മാർപാപ്പയുടെ ലെബനോൻ യാത്ര: വത്തിക്കാന്റെ പ്രതികരണം
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന് സിറ്റി
ലെബനോനിലേക്ക് ഫ്രാൻസിസ് പാപ്പാ അധികം താമസിയാതെ എത്തിയേക്കുമെന്ന് ലെബനോൻ പ്രസിഡന്റ് ഔൻ ട്വിറ്ററിൽ കുറിച്ച സന്ദേശത്തെ ഉദ്ധരിച്ചുകൊണ്ട് പത്രപ്രവർത്തകർ നടത്തിയ ചോദ്യത്തോട് പ്രതികരിക്കവേ, ലെബനോനിലേക്ക് പാപ്പാ ഒരു യാത്ര നടത്തുമോ എന്നത് ഇപ്പോഴും പഠനത്തിലിരിക്കുന്ന ഒരു ചിന്തയാണെന്ന് മത്തെയോ ബ്രൂണി പറഞ്ഞു.
ലെബനോനിനെക്കുറിച്ച് ഫ്രാൻസിസ് പാപ്പായ്ക്കുള്ള കരുതലിന് കൃതജ്ഞത അറിയിക്കാനും, തങ്ങളുടെ രാജ്യത്തിനുവേണ്ടി പാപ്പാ ആരംഭിച്ച പരിശ്രമങ്ങൾക്കും, ലെബനോനിലെ സമാധാനത്തിനായും സുസ്ഥിരതയ്ക്കയും പാപ്പാ നടത്തിയ പ്രാർത്ഥനകൾക്കും നന്ദി പറയാനും ലെബനോനിലെ ജനങ്ങൾ വളരെ നാളുകളായി പാപ്പായുടെ സന്ദർശനത്തിനായി കാത്തിരിക്കുന്നു എന്ന് ഔൻ പറഞ്ഞിരുന്നു.
ലെബനോൻ പ്രസിഡന്റ് വത്തിക്കാനിൽ
കഴിഞ്ഞ മാർച്ച് 22-ന് വത്തിക്കാനിലെത്തിയ ലെബനോൻ പ്രസിഡന്റ് ഔനിനെ ഫ്രാൻസിസ് പാപ്പാ സ്വീകരിച്ചിരുന്നു. പിന്നീട് പ്രസിഡന്റ് ഔൻ വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറി പിയെത്രോ പരൊളീൻ, വിദേശകാര്യ വകുപ്പ് മേധാവി ആർച്ച്ബിഷപ് പോൾ റിച്ചാർഡ് ഗാല്ലഗർ എന്നിവരുമായും കൂടിക്കാഴ്ച നടത്തി.. കഴിഞ്ഞ 75 വർഷങ്ങളായി പരിശുദ്ധ സിംഹാസനവും ലെബാനോനും തമ്മിൽ തുടരുന്ന നല്ല നയതന്ത്രബന്ധത്തെക്കുറിച്ച് ചർച്ചകളിൽ സംസാരിച്ചതായി അന്ന് വത്തിക്കാൻ പത്രം ഓഫീസ് അറിയിച്ചിരുന്നു. രാജ്യം നേരിട്ടുകൊണ്ടിരിക്കുന്ന സാമൂഹിക-സാമ്പത്തിക പ്രതിസന്ധികളും, അഭയാർത്ഥി പ്രശ്നങ്ങൾ എന്നിവയെക്കുറിച്ചും, 2020 ഓഗസ്റ്റ് 4-ന് ബെയ്റൂട്ട് തുറമുഖത്ത് നടന്ന സ്ഫോടനത്തെക്കുറിച്ചും രാജ്യത്ത് വിവിധ മതങ്ങൾ തമ്മിലുള്ള സഹവർത്തിത്വവും ജീവിതവും ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും അന്ന് സംസാരിച്ചിരുന്നു.
ലെബനോനിൽ പോകുവാനുള്ള പാപ്പായുടെ ആഗ്രഹം
ലെബനോൻ സന്ദർശിക്കുവാനുള്ള തന്റെ ആഗ്രഹത്തെപ്പറ്റി ഫ്രാൻസിസ് പാപ്പാ നിരവധി തവണ പറഞ്ഞിരുന്നു. ബെയ്റൂട്ട് സ്ഫോടനങ്ങളുടെ ഒന്നാം വാർഷികത്തിൽ, വത്തിക്കാനിലെ പൊതുകൂടിക്കാഴ്ചവേളയിൽ പാപ്പാ ലെബാനോനെക്കുറിച്ചും, അപകടത്തിൽ ഇരകളായവരെക്കുറിച്ചും സംസാരിച്ചിരുന്നു. ലെബനോനിൽ എത്താനും അവിടുത്തെ ജനങ്ങളെ കാണാനുമുള്ള തന്റെ ആഗ്രഹം വലുതാണെന്നും, പൂർവ്വമധ്യദേശങ്ങൾക്ക് സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും ഒരു സന്ദേശമായി ലെബനോൻ മാറുന്നതിനുവേണ്ടിയുള്ള തന്റെ പ്രാർത്ഥനകളിൽ താൻ ഒരിക്കലും മടുക്കില്ലെന്നും പാപ്പാ അന്ന് പറഞ്ഞിരുന്നു. കഴിഞ്ഞ വർഷം ജൂലൈ ഒന്നിന്, ലെബനോനുവേണ്ടിയുള്ള പ്രാർത്ഥനാദിനമായി പാപ്പാ നിശ്ചയിച്ചിരുന്നു. അന്നേദിവസം ലെബനോനിലെ പൗരസ്ത്യസഭാനേതാക്കളെ പാപ്പാ വത്തിക്കാനിൽ സ്വീകരിച്ചിരുന്നു. ഇറാക്കിലേക്കുള്ള അപ്പസ്തോലികയാത്രയില്നിന്നുള്ള മടക്കയാത്രയിൽ, പത്രപ്രവർത്തകരോട് സംസാരിക്കവെ, കർദിനാൾ ബേഷാറ റായിക്ക് അയച്ച ഒരു കത്തിൽ, ലെബനോനിലേക്ക് താൻ യാത്ര ചെയ്യുമെന്ന് വാഗ്ദാനം ചെയ്തിരുന്നു എന്ന് പാപ്പാ പറഞ്ഞിരുന്നു.
ലെബനോനിലെത്തിയ പാപ്പാമാർ
1997-ൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായും 2012-ൽ ബെനഡിക്ട് പതിനാറാമൻ പപ്പായയും ലെബനോൻ സന്ദർശിച്ചിരുന്നു. എന്നാൽ അതിനും മുൻപ് 1964-ൽ ഇന്ത്യയിലെ മുംബൈയിൽ വച്ച് നടന്ന യൂകരിസ്റ്റിക് കോൺഗ്രസിൽ സംബന്ധിക്കാനായി യാത്ര ചെയ്യവേ, പോൾ ആറാമൻ പാപ്പാ സാങ്കേതിക കാരണങ്ങളാൽ ബെയ്റൂട്ടിൽ ഒരു മണിക്കൂർ ചെലവഴിച്ചിരുന്നു. തദവസരത്തിൽ അന്നത്തെ ലെബനോൻ പ്രസിഡന്റ് ചാൾസ് ഹേലൂവും, മറ്റ് രാഷ്ട്രീയ അധികാരികളും പാപ്പായെ സ്വീകരിക്കുകയും, പാപ്പാ അവരോട് ഫ്രഞ്ച് ഭാഷയിൽ പ്രഭാഷണം നടത്തുകയും ചെയ്തിരുന്നു. തന്റെ പ്രസംഗത്തിൽ പാപ്പാ മൊന്തീനി ലെബാനോൻ അവിടുത്തെ ആളുകളുടെ സമാധാനസ്വഭാവവും, ലെബാനോന്റെ ചരിത്രവും സംസ്കാരവും മൂലം മറ്റു രാജ്യങ്ങൾക്കിടയിൽ ആദരപൂർവ്വമായ ഒരു സ്ഥാനം വഹിക്കുന്നു എന്ന് പറഞ്ഞിരുന്നു. ഒപ്പം ലെബാനോന്റെ പുരാതനമായ മതപാരമ്പര്യങ്ങളെ അഭിനന്ദിച്ച പാപ്പാ, ആഗോളസഭയ്ക്ക്, ലെബനോനിലെ ക്രൈസ്തവരുടെ വിശ്വാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും പോൾ ആറാമൻ പാപ്പാ അടിവരയിട്ട് പറഞ്ഞിരുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: