തിരയുക

കോവിദ് 19 പ്രതിരോധ കുത്തിവയ്പ് ഔഷധം കോവിദ് 19 പ്രതിരോധ കുത്തിവയ്പ് ഔഷധം 

സകലരുടെയും ആരോഗ്യപരിരക്ഷ ഒരു ധാർമ്മിക കടമ!

ബൗദ്ധിക സ്വത്തവകാശ നിബന്ധനകൾ സാമൂഹ്യ സാമ്പത്തിക സുസ്ഥിതിക്ക് ഉതകും വിധം വിനിയോഗിക്കപ്പെടണമെന്ന് വത്തിക്കാൻ.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ബൗദ്ധിക സ്വത്തവകാശ നിയമം (Iintellectual Property Rights IPRs) പൊതുനന്മോന്മുഖങ്ങളായ മാർഗ്ഗങ്ങളെ പരിപോഷിപിക്കുന്നതും സുഗമമാക്കുന്നതുമായിരിക്കണമെന്ന് പരിശുദ്ധസിംഹാസനം.

സ്വിറ്റ്സർലണ്ടിലെ ജനീവ പട്ടണത്തിൽ മനുഷ്യാവകാശസമിതിയുടെ നാല്പത്തിയൊമ്പതാമത്തെ യോഗത്തിൽ കോവിദ് 19 പ്രതിരോധ കുത്തിവയ്പ്പ് ഔഷധങ്ങളുടെ സന്തുലിതവിതരണത്തെ അധികരിച്ച് നടന്ന ചർച്ചയ്ക്ക് പതിനാറാം തീയതി ബുധനാഴ്ച (16/03/22) നല്കിയ പ്രസ്താവനയിലാണ്, ജനീവയിൽ ഐക്യരാഷ്ട്രസഭയുടെയും ഇതര അന്താരാഷ്ട്രസംഘടനകളുടെയും കാര്യാലയങ്ങളിലെ, പരിശുദ്ധസിഹാസനത്തിൻറെ സ്ഥിരം നിരീക്ഷക ദൗത്യസംഘം ഇത് ഓർമ്മിപ്പിച്ചിരിക്കുന്നത്.

ഇന്നത്തെ വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിൽ, പ്രതിരോധ കുത്തിവയ്പ്പു മരുന്നുകളുടെയും മറ്റു മരുന്നുകളുടെയും ആരോഗ്യസാങ്കേതികവിദ്യയുടെയും നീതിപൂർവ്വകമായ വിതരണത്തിനും അവ കരസ്ഥമാക്കുന്നതിനുമുള്ള  മുഖ്യ പ്രതിബന്ധങ്ങൾ ബൗദ്ധിക സ്വത്തവകാശ സംബന്ധിയായ നിബന്ധനകളാണെന്ന് പരിശുദ്ധസിംഹാസനം വ്യക്തമാക്കുന്നു.

ഈ നിബന്ധനകൾ സാമൂഹ്യ സാമ്പത്തിക സുസ്ഥിതിക്ക് ഉതകും വിധം വിനിയോഗിക്കപ്പെടേണ്ടതിൻറെ ആവശ്യകതയും പരിശുദ്ധസിംഹാസനം ചൂണ്ടിക്കാട്ടുന്നു. 

സകലരുടെയും ആരോഗ്യപരിരക്ഷ ഒരു ധാർമ്മിക കടമയാണെന്ന ഫ്രാൻസീസ് പാപ്പായുടെ ഉദ്ബോധനവും ഈ സ്ഥിരസമിതി അടിവരയിട്ടു കാട്ടുന്നു.

ആരോഗ്യസംരക്ഷണം സ്വാകാര്യതാൽപര്യ വിധേയമായിരിക്കരുതെന്നും നേരെമറിച്ച് നയങ്ങളും നിയമങ്ങളും ഐക്യദാർഢ്യത്തിലും മാനുഷിക അന്തസ്സ് പ്രോത്സാഹിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും പരിശുദ്ധസിംഹാസനം ഓർമ്മിപ്പിക്കുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 March 2022, 14:59