തിരയുക

നോമ്പുകാല ധ്യാനം നോമ്പുകാല ധ്യാനം 

പാപ്പായും റോമൻ കൂരിയ അംഗംങ്ങളും തപസ്സുകാല ധ്യാനത്തിലേക്ക്!

ഷഡ്ദിന നോമ്പുകാല ധ്യാനം: പാപ്പായുടെ ഔദ്യോഗിക പരിപാടികൾ മാർച്ച് 6-11 വരെ ഉണ്ടായിരിക്കില്ല.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഫ്രാൻസീസ് പാപ്പായും റോമൻ കൂരിയ അംഗങ്ങളും ആറാം തീയതി (06/03/22) ഞായാറാഴ്ച മുതൽ നോമ്പുകാല ധ്യാനത്തിലായിരിക്കും.

ഞായറാഴ്ച ഉച്ചതിരിഞ്ഞ് ആരംഭിക്കുന്ന ഈ ഷഡ്ദിന ആദ്ധ്യാത്മിക ധ്യാനം  പതിനൊന്നാം തീയതി വെള്ളിയാഴ്‌ച വരെ നീളും. 

സാധാരണ ഈ തപസ്സുകാല ധ്യാനം, വത്തിക്കാനില്‍ നിന്ന് 30 ലേറെ കിലോമീറ്റര്‍ തെക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന അറീച്ച (Ariccia) എന്ന പ്രദേശത്ത് ദിവ്യഗുരുവിന്‍റെ   നാമത്തിലുള്ള ധ്യാന കേന്ദ്രത്തില്‍ (Casa Divin Maestro) എല്ലാവരും ഒരുമിച്ചാണ് നടത്തുക. എന്നാൽ കോവിദ് 19 മഹാമാരി ആരംഭിച്ചതോടെ ഈ പതിവിന് പാപ്പാ മാറ്റം വരുത്തിയിരിക്കാണ്.

ആകയാൽ, ഇത്തവണയും, ഒരുമിച്ചുള്ള ധ്യാനത്തിനു പകരം, പാപ്പായും റോമൻ കൂരിയായിലെ അംഗങ്ങളും, വ്യക്തിപരമായിട്ടായിരിക്കും ഈ ഒരാഴ്ച ധ്യാനത്തിൽ മുഴുകുക.

ഞായറാഴ്ച വൈകുന്നേരം മുതല്‍ വെള്ളിയാഴ്ചവരെയുള്ള ധ്യാനദിനങ്ങളില്‍ ഫ്രാന്‍സീസ് പാപ്പാ ബുധനാഴ്ചത്തെ പ്രതിവാരപൊതുദര്‍ശന പരിപാടിയുള്‍പ്പടെയുള്ള എല്ലാ ഔദ്യോഗികകൃത്യങ്ങളും ഒഴിവാക്കിയിരിക്കയാണ്.

കഴിഞ്ഞ വർഷം ഫ്രാൻസീസ് പാപ്പാ എല്ലാവർക്കും ധ്യാന സഹായിയായ ഒരു ചെറു ഗ്രന്ഥം സമ്മാനിച്ചിരുന്നു "കർത്താവ് ഹൃദയത്തിൽ ഉണ്ടായിരിക്കട്ടെ" എന്നർത്ഥമുള്ള “ആബി അ കുവോരെ ഇൽ സിഞ്ഞോറെ..” (“Abbi a cuore il Signore”)  എന്ന ഈ പുസ്തകം  ഈശോസഭാ വൈദികൻ ഡനിയേലെ ലിബനോരി (Daniele Libanori) രചിച്ചതാണ്. ആ പുസ്തകത്താളുകൾ ആത്മീയ ജീവിതത്തിന് സഹായകരമായിരിക്കുമെന്ന് വ്യക്തമാക്കുന്ന ഒരു കത്തും പാപ്പാ അതിനോടൊപ്പം നല്കിയിരുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 മാർച്ച് 2022, 12:43