നമ്മുടെ സഹകരണത്തോടെ ദൈവം ലോകത്തെ രക്ഷിക്കുമെന്ന് പരേതനായ കർദ്ദിനാൾ കാച്ചവില്ലൻ വിശ്വസിച്ചു
സി.റൂബിനി സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
കർദ്ദിനാൾ കാച്ചവില്ലന്റെ വിയോഗത്തിൽ ഫ്രാൻസിസ് പാപ്പാ നേരത്തെ തന്റെ അനുശോചനം രേഖപ്പെടുത്തിയിരുന്നു.
“ദൈവത്തോടും, സഭയോടും, പാപ്പായോടുമുള്ള സ്നേഹത്തിന്റെ ശക്തിയാലാണ് കർദ്ദിനാൾ കാച്ചവില്ലന്റെ ദീർഘമായ സഭാ ശുശ്രൂഷ നിരന്തരം നിലനിന്നിരുന്നതെന്നും, അദ്ദേഹം സഭാ ശുശ്രൂഷ സേവന മനോഭാവത്തിലും അചഞ്ചലമായ ഉത്സാഹത്തോടെയുമാണ് നിർവ്വഹിച്ചിരുന്നതെന്നും ശനിയാഴ്ച അന്തരിച്ച ഇറ്റാലിയൻ കർദ്ദിനാളിനെക്കുറിച്ച് കർദ്ദിനാൾ ജൊവാന്നി ബത്തിസ്ത്താ റേ അനുസ്മരിച്ചു.
ദീർഘനാൾ പരിശുദ്ധ സിംഹാസനത്തിന്റെ നയതന്ത്രജ്ഞനായിരുന്ന കർദ്ദിനാൾ കാച്ചവില്ലൻ (94) വത്തിക്കാനിലെ വസതിയിൽ വച്ചാണ് അന്തരിച്ചത്. വിശുദ്ധ പത്രോസിന്റെ ബസിലിക്കയിലർപ്പിച്ച ശവസംസ്‌കാര ദിവ്യബലിയിൽ
റോമിൽ സന്നിഹിതരായ നിരവധി കർദ്ദിനാൾമാരും മെത്രാന്മാരും ആർച്ച് ബിഷപ്പുമാരും പങ്കെടുത്തു. കർദ്ദിനാൾ റേ സുവിശേഷപ്രസംഗം നടത്തി.
"അദ്ദേഹത്തിന്റെ മെത്രാനഭിഷേകത്തിന്റെ മുദ്രാവാക്യം 'ദൈവത്തിന്റെ ശക്തിയിൽ ' എന്നതായിരുന്നു എന്ന് ഓർമ്മിപ്പിച്ച കർദിനാൾ റേ അപ്പോസ്തലനായ വിശുദ്ധ പത്രോസിന്റെ ഒരു ആവിഷ്കാരമാണതെന്നും തന്റെ ശുശ്രൂഷകരിൽ പ്രവർത്തിക്കുന്നത് ദൈവത്തിന്റെ ശക്തിയാണെന്ന് കർദ്ദിനാൾ കാച്ചവില്ലൻ സ്ഥിരീകരിക്കുകയും നമ്മുടെ സഹകരണത്തോടെ ലോകത്തെ രക്ഷിക്കുന്നത് ദൈവമാണെന്ന് അംഗീകരിക്കുകയും ചെയ്തിരുന്നെന്നും വ്യക്തമാക്കി.
പാപ്പയുടെ അനുശോചനം
ശവസംസ്കാര ദിവ്യബലിയുടെ അവസാനത്തിൽ അന്ത്യോപചാരവും യാത്രയയപ്പും നൽകിയ ഫ്രാൻസിസ് പാപ്പാ അന്തരിച്ച കർദിനാളിന്റെ വിച്ചെൻസയിൽ താമസിക്കുന്ന സഹോദരി അഞ്ഞെസെ കാച്ചാവില്ലന് നേരത്തെ ഒരു ടെലിഗ്രാം സന്ദേശത്തിൽ അനുശോചനവും കർദ്ദിനാളിന്റെ വിയോഗത്തിൽ ദുഃഖിക്കുന്നവരോടു തന്റെ സാമീപ്യവും അറിയിച്ചിരുന്നു. “മാതൃകാപരമായ സമർപ്പണത്തോടും സൂക്ഷ്മമായ ചിന്തയോടും കൂടി, സഭയുടെ നന്മയ്ക്കായി തനിക്ക് ലഭിച്ച നിരവധി കഴിവുകൾ ഉദാരമായി വിനിയോഗിച്ച ഈ സഹോദരനെ ഞാൻ അനുസ്മരിക്കുന്നു. എന്ന് പാപ്പാ പറഞ്ഞു.
"ദൈവം ഈ ലോകത്തിന്റെ വിധി തന്റെ കൈകളിൽ പിടിച്ചിരിക്കുന്നു."
1926 ഓഗസ്റ്റ് 14-ന് വിചെൻസാ രൂപതയിലെ നോവാലെ ദി വൽദാഞ്ഞോയിലാണ് കർദ്ദിനാൾ കാച്ചവില്ലൻ ജനിച്ചത്. ഒമ്പത് കുട്ടികളുള്ള ഒരു വലിയ കുടുംബമായിരുന്നു അദ്ദേഹത്തിന്റെത്.
വിശ്വാസം, സത്യം, ആത്മാക്കളോടുള്ള സ്നേഹം
1949-ലെ പൗരോഹിത്യ സ്വീകരണം മുതൽ തന്റെ അവസാന ദൗത്യമായ വത്തിക്കാനിലെ പൈതൃകസ്വത്തുക്കളുടെ നിർവ്വാഹക സംഘത്തിന്റെ അദ്ധ്യക്ഷനായി (APSA) സേവനമനുഷ്ഠിച്ച് 2002 ഒക്ടോബർ 1-ന് അവിടെ നിന്ന് വിരമിക്കുന്നതു വരെ സഭയ്‌ക്ക് നൽകിയ അദ്ദേഹത്തിന്റെ സേവനത്തെ കർദ്ദിനാൾ റേ ഹ്രസ്വമായി തന്റെ പ്രസംഗത്തിൽ അനുസ്മരിച്ചു.
“ഈ സ്ഥാനങ്ങളിലെല്ലാം, അന്തരിച്ച കർദിനാൾ കാച്ചവില്ലനെ സജീവമായി നിലനിർത്തിയ ഉറച്ച വിശ്വാസത്തിലും, എല്ലാ സാഹചര്യങ്ങളിലും സത്യത്തോടു പുലർത്തിയ ധൈര്യത്തിലും, ആത്മാക്കളോടുള്ള സ്നേഹത്തിലും ആത്മാവിന്റെ പ്രവർത്തണം അനന്യമായിരുന്നു എന്നും കർദ്ദിനാൾ റേ അനുസ്മരിച്ചു.
സൈദ്ധാന്തികപരമായ കഴിവും സഭയുടെ മജിസ്റ്റീരിയത്തോടുള്ള സമ്പൂർണ്ണ വിശ്വസ്ഥതയും കൊണ്ട് അദ്ദേഹം വ്യത്യസ്ഥനായിരുന്നു. "സെൻസൂസ് എക്ളേസിയ" (സഭയോടൊത്തുള്ള മനസ്സ്) ആയിരുന്നു അദ്ദേഹത്തിന്റെ എല്ലാ പ്രവർത്തനങ്ങളുടെയും പ്രചോദനാത്മക തത്വം.
കർദ്ദിനാൾ കാച്ചവില്ലന്റെ യഥാർത്ഥ ആത്മീയത, ചടുലമായ ബുദ്ധി, സംതുലിതമായ ന്യായവിധി, അഗാധമായ കർത്തവ്യ ബോധം, ആദരവും സഹാനുഭൂതിയും നൽകുന്ന സൂക്ഷ്മമായ പെരുമാറ്റം എന്നിവയ്ക്ക് എല്ലായിടത്തും അഭിനന്ദനം ലഭിച്ചു എന്ന് കർദ്ദിനാൾ റേ തന്റെ പ്രസംഗത്തിൽ സൂചിപ്പിച്ചു.
ദൈവിക കരുതലിൽ വിശ്വസിക്കുക
ദൈവം സംരക്ഷിക്കും എന്ന ബോധ്യം അദ്ദേഹത്തിന്റെ ആത്മാവിൽ രൂഢമൂലമായിരുന്നു. അത് വീട്ടിൽ നിന്ന് പഠിച്ചതായും പ്രത്യേകിച്ച് തന്റെ പിതാവിൽ നിന്ന് പഠിച്ചതായും ഏറ്റവും ബുദ്ധിമുട്ടുള്ളതും ഭാരമേറിയതുമായ സാഹചര്യങ്ങളിൽ പോലും ദൈവീക സംരക്ഷണ ബോധം ശാന്തത നൽകിയിരുന്നെന്നും അദ്ദേഹം പറഞ്ഞിരുന്നതായി കർദ്ദിനാൾ വെളിപ്പെടുത്തി.
വർഷങ്ങളിലൂടെ കടന്നുപോയപ്പോൾ, "ദൈവം ഈ ലോകത്തിന്റെ വിധി തന്റെ കൈകളിൽ പിടിച്ചിരിക്കുന്നു" എന്ന് കൂടുതൽ കൂടുതൽ മനസ്സിലാക്കുകയും, കൂടാതെ ദൈവത്തിന്റെ കരുതലിന് സ്വയം വിട്ടുകൊടുത്തുകൊണ്ട് "തന്റെ കഠിനാധ്വാനവും ത്യാഗവും ആവശ്യപ്പെട്ട സന്ദർഭങ്ങളിൽ പോലും ശാന്തതയും ആന്തരിക സമാധാനവും കർദിനാൾ കാച്ചവില്ലൻ കണ്ടെത്തിയെന്നും അദ്ദേഹം പറഞ്ഞു.
കർദ്ദിനാൾ കാച്ചവില്ലന് പ്രായാധിക്യത്താൽ സഞ്ചരിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടു തുടങ്ങിയെങ്കിലും അദ്ദേഹം പ്രാർത്ഥനയിലും വായനയിലും മുഴുകി സമയം ചെലവഴിച്ചിരുന്നതായി കർദ്ദിനാൾ റെ ഓർമ്മിച്ചു.അദ്ദേഹത്തിന്റെ മനസ്സ് "തികച്ചും തെളിച്ചമുള്ളതും" സഭയുടെ ജീവിതത്തെക്കുറിച്ച് വിവരങ്ങൾ തിരക്കിക്കൊണ്ടുമിരുന്നു.
മരണത്തിന്റെ തലേദിവസം പോലും വിവരങ്ങൾ അറിയാനിഷ്ടപ്പെട്ടിരുന്ന അദ്ദേഹം പത്രങ്ങളും, ഓസർവേറ്റോറെ റൊമാനോ, പ്രസ് ഓഫീസിന്റെ ബുള്ളറ്റിൻ, സ്റ്റേറ്റ് സെക്രട്ടേറിയറ്റിന്റെ പത്ര അവലോകനം എന്നിവ വായിക്കുകയും ചെയ്തിരുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: