റോം: സുപ്പീരിയർ ജനറൽമാരുടെ ആഗോളസമ്മേളനം
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
"ദൗർബല്യങ്ങളിൽനിന്ന് സിനഡൽ മാർഗ്ഗത്തിലേക്കുള്ള ഞങ്ങളുടെ യാത്ര" എന്ന മുദ്രാവാക്യം സ്വീകരിച്ചിട്ടുള്ള ഇത്തവണത്തെ സംഗമം റോമിലുള്ള എർജിഫ് ഹോട്ടലിൽ വച്ചാണ് നടക്കുക. ഓൺലൈനിലും സമ്മേളനത്തിൽ സംബന്ധിക്കാൻ സാധിക്കും. സുപ്പീരിയർ ജനറൽമാരുടെ ഇരുപത്തിരണ്ടാമത് പ്ളീനറി സമ്മേളനമാണ് ഇത്തവണ നടക്കുന്നത്.
ദൗർബല്യം, സിനഡൽ പ്രക്രിയ, സന്യസ്തജീവിതവും സിനൊഡാലിറ്റിയും, പ്രാന്തപ്രദേശങ്ങൾ, മാറ്റത്തിനായുള്ള വിളി എന്നിവയാണ് പ്രധാനമായി ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങൾ.
ഇതുമായി ബന്ധപ്പെട്ട്, സമ്മേളനത്തിൽ ചർച്ചചെയ്യപ്പെടുന്ന വിഷയങ്ങൾ, ഏപ്രിൽ 29-ന് പരിശുദ്ധസിംഹാസനത്തിന്റെ പ്രസ് ഓഫിസ് ശാലയിൽ വച്ച് അവതരിപ്പിക്കപ്പെടും.
മെയ് മാസം നടക്കുന്ന സമ്മേളനത്തിൽ ഏതാണ്ട് 700 സുപ്പീരിയർ ജനറൽമാരായിരിക്കും പങ്കെടുക്കുക. ഇവരിൽ 520 പേർ റോമിലെത്തും.
71 രാജ്യങ്ങളിൽനിന്നുള്ള ആളുകളാണ് പ്രധാനപ്പെട്ട ഈ സമ്മേളനത്തിൽ സംബന്ധിക്കുന്നത്, ഇതിൽ ഏറിയ പങ്കും യൂറോപ്യൻ രാജ്യങ്ങളിൽനിന്നുള്ളവരാണ്. ആഫ്രിക്കയിൽ കോംഗോ ഡെമോക്രാറ്റിക് റിപ്പബ്ലിക്കിൽ നിന്നാണ് കൂടുതൽ ആളുകൾ എത്തുക. ഏഷ്യയിൽ ഇന്ത്യയിൽനിന്നും, തെക്കേ അമേരിക്കയിൽ മെക്സിക്കോ, ബ്രസീൽ എന്നിവിടങ്ങളിൽനിന്നുമാണ് കൂടുതൽ സന്യസ്തർ എത്തുക.
1965 മുതൽ സന്ന്യാസിനീസമൂഹങ്ങളിലെ സുപ്പീരിയർ ജനെറൽമാരുടെ സമ്മേളനങ്ങൾ നടക്കാറുണ്ട്. സമർപ്പിതജീവിതവുമായി ബന്ധപ്പെട്ട്, പുതിയ നയങ്ങളും രീതികളും രൂപീകരിക്കുന്നതിനുവേണ്ടി പരസ്പരവിനിമയം സാധ്യമാക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. ലോകമെമ്പാടുനിന്നുമായി 1900-ലധികം സുപ്പീരിയർ ജനറൽമാരാണ് ഈ യൂണിയനിൽ അംഗങ്ങളായുള്ളത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: