വത്തിക്കാനിൽ നോമ്പുകാല പ്രഭാഷണ പരമ്പര !
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
വത്തിക്കാനിൽ നോമ്പുകാല പ്രഭാഷണം ഈ പതിനൊന്നാം തീയതി വെള്ളിയാഴ്ച (11/03/22) ആരംഭിക്കും.
പേപ്പൽഭവനത്തിലെ ധ്യാനപ്രാസംഗികനായ കപ്പൂച്ചിൻ കർദ്ദിനാൾ റനിയേരൊ കന്തലമേസ (Card. Raniero Cantalamessa) ആണ് നോമ്പുകാലത്തിലെ വെള്ളിയാഴ്‌ചകളിൽ ഈ പ്രഭാഷണപരമ്പര നടത്തുക.
മാർച്ച് 11,18,25, ഏപ്രിൽ 1,8 എന്നീ തീയതികളിൽ വത്തിക്കാനിൽ പോൾ ആറാമൻ ശാലയിലായിരിക്കും അദ്ദേഹം നോമ്പുകാല ചിന്തകൾ പങ്കുവയ്ക്കുക.
“വാങ്ങി ഭക്ഷിക്കുവിൻ: ഇത് എൻറെ ശരീരമാണ്”, (മത്തായി 26,26) മത്തായിയുടെ സുവിശേഷത്തിലെ ഇരുപത്തിയാറാം അദ്ധ്യായത്തിലെ ഇരുപത്തിയാറാമത്തെതായ ഈ വാക്യമാണ് ധ്യാനവിഷയം.
കർദ്ദിനാളന്മാർ, മെത്രാപ്പോലീത്താമാർ, മെത്രാന്മാർ, വൈദികർ, റോമൻ കൂരിയായിലെയും റോമൻ വികാരിയാത്തിലെയും ജീവനക്കാർ, പാപ്പായെ മതപരമായ കാര്യങ്ങളിലും അതുപോലെ തന്നെ രാഷ്ട്രത്തലവൻ എന്ന നിലയിലുള്ള ദൗത്യങ്ങളിലും സഹായിക്കുന്ന, റോമിലുള്ള, സമർപ്പിതജീവിതസമൂഹങ്ങളുടെയും സെമിനാരികളുടെയും കോളേജുകളുടെയും ഉന്നതാധികാരികൾ തുടങ്ങിയവർ ഇതിൽ പങ്കെടുക്കും.
പരിശുദ്ധസിംഹാസനത്തിൻറെ വാർത്താവിതരണ കാര്യാലയം പ്രസ്സ് ഓഫീസ് ചൊവ്വാഴ്‌ച (08/03/22) പുറപ്പെടുവിച്ച ഒരു അറിയിപ്പിലാണ് ഈ വിവരങ്ങൾ ഉള്ളത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: