തിരയുക

യുക്രയ്നിനെതിരായ റഷ്യൻ  യുദ്ധ ദൃശ്യം. യുക്രയ്നിനെതിരായ റഷ്യൻ യുദ്ധ ദൃശ്യം. 

കർദ്ദിനാൾ ക്രയേവ്സ്കി യുക്രെയ്നിൽ: ദുരിതമനുഭവിക്കുന്നവർക്ക് പാപ്പായുടെ സാമിപ്യം എത്തിക്കാൻ...

പാപ്പായുടെ ദാനധർമ്മാധികാരി, കർദ്ദിനാൾ ക്രയേവ്സ്കി, ഞായറാഴ്ച വൈകുന്നേരം പോളണ്ടിലേക്കും തുടർന്ന് അവിടെ നിന്ന് യുക്രെയ്നിലേക്കും, യുക്രെയ്ൻ ജനതയെ സഹായിക്കുന്ന സന്നദ്ധ സേവകർക്ക് പിൻതുണ നൽകാനായി യാത്ര പുറപ്പെട്ടു."എവിടെ വരെ എനിക്കെത്താൻ കഴിയുമെന്ന് നിശ്ചയമില്ല എങ്കിലും കണ്ടുമുട്ടുന്ന എല്ലാവർക്കും പരിശുദ്ധ പിതാവിന്റെ സാമീപ്യവും പ്രോൽസാഹനവും പ്രകടിപ്പിക്കാൻ ഞാൻ പരിശ്രമിക്കും. എനിക്കു ഭയമില്ല; ഞാൻ സുവിശേഷത്തെക്കുറിച്ചാണ് ചിന്തിക്കുന്നത്, " അദ്ദേഹം പറഞ്ഞു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

കർദ്ദിനാൾ ക്രയേവ്സ്കിയുടെ യാത്രയുടെ മാർഗ്ഗരേഖയിൽ അനിശ്ചിതത്വമുണ്ടെങ്കിലും ലക്ഷ്യം വ്യക്തമാണ്. "സഹിക്കുന്ന ജനതയുടെ അടുത്തെത്തുക, അവർക്ക് പാപ്പായുടെ സാമിപ്യം അനുഭവവേദ്യമാക്കുക, പാപ്പാ അവരെ സ്നേഹിക്കുന്നുവെന്ന് അവരോടു പറയുക, അവരോടൊപ്പം പ്രാർത്ഥിക്കുക കാരണം പ്രാർത്ഥനയ്ക്ക് യുദ്ധം അവസാനിപ്പിക്കാനും കഴിയും."

ഫ്രാൻസിസ് പാപ്പായുടെ ദാനധർമ്മാധികാരിയായ കർദ്ദിനാൾ ക്രയേവ്സ്കി കഴിഞ്ഞ മൂന്നാം തിയതി യുക്രെയ്ൻ സമൂഹത്തിന് സഹായ സാമഗ്രികൾ എത്തിക്കാനായി  റോമിലെ സാന്താ സോഫിയ ബസിലിക്കയിൽ എത്തിയിരുന്നു. പതിനൊന്നിലധികം ദിവസങ്ങളായി ബോംബ് വർഷത്തിന്റെ  ഭീകരതയ്ക്കും ദുരിതങ്ങൾക്കും കീഴിൽ കഴിയുന്ന യുക്രെയ്നിലെ ജനങ്ങൾക്ക് ഭൗതീകവും ആത്മീയവുമായ പിന്തുണ നൽകാൻ പാപ്പാ യുക്രെയ്നിലേക്ക് രണ്ടു കർദ്ദിനാൾമാരെയാണ് അയച്ചത്. സമഗ്രമാനവ വികസനത്തിനായുള്ള ഡിക്കാസ്ട്രിയുടെ ഇടക്കാല പ്രീഫെക്ട് കർദ്ദിനാൾ മൈക്കൾ ചെർണിയും കർദ്ദിനാൾ ക്രയേവ്സ്കിയോടൊപ്പം യാത്രതിരിക്കുന്നുണ്ട്.

ഞായറാഴ്ച്ചത്തെ മദ്ധ്യാഹ്ന പ്രാർത്ഥനാ മദ്ധ്യേ ഫ്രാൻസിസ് പാപ്പാ പറഞ്ഞതുപോലെ "പരിശുദ്ധ സിംഹാസനം സമാധാനത്തിന്റെ സേവനത്തിനായി എന്തും ചെയ്യാൻ തയ്യാറാണ്" എന്ന് കാണിക്കുന്ന  ഒരു യഥാർത്ഥ പ്രേഷിത ദൗത്യമാണ് ഇത്.  അവിടെയുണ്ടാകുന്ന രണ്ടു കർദ്ദിനാൾമാരുടെ സാന്നിധ്യം പാപ്പായുടെ സാന്നിധ്യം മാത്രമല്ല മറിച്ച് "യുദ്ധം ഒരു ഭ്രാന്താണ്, ഈ ക്രൂരത അവസാനിപ്പിക്കുക " എന്ന് അവിടെ എത്തി പറയാൻ ആഗ്രഹിക്കുന്ന എല്ലാ ക്രൈസ്തവരുടേയും കൂടിയാണെന്നും പാപ്പാ കൂട്ടിച്ചേർത്തു.

വത്തിക്കാൻ മാധ്യമവിഭാഗത്തോടു തന്റെ  ദൗത്യത്തെക്കുറിച്ച് കർദ്ദിനാൾ ക്രയേവ്സ്കി സംസാരിച്ചു. മുറിവേറ്റ യുക്രെയ്നിലേക്ക് പാപ്പായുടെ പ്രതിനിധിയായി ദൗത്യമേറ്റെടുത്ത് യാത്ര ചെയ്യുന്ന അദ്ദേഹത്തിന്റെ വികാരമെന്തെന്ന ചോദ്യത്തിന് പാപ്പായുടെ പ്രവർത്തിയുടെ യുക്തിയെ വിവരിച്ചുകൊണ്ടാണ് കർദ്ദിനാൾ ഉത്തരം നൽകിയത്.  രോഗികളോടും, മൃതരായവരോടും, സ്വന്തം രാജ്യത്തിൽ നിന്നും  കുടിയൊഴിക്കപ്പെട്ടവരോടും പാപ്പാ കാണിക്കുന്നത് സുവിശേഷത്തിന്റെ യുക്തിയാണ് എന്ന് അദ്ദേഹം പറഞ്ഞു. താൻ പോളണ്ടിലേക്ക് പോകുന്നത് അവിടെ നിന്നും യുക്രെയ്നിലേക്ക് കടക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ്. പിന്നീട് പാപ്പായുടെ സാമിപ്യവും, സ്നേഹവും, പ്രാർത്ഥനയും പാപ്പായുടെ പ്രോൽസാഹനവും  എത്രമാത്രം അവിടത്തെ ജനങ്ങളിലെത്തിക്കാൻ കഴിയുമെന്ന് നോക്കുമെന്നും അദ്ദേഹം പറഞ്ഞു. പാപ്പായുടെ ജപമാലയും നൽകാൻ താൻ ആഗ്രഹിക്കുന്നു, കാരണം പ്രാർത്ഥന കൊണ്ട് നമ്മുക്ക് മലകൾ നീക്കാനും യുദ്ധം അവസാനിപ്പിക്കാനും കഴിയും അദ്ദേഹം പറഞ്ഞു.

ആർക്കായിരിക്കും അദ്ദേഹത്തിന്റെ  സഹായം പ്രധാനമായും നൽകുക എന്നു ചോദിച്ച മാധ്യമ പ്രവർത്തകനോടു തനിക്കറിയില്ല എന്നായിരുന്നു കർദ്ദിനാൾ ക്രയേവ്സ്കി മറുപടി നൽകിയത്. ഒരു യുദ്ധസാഹചര്യമാണവിടെയെന്നും അതിനാൽ ആരുടെയടുത്താണ് തനിക്കെത്താൻ കഴിയുകയെന്ന് അറിയില്ലായെന്നും അറിയിച്ച അദ്ദേഹം ഓരോ മണിക്കൂറുകൾ തോറും  എല്ലാം വ്യത്യാസപ്പെടുകയും എല്ലാം മാറുകയും ചെയ്യുന്നതുമാണ് അറിയാൻ കഴിയുക എന്നും കൂട്ടിച്ചേർത്തു. തീർച്ചയായും എത്രയും അധികം പേരെ കാണാൻ കഴിയുമോ അത്രയും പേരെ കാണാനും പരിശുദ്ധ പിതാവിന്റെ  അനുഗ്രഹം നൽകാനും താൻ പരിശ്രമിക്കും. അതേപോലെ സന്നദ്ധ സേവകരോടും, അതിർത്തിയിൽ അഭയാർത്ഥികളെ സഹായിക്കുന്നവരോടു ചേരാനും ആഗ്രഹിക്കുന്നു. ഇതിനോടകം തന്നെ 8 ലക്ഷത്തോളം പേർ പോളണ്ടിലെത്തിക്കഴിഞ്ഞു, കർദ്ദിനാൾ ക്രയേവ്സ്കി അറിയിച്ചു.

പോളണ്ടിൽ നിന്ന് കിവിലേക്ക് പോകുമോ എന്ന ചോദ്യത്തിന് അതിർത്തിയിൽ എത്തുമ്പോൾ, എന്തൊക്കെയാണ് സാധ്യതകളെന്ന് നോക്കുമെന്നും കീവിലെ മേയർ എല്ലാ മതവിശ്വാസികളോടും അവിടെ എത്താൻ കഴിയുമെങ്കിൽ അവരോടൊപ്പം നിന്ന് പ്രാർത്ഥിക്കാനും പ്രാർത്ഥനയിലൂടെ നഗരത്തെ രക്ഷിക്കാനും അഭ്യർത്ഥിച്ചത് തനിക്കറിയാമെന്നും കർദ്ദിനാൾ പറഞ്ഞു. ഭയമുണ്ടോ എന്ന ചോദ്യത്തിന്, ഒട്ടുമില്ല എന്ന് പറഞ്ഞ കർദ്ദിനാൾ ക്രയേവ്സ്കി താൻ സുവിശേഷത്തെക്കുറിച്ചാണ് ചിന്തിക്കുന്നതെന്നും, പാപ്പായെപ്പോലെ സുവിശേഷത്തിന്റെ  യുക്തി ഉപയോഗിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം ഉത്തരം നൽകി.  

 

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 March 2022, 13:30