സമർപ്പിത ജീവിതം നയിക്കുന്നവർക്ക് ഒരു കത്ത്- ഉക്രയിനു വേണ്ടി പ്രാർത്ഥിക്കുക!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ഉക്രയിനിൽ യുദ്ധം അവസാനിച്ച് സമാധാനം വാഴുന്നതിനായി തീക്ഷണമായി പ്രാർത്ഥിക്കാൻ സമർപ്പിതജീവിത സ്ഥാപനങ്ങൾക്കും അപ്പൊസ്തോലികജീവിത സമൂഹങ്ങൾക്കും വേണ്ടിയുള്ള വത്തിക്കാൻ സംഘം സമർപ്പിതരെ ക്ഷണിക്കുന്നു.
ഈ സംഘത്തിൻറെ അദ്ധ്യക്ഷൻ കർദ്ദിനാൾ ജൊവ ബ്രാസ് ജെ അവീസും (Card. João Braz de Aviz) കാര്യദർശി ആർച്ചുബിഷപ്പ് ഹൊസേ റൊഡ്രീഗസ് കരബായ്യൊയും (Josè Rodriguez Caraballo) ഒപ്പിട്ടു എല്ലാ സമർപ്പിതരെയും സംബോധനചെയ്തുകൊണ്ട് തിങ്കളാഴ്ച (28/02/22) പുറപ്പെടുവിച്ച ഒരു കത്തിലാണ് ഈ ക്ഷണമുള്ളത്.
യുദ്ധവും ആഭ്യന്തര സംഘർഷങ്ങളം ആഴത്തിൽ മുദ്രപതിച്ചിട്ടുളള ഉക്രയിനും അതു പോലുള്ള എല്ലാ നാടുകൾക്കും വേണ്ടി പ്രാർത്ഥിക്കണമെന്ന് അവർ കത്തിൽ അഭ്യർത്ഥിക്കുന്നു.
യുദ്ധത്തിൻറെ യാതനകൾ അനുഭവിക്കുന്നവരുടെ വേദനയിൽ നാം പങ്കുപറ്റുന്നതിന് ആനുപാതികമായി നാം സമധാനത്തിൻറെ ദൈവത്തോടുള്ള സമാധാന യാചന തീവ്രതരമാക്കുമെന്ന് ഈ സംഘാദ്ധ്യക്ഷന്മാർ പറയുന്നു.
ആശ്രമാവൃതിക്കുള്ളിൽ ധ്യാനാത്മക ജീവിതം നയിക്കുന്നവരോടുള്ള പ്രത്യേക അഭ്യർത്ഥനയും ഈ കത്തിലുണ്ട്.
യുദ്ധം അവസാനിക്കുന്നതിനും ജീവനെടുക്കുന്ന പദ്ധതി പരാജയപ്പെടുന്നതിനും വിദ്വേഷത്തിൻറെ സ്ഥാനം സ്നേഹം കൈയ്യടക്കുന്നതിനും നിസ്സംഗതയ്ക്കു പകരം ഐക്യദാർഢ്യം സ്ഥാനം പിടിക്കുന്നതിനും സംഭാഷണം ആയുധങ്ങളെക്കാൾ ശക്തമാകുന്നതിനും വേണ്ടി പ്രാർത്ഥിക്കാൻ കർദ്ദിനാൾ ജൊവ ബ്രാസ് ജെ അവീസും ആർച്ചുബിഷപ്പ് ഹൊസേ റൊഡ്രീഗസ് കരബായ്യൊയും ക്ഷണിക്കുന്നു.
പ്രാർത്ഥനയിൽ മടുക്കരുതെന്നും അവർ ഓർമ്മിപ്പിക്കുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: