പ്രകൃതിയോടുള്ള ഉത്തരവാദിത്വം നാം അവഗണിക്കരുതെന്ന് പരിശുദ്ധസിംഹാനം !
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
പരിസ്ഥിതിയോട് എല്ലാവർക്കും ഉത്തരവാദിത്വം ഉണ്ടെന്നും അത് അവഗണിക്കുന്നത് പ്രകൃതിയുടെ തന്നെ ഘടനയിൽ അന്തർലീനമായിരിക്കുന്ന സന്ദേശത്തോടുള്ള അനാദരവാണെന്നും പരിശുദ്ധസിംഹാസനത്തിൻറെ സ്ഥിരം നിരീക്ഷക സംഘം.
സ്വിറ്റ്സർലണ്ടിലെ ജനീവ പട്ടണത്തിൽ മനുഷ്യാവകാശസമിതിയുടെ നാല്പത്തിയൊമ്പതാമത്തെ യോഗത്തിൽ ഭക്ഷ്യാവകാശത്തെയും നരകുലം മുഴുവനും വേണ്ടിയുള്ള വിത്തു സംവിധാനങ്ങളുടെ കാര്യസ്ഥർ എന്ന നിലയിൽ കർഷകരുടെയും തദ്ദേശീയജനങ്ങളുടെയും പങ്കിനെയും കുറിച്ച് പതിനാലാം തീയതി തിങ്കളാഴ്ച (14/03/22) നല്കിയ പ്രസ്താവനയിലാണ്, ജനീവയിൽ ഐക്യരാഷ്ട്രസഭയുടെയും ഇതര അന്താരാഷ്ട്രസംഘടനകളുടെയും കാര്യാലയങ്ങളിലെ, പരിശുദ്ധസിഹാസനത്തിൻറെ സ്ഥിരം നിരീക്ഷക ദൗത്യസംഘം ഇത് ഓർമ്മിപ്പിച്ചിരിക്കുന്നത്.
കാര്യസ്ഥൻ എന്നത് ശരിയായി മനസ്സിലാക്കുകയാണെങ്കിൽ അതൊരു ആധ്യപത്യ കർമ്മം അല്ല മറിച്ച്, ഉത്തരവാദിത്വത്തിൻറെ ആവിഷ്കാരമാണെന്ന് ഈ പ്രസ്താവന പറയുന്നു.
ജൈവവൈവിധ്യത്തിൻറെ നിരന്തര നവീകരണം പരിപോഷിപ്പിച്ചുകൊണ്ട് കർഷകർ ആ ഉത്തരവദിത്വത്തോട് സവിശേഷമാംവിധം പ്രതികരിക്കുന്നുവെന്ന് പ്രസ്താവനയിൽ കാണുന്നു.
കോവിദ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം (2021) 2 കോടിയിലേറെ ജനങ്ങൾ അതിതീവ്ര ഭക്ഷ്യഅരക്ഷിതാവസ്ഥയുടെ പിടിയിലായിയെന്നും കൊടും ദാരിദ്ര്യം വർദ്ധിക്കുകയും ഭക്ഷ്യവില കുത്തനെ ഉയരുകയും ചെയ്തുവെന്നും പരിശുദ്ധസിംഹാസനം പ്രസ്താവനയിൽ അനുസ്മരിക്കുന്നു.
“ഭക്ഷണം ഉൽപ്പാദിപ്പിച്ചാൽ മാത്രം പോരാ, പുതിയൊരു മാനസികാവസ്ഥയും നൂതനമായ സമഗ്രസമീപനവും ആവശ്യമാണെന്നും ഭൂമിയ്ക്ക് സംരക്ഷണം ഉറപ്പുനല്കുകയും മനുഷ്യ വ്യക്തിയുടെ അന്തസ്സ് കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കുകയും ചെയ്യുന്ന ഭക്ഷ്യ സംവിധാനങ്ങൾ ആസൂത്രണം ചെയ്യണമെന്നുമുള്ള ഫ്രാൻസീസ് പാപ്പായുടെ വാക്കുകളും പ്രസ്താവന ആവർത്തിക്കുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: