യുക്രെയ്നിലെ ബുച്ച സിവിലിയൻ കൂട്ടക്കൊല 'വിശദീകരിക്കാനാകാത്തത്' എന്ന് കർദ്ദിനാൾ പരോളിൻ
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
യുക്രെയ്‌നിൽ അക്രമം വർദ്ധിക്കുന്നത് ഒഴിവാക്കാൻ സാധ്യമായവ എല്ലാം ചെയ്യണം എന്ന് പറഞ്ഞു കൊണ്ട് കർദ്ദിനാൾ പിയത്രോ പരോളിൻ, ഈ കിഴക്കൻ യൂറോപ്യൻ രാജ്യത്തിന്റെ സമാധാനത്തിന് വേണ്ടിയുള്ള അഭ്യർത്ഥന ഒരിക്കൽ കൂടി ആവർത്തിച്ചു.
ഫ്രാൻസിസ് പാപ്പാ കീവ് സന്ദർശിക്കാനുള്ള സാധ്യതയെ കുറിച്ച് “നിരോധിക്കേണ്ട ഒരു യാത്രയല്ല; അതു നിർവ്വഹിക്കാവുന്നതാണ്. ഈ യാത്ര എന്തൊക്കെ പരിണതഫലങ്ങളുണ്ടാക്കുമെന്നും യുദ്ധം അവസാനിപ്പിക്കാൻ ഇത് യഥാർത്ഥത്തിൽ സഹായം നൽകുമോ എന്നും വിലയിരുത്തുകയാണ് വേണ്ടത്. " എന്നാണ് കർദ്ദിനാൾ പരോളിൻ വെളിപ്പെടുത്തിയത്
ഓട്ടിസത്തെക്കുറിച്ചുള്ള ദൃശ്യ ശ്രാവ്യ സംരംഭത്തിൽ പങ്കെടുത്ത ശേഷം വത്തിക്കാൻ റേഡിയോയുടെ ആസ്ഥാനത്തിന് പുറത്ത് മാധ്യമപ്രവർത്തകരോടാണ് കർദ്ദിനാൾ പരോളിൻ സംസാരിക്കവേയാണ് ഇക്കാര്യങ്ങൾ സൂചിപ്പിച്ചത്.
സംഘർഷ വർദ്ധനം ഒഴിവാക്കുക
NATO യുടെ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബെർഗിന്റെ "ആഗോള നാറ്റോ സഖ്യം"ത്തെ കുറിച്ചുള്ള സമീപകാല നിർദ്ദേശങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ, "നിയമപരമായ സ്വയം പ്രതിരോധ തത്വം"ത്തെ ഉറപ്പിക്കുകയും അതേസമയം സംഘർഷ വർദ്ധനവ് ഒഴിവാക്കാൻ വേണ്ടതെല്ലാം ചെയ്യാനുള്ള അഭ്യർത്ഥന ആവർത്തിക്കുകയും ചെയ്തു.
"കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം നമ്മെ പഠിപ്പിക്കുന്നതുപോലെ, ആക്രമണത്തിന് ആനുപാതികമായ ഒരു സായുധ പ്രതികരണം, വിനാശകരവും മാരകവുമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാവുന്ന സംഘർഷത്തിന്റെ വർദ്ധനവിന് കാരണമാകും," കർദ്ദിനാൾ പറഞ്ഞു. പകരം, "നമ്മളെല്ലാവരും യുക്തിയിലേക്ക് മടങ്ങുകയും ഈ ഏക മാർഗ്ഗത്തിൽ നിന്ന് പുറത്തുകടക്കാൻ ചർച്ചകളിലൂടെ ഒരു വഴി കണ്ടെത്തുകയും ചെയ്യും" എന്ന പ്രതീക്ഷയാണ് കർദ്ദിനാൾ പ്രകടിപ്പിച്ചത്.
ബുച്ചയിൽ നിന്നുള്ള ചിത്രങ്ങൾ വിചിന്തനത്തിന് പ്രേരണ
കീവിൽ നിന്ന് അറുപത് കിലോമീറ്റർ അകലെയുള്ള ബുച്ച എന്ന നഗരത്തിന്റെ തെരുവീഥികളിൽ പൊതുജനത്തിന്റെ മൃതശരീരങ്ങൾ ചിതറികിടക്കുന്നതിനെ കൂട്ടക്കൊല എന്ന് പരാമർശിച്ച പാപ്പായുടെ വാക്കുകളെ അനുസ്മരിച്ച് കൊണ്ട് അതിക്രമങ്ങളുടെ ചിത്രങ്ങളെക്കുറിച്ചും കർദ്ദിനാൾ പരോളിൻ വേദനയോടെ പങ്കുവച്ചു. “സാധാരണ ജനങ്ങളുടെ നേരെ ഇത്തരം ഒരു ആഞ്ഞടിക്കൽ വിവരണാതീതമാണ്. പലരും ചൂണ്ടിക്കാണിച്ചതുപോലെ, ഇത്തരം സംഭവ പരമ്പരകൾ ഈ യുദ്ധത്തിലെ ഒരു വഴിത്തിരിവാണെന്ന് ഞാൻ ശരിക്കും വിശ്വസിക്കുന്നു. അവർ അതിനെ ഒരു യതാർത്ഥ അർത്ഥത്തിൽ അടയാളപ്പെടുത്തി എത്രയും വേഗം യുദ്ധം അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് എല്ലാവരേയും ചിന്തിക്കാൻ ഇടവരുത്തുകയും ചെയ്യുമെന്നും അല്ലാതെ പലരും ഭയക്കുന്നത് പോലെ അവരുടെ നിലപാടുകൾ കഠിനമാക്കുകയില്ലെന്നും പ്രത്യാശിക്കുന്നു" എന്നും കർദ്ദിനാൾ പറഞ്ഞു.
കീവിലേക്കുള്ള പാപ്പായുടെ യാത്ര സാധ്യത
യുക്രെയ്നിന്റെ തലസ്ഥാനമായ കീവ് സന്ദർശിക്കാനുള്ള പാപ്പായുടെ യാത്ര സാധ്യതയെക്കുറിച്ചുള്ള ചോദ്യത്തിന് മറ്റ് നേതാക്കൾ നടത്തിയതും ഇപ്പോഴും നടത്തുന്നതുമായ യാത്രകൾ ചൂണ്ടിക്കാണിച്ചുകൊണ്ട്, അപകടമൊന്നും ഉണ്ടാകില്ലെന്ന് യുക്രേനിയക്കാർ എല്ലായ്പ്പോഴും മതിയായ ഉറപ്പ് നൽകുന്നുവെങ്കിലും , സാഹചര്യങ്ങൾ അനുകൂലമാകണം" കർദ്ദിനാൾ പരോളിൻ പറഞ്ഞു.
"കീവിലേക്കുള്ള ഒരു യാത്ര നിരോധിതമല്ല. അത് നടത്താവുന്നതാണ് " എന്ന് താൻ വിശ്വസിക്കുന്നു എങ്കിലും, ഒരു പാപ്പായുടെ യാത്രയുടെ "പരിണതഫലങ്ങളെ" ക്കുറിച്ച് വിലയിരുത്തി കൊണ്ടിരിക്കുകയാണ് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സൂക്ഷമായി കൈകാര്യം ചെയ്യേണ്ടതെന്ന് കർദ്ദിനാൾ പരോളിൻ നിർവചിച്ച റഷ്യൻ ഓർത്തഡോക്സ് സഭയുമായുള്ള ബന്ധമാണ് പരിഗണിക്കേണ്ട മറ്റൊരു ഘടകമെന്ന് കർദ്ദിനാൾ പരോളിൻ സൂചിപ്പിച്ചു.
പാത്രിയർക്കീസ് കിറില്ലുമായുള്ള കൂടിക്കാഴ്ച
മോസ്കോ പാത്രിയാർക്കേറ്റുമായുള്ള ബന്ധത്തിന്റെ വിഷയത്തിൽ ഫ്രാൻസിസ് പാപ്പയും പാത്രിയാർക്കീസ് കിറിലും തമ്മിൽ 2016 ഫെബ്രുവരി 12-ന് ക്യൂബയിൽ നടന്ന കൂടിക്കാഴ്ച്ചയെ തുടർന്ന് വീണ്ടും മറ്റൊരു കൂടിക്കാഴ്‌ചയ്‌ക്കുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചിട്ടുണ്ട്" എന്ന് പറഞ്ഞു. “താൻ മനസ്സിലാക്കുന്നതനുസരിച്ച്, ഇരു കക്ഷികളും ഒരു “നിഷ്പക്ഷ നില” തിരയുകയാണെന്ന് വിശദീകരിച്ചു. ക്രൈസ്തവ ഐക്യം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പൊന്തിഫിക്കൽ കൗൺസിലാണ് ഈ കാര്യത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്.
പരിശുദ്ധ സിംഹാസനത്തിന്റെ നയതന്ത്രം
മാൾട്ടയിൽ നിന്നുള്ള മടക്കയാത്രയിൽ ഫ്രാൻസിസ് പാപ്പാ വിശദീകരിച്ചതുപോലെ, പരിശുദ്ധ സിംഹാസനം നയതന്ത്ര മേഖലയിൽ അശ്രാന്ത പരിശ്രമം നടത്തി കൊണ്ടിരിക്കുകയാണ്.
നിലവിൽ "പ്രത്യേക സംരംഭങ്ങൾ" ഒന്നുമില്ലെങ്കിലും വെടിനിർത്തലിന് വേണ്ടിയുള്ള സന്ധി സംഭാഷണങ്ങൾക്ക് മധ്യസ്ഥത വഹിക്കാനുള്ള പരിശുദ്ധ സിംഹാസനത്തിന്റെ ലഭ്യതയും സന്നദ്ധതയും നൽകാൻ എപ്പോഴും തയ്യാറാണ് എന്ന് കർദ്ദിനാൾ പരോളിൻ വിശദീകരിച്ചു.
വത്തിക്കാന്റെ വിദേശ രാജ്യങ്ങളുമായുള്ള ബന്ധത്തിന്റെ കാര്യദർശി ആർച്ച് ബിഷപ്പ് പോൾ റിച്ചാർഡ് ഗല്ലഗറിന്റെ കീവിലേക്കുള്ള യാത്ര ഒരു മൂർത്തമായ സാധ്യതയായി തുടരുന്നുവെന്ന് കർദിനാൾ വ്യക്തമാക്കി.
യുദ്ധം പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പ് തന്നെ അദ്ദേഹത്തെ ക്ഷണിച്ചിരുന്നു, എന്നാൽ യാത്ര റദ്ദാക്കേണ്ടി വന്നു എന്ന് സൂചിപ്പിച്ച കർദ്ദിനാൾ പരോളിൻ, "സമീപ ഭാവിയിൽ" യുക്രെയ്നിലുണ്ടാകുമെന്ന് ആർച്ച് ബിഷപ്പ് ഗാല്ലഗെർ പറഞ്ഞതിനെ അനുസ്മരിക്കുകയും യാത്രയ്ക്കായി ഒരു തീയതി നിശ്ചയിച്ചിട്ടുണ്ടെന്ന് താൻ കരുതുന്നില്ല എന്നറിയിക്കുകയും ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: