തിരയുക

ആണവ മിസൈലുകൾ! ആണവ മിസൈലുകൾ! 

അസമത്വങ്ങൾ സംഘർഷത്തിൻറെ വിത്തുകൾ വിതയ്ക്കുന്നു!

ആണവ യൂദ്ധ ഭീഷണി തടയാൻ ശാസ്ത്രങ്ങൾക്കുള്ള ദൗത്യത്തെ അധികരിച്ച് ശാസ്ത്രങ്ങൾക്കായുള്ള പൊന്തിഫിക്കൽ അക്കാദമിയുടെ പ്രസ്താവന.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ആണവയുദ്ധ സാധ്യതാഭീഷണിയും പൗരജനത്തിനെതിനെതിരായ യുദ്ധവും തടയുക ശാസ്ത്രത്തിൻറെയും ഒരു ദൗത്യമാണെന്ന് ശാസ്ത്രങ്ങൾക്കായുള്ള പൊന്തിഫിക്കൽ സമിതി.

റഷ്യ സാധാരണ ജനങ്ങളെപ്പോലും കൊന്നൊടുക്കിക്കൊണ്ട് ഉക്രയിനിൽ നടത്തു നിഷ്ഠൂര യുദ്ധത്തിൻറെ പശ്ചാത്തലത്തിൽ, പ്രസ്തുത സമിതി വെള്ളിയാഴ്‌ച (08/04/22) പുറപ്പെടുവിച്ച ഒരു പ്രസ്താവനയിലാണ് ഇതു ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

രാഷ്ട്രങ്ങൾക്കിടയിൽ പരസ്പരവിശ്വാസമില്ലായ്മയും സന്ദേഹവും വദ്ധമാനമായിക്കൊണ്ടിരിക്കയാണെന്നും പാശ്ചാത്യ-പൗരസ്ത്യ-ഉത്തര-ദക്ഷിണ നാടുകൾ തമ്മിലുള്ള ഗൗരവതരമായ സംഭാഷണം സ്തംഭനാവസ്ഥയിലാണെന്നും രാഷ്ട്രങ്ങൾക്കു മദ്ധ്യേ ഗുരുതരങ്ങളായ അസമത്വങ്ങൾ ദൃശ്യമാണെന്നും ഇവയൊക്കെ ആണവയുദ്ധത്തിലേക്കു വരെ നയിച്ചേക്കാവുന്ന സംഘർഷത്തിൻറെ വിത്തുകൾ വിതയ്ക്കുകയാണെന്നും ഈ സമിതി ആശങ്ക പ്രകടിപ്പിക്കുന്നു.

ആകയാൽ മറ്റൊരു രാഷ്ട്രത്തിൻറെ അതിർത്തിയുടെ സമഗ്രതയ്ക്കോ രാഷ്ട്രീയ സ്വാതന്ത്ര്യത്തിനൊ നേർക്ക് ബലപ്രയോഗം നടത്തുകയില്ല എന്ന തത്വത്തെ ആദരിക്കാൻ ശാസ്ത്രങ്ങൾക്കായുള്ള പൊന്തിഫിക്കൽ സമിതി ആഹ്വാനം ചെയ്യുകയും ചെയ്യുന്നു.

ഉക്രൈയിനെതിരെ നടക്കുന്ന യുദ്ധത്തിന് ഒരു അവസാനം ഉണ്ടാക്കുന്നതിനും സമാധാനപരമായ പരിഹാരം കാണുന്നതിനും മുൻകൈയ്യെടുക്കാൻ ഈ സമിതി രാഷ്ട്രനേതാക്കളോട് ആവശ്യപ്പെടുന്നു.

യുദ്ധം ഒഴിവാക്കുന്നതിനും ആയുധങ്ങളെ, വിശിഷ്യ, ആണാവയുധങ്ങളെ നിയന്ത്രണവിധേയമാക്കാൻ കഴിയുന്നതിനും ഉപയുക്തമായ പ്രായോഗിക മാർഗ്ഗങ്ങൾ വികസിപ്പിച്ചെടുക്കാനും സർഗ്ഗാത്മകത മാനവജീവിതത്തിൻറെ ഉന്നമനത്തിനായി ഉപയോഗിക്കാനും ശാസ്ത്രങ്ങൾക്കായുള്ള പൊന്തിഫിക്കൽ സമിതി ശാസ്ത്രജ്ഞരെ ആഹ്വാനം ചെയ്യുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 ഏപ്രിൽ 2022, 12:40