തിൻറെ പ്രതിനിധി മോൺസിഞ്ഞോർ യാനുസ് ഉർബൻചിക് (JANUSZ URBAŃCZYK).
ഒ എസ് സി ഇ (OSCE) എന്ന ചുരുക്ക സംജ്ഞയിൽ അറിയപ്പെടുന്ന, യൂറോപ്പിൻറെ സുരക്ഷിതത്വത്തിനും സഹകരണത്തിനും വേണ്ടിയുള്ള സംഘടനയിൽ പരിശുദ്ധസിംഹാസനത്തിൻറെ സ്ഥിരം നിരീക്ഷകനായ അദ്ദേഹം മനുഷ്യക്കടത്തിനെതിരായ സംഖ്യത്തിൻറെ ഇരുപത്തിരാണ്ടാം യോഗത്തെ തിങ്കളാഴ്ച (04/04/22) സംബോധന ചെയ്യുകയായിരുന്നു.
“സംരക്ഷണം: ഇരകളുടെ അവകാശങ്ങൾ ഉയർത്തിപ്പിടിക്കുകയും സഹായം ശക്തിപ്പെടുത്തുകയും ചെയ്യുക” എന്നതായിരുന്നു യോഗത്തിൻറെ വിചിന്തന പ്രമേയം.
ഫലപ്രദമായ സംരക്ഷണ സംവിധാനങ്ങൾ ഒരുക്കുക എന്ന ആശയമായിരുന്നു മോൺസിഞ്ഞോർ ഉർബൻചിക് തൻറെ പ്രഭാഷണത്തിൽ മുന്നോട്ടു വച്ചത്.
സഹായഹസ്തം നീട്ടലിൻറെ മറപിടിച്ച് ദുർബ്ബലരായ ആളുകളെ കെണിയിൽപ്പെടുത്തുന്ന മനുഷ്യക്കടത്തുകാർക്കെതിരെ നടപടികൾ സ്വീകരിക്കേണ്ടതിൻറെയും കൂടുതൽ ജാഗ്രത പാലിക്കേണ്ടതിൻറെയും ആവശ്യകത പാപ്പായുടെ ദൂതനായി ഹങ്കറിയിൽ ഉക്രൈയിൻകാരായ അഭയാർത്ഥികളെ സന്ദർശിച്ച വേളയിൽ സമഗ്രമാനവപുരോഗതിക്കായുള്ള വത്തിക്കാൻ വിഭാഗത്തിൻറെ ഇടക്കാലാദ്ധ്യക്ഷനായ കർദ്ദിനാൾ മൈക്കിൾ ചേർണി സൂചിപ്പിച്ചത് അദ്ദേഹം അനുസ്മരിച്ചു.
മനുഷ്യക്കടത്ത് തടയുന്നതിനും ഇരകളെ സംരക്ഷിക്കുന്നതിനും, നീതി ലഭ്യമാക്കുന്നതിനുള്ള പിന്തുണ ഉൾപ്പെടെയുള്ള. സേവനങ്ങളേകുന്നതിന് വിവിധ സർക്കാരിതര സംഘടനകളും പൊതുസമൂഹവും സംഭാവന ചെയ്യുന്നുണ്ടെന്നും അതുപോലെ, പ്രാദേശിക കത്തോലിക്കാ സഭ, നൂറുകണക്കിന് സന്ന്യസ്തസമൂഹങ്ങളോടും അല്മായ സംഘടനകളോടും ചേർന്ന്, ഇരകൾക്കും ദുർബ്ബലമായ സാഹചര്യങ്ങളിൽ കഴിയുന്നവർക്കും സുരക്ഷിതമായ അഭയകേന്ദ്രങ്ങൾ ഉറപ്പാക്കുകയും ഇരകളെ സമൂഹത്തിലുൾച്ചേർക്കുന്നതിനായി പ്രവർത്തിക്കുകയും ചെയ്യുന്നതിലൂടെ ഈ യത്നത്തിന് സംഭാവയേകുന്നുണ്ടെന്ന് മോൺസിഞ്ഞോർ ഉർബൻചിക് പറയുന്നു.
നിസ്സംഗതയുടെയും തള്ളിക്കളയലിൻറെയും സംസ്കൃതി പലപ്പോഴും മനുഷ്യക്കടത്തിൻറെ ഇരകളെ വലയം ചെയ്യുന്നതിനാൽ അവർ അദൃശ്യരായിത്തീരുന്ന അപകടത്തെക്കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു.
ആകയാൽ, ഇതിനെ ജയിക്കുന്നതിന് ഇരകളെ സ്വീകരിക്കുകയും അവർക്ക് തുണയേകുകയും അനുകമ്പയോടും ഐക്യദാർഢ്യത്തോടും കൂടി അവരെ സംരക്ഷിക്കുകയും ചെയ്യേണ്ടതുണ്ടെന്ന് മോൺസിഞ്ഞോർ ഉർബൻചിക് ഓർമ്മിപ്പിക്കുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: