പാപ്പായുമായി ഒരുമിച്ച് കർദ്ദിനാൾമാരായ കോഹും അയൂസോയും: സമാധാനത്തിന്റെ ചിന്തകൾ നിലനിൽക്കട്ടെ
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
യുക്രെയ്നിലെ യുദ്ധത്തെക്കുറിച്ചുള്ള ആശങ്കകൾ ലോകം മുഴുവനും വർദ്ധിച്ചു വരുമ്പോൾ ക്രൈസ്തവ ഐക്യത്തിനായുള്ള പൊന്തിഫിക്കൽ കൗൺസിലിന്റെയും അന്തർമതസംവാദത്തിനായുള്ള പൊന്തിഫിക്കൽ കൗൺസിലിന്റെയും അദ്ധ്യക്ഷൻമാരായ കർദ്ദിനാൾ കോഹും കർദ്ദിനാൾ അയൂസോയും കഴിഞ്ഞയാഴ്ച സമാധാനത്തിനായി പാപ്പാ നടത്തിയ അഭ്യർത്ഥനയോടു ഐക്യദാർഢ്യം പ്രകടിപ്പിച്ചു. "അക്രമത്തിന്റെ പൈശാചിക ബോധശൂന്യതയ്ക്ക് ദൈവത്തിന്റെ ആയുധങ്ങൾ കൊണ്ടാണ് ഉത്തരം നൽകേണ്ടത്, പ്രാർത്ഥനയും ഉപവാസവും കൊണ്ട് " എന്ന് ഫ്രാൻസിസ് പാപ്പാ ഫെബ്രുവരി 23 ന് നടന്ന പൊതുകൂടിക്കാഴ്ചയുടെ അവസാനം പറയുകയും തപസ്സു കാലം തുടങ്ങുന്ന വിഭൂതി ബുധൻ, യുക്രെയ്നു വേണ്ടി സമർപ്പിക്കുന്ന ഒരു ദിവസമാക്കി തീവ്രമായി പ്രാർത്ഥിക്കാൻ വിശ്വാസികളെ പ്രോൽസാഹിപ്പിക്കുകയും ചെയ്തിരുന്നു. ഫ്രാൻസിസ് പാപ്പായുടെ ഈ ഉദ്ദേശ്യത്തിന്റെ പ്രാധാന്യം അടിവരയിട്ടു കൊണ്ടാണ് രണ്ടു ഡിക്കാസ്ട്രികളുടെയും അദ്ധ്യക്ഷന്മാർ എല്ലാ കത്തോലിക്കരോടും മറ്റു വിശ്വാസ സമൂഹങ്ങളോടും സമാധാനത്തിനായുള്ള പ്രാർത്ഥനയിൽ ഒരുമിക്കാൻ ആഹ്വാനം ചെയ്തത്.
കർദ്ദിനാൾ കോഹ്: പൊതു പ്രാർത്ഥന മനസാക്ഷിയോടുള്ള ഒരഭ്യർത്ഥന
കത്തോലിക്കരായ നമുക്ക് വിഭൂതി ബുധൻ പ്രാർത്ഥനയുടെയും ഉപവാസത്തിന്റെയും ദിവസമാണ്, എന്നാൽ പാപ്പാ മറ്റു ക്രൈസ്തവ സഭകളിൽപ്പെട്ടവരേയും എല്ലാ ജനങ്ങളേയും സമാധാനത്തിനായുള്ള പ്രാർത്ഥനയിൽ ഒന്നിക്കാൻ ക്ഷണിക്കുകയായിരുന്നു എന്ന് കർദ്ദിനാൾ കുർട്ട് കോഹ് ചൂണ്ടിക്കാണിച്ചു. അത് ഐക്യദാർഢ്യത്തിലും ഒരുമയിലുമായിരിക്കുവാനുള്ള അഭ്യർത്ഥനയാണ്. കാരണം പ്രത്യേകിച്ച് യുദ്ധമുണ്ടാകുമ്പോൾ ജനങ്ങൾ ശക്തിയില്ലാത്തവരാണെന്ന് മനസ്സിലാക്കുകയും എന്തു ചെയ്യാൻ കഴിയുമെന്ന് ചിന്തിക്കുകയും ചെയ്യുന്നു. ഈ സമയത്ത് നമ്മെ തന്നെ ദൈവത്തിൽ വിശ്വസിച്ച് ഏൽപ്പിക്കുക എന്നത് ഏറ്റം പ്രധാനപ്പെട്ടതാണെന്ന് ക്രൈസ്തവ ഐക്യം പ്രോൽസാഹിപ്പിക്കുന്നതിനായുള്ള പൊന്തിഫിക്കൽ കൗൺസിലിന്റെ അദ്ധ്യക്ഷനായ അദ്ദേഹം പറഞ്ഞു. ദൈവം ഒരിക്കലും യുദ്ധമല്ല സമാധാനമാണ് ആഗ്രഹിക്കുന്നത്. ഇതൊരു പരസ്യമായ പ്രാർത്ഥന. അതിനാൽ യുദ്ധത്തിന്റെയും സമാധാനത്തിന്റെയും മേൽ അധികാരമുള്ള എല്ലാവരുടേയും മനസാക്ഷിക്കുമേലുള്ള ഒരു അഭ്യർത്ഥനയാണ്, യുദ്ധത്തെക്കുറിച്ചല്ല മറിച്ച് സമാധാനത്തെക്കുറിച്ചുള്ള ചിന്തകൾ അവർക്കുണ്ടാകാനായി അവരുടെ മനസ്സാക്ഷികളെ ശുദ്ധീകരിക്കാനുള്ള ക്ഷണമാണ് എന്ന് കർദ്ദിനാൾ കൂട്ടിച്ചേർത്തു. മൂന്നാമതായി സമാധാനത്തിനായുള്ള പ്രാർത്ഥന, വളരെ ദാരുണമായ അവസ്ഥയിൽ കുടുംബാംഗങ്ങളെയും വീടും ഉപേക്ഷിക്കേണ്ടി വരുന്ന സഹിക്കുന്നവരോടുള്ള ഐക്യദാർഢ്യത്തിന്റെ അടയാളമാണ് എന്നും കർദ്ദിനാൾ പറഞ്ഞു.
"ഈ വ്യക്തികൾ തനിച്ചല്ലായെന്നും അവരെക്കുറിച്ച് ചിന്തിക്കുന്നവരും അവർക്കായി പ്രാർത്ഥിക്കുന്നവരും ഉണ്ടെന്ന് അവർക്ക് നൽകുന്ന ഒരടയാളമാണ് പ്രാർത്ഥന " കർദ്ദിനാൾ ഉപസംഹരിച്ചു.
അയൂസോ : മതങ്ങൾ പ്രാർത്ഥിക്കാൻ ഒരുമിക്കുന്നു
എല്ലാവരോടും ഒരേ മനുഷ്യകുടുംബത്തിലെ അംഗങ്ങൾ എന്ന നിലയിൽ പ്രാർത്ഥിക്കാനാവശ്യപ്പെട്ട പാപ്പായ്ക്ക് കർദ്ദിനാൾ മിഗ്വെൽ ആങ്കൽ അയൂസോ നന്ദി പ്രകടിപ്പിച്ചു. വിവിധ മതപാരമ്പര്യങ്ങൾ പ്രാർത്ഥനയ്ക്കും ഉപവാസത്തിനും നൽകുന്ന പ്രാധാന്യം ഉയർത്തിപ്പിടിച്ചു കൊണ്ട് വ്യത്യസ്ഥ മത പാരമ്പര്യങ്ങളിൽപ്പെട്ട വിശ്വാസിളോടു പാപ്പായുടെ സംരംഭത്തിൽ പങ്കുചേരാൻ കർദ്ദിനാൾ ആഹ്വാനം ചെയ്തു. അന്തർ മത സംവാദത്തിനായുള്ള പൊന്തിഫിക്കൽ കൗൺസിലിന്റെ അദ്ധ്യക്ഷൻ എന്ന നിലയിൽ വിവിധ സമൂഹങ്ങളുടെയും മതപാരമ്പര്യങ്ങളുടേയും നേതാക്കളെയും യുക്രെയ്നു വേണ്ടിയുള്ള പ്രാർത്ഥനാ ദിനത്തിൽ പങ്കുചേരാൻ ക്ഷണിച്ചു. എല്ലാവരുടേയും പ്രാർത്ഥനയും ഉപവാസവും ലോകസമാധാനത്തിന് ഒരു മുതൽക്കൂട്ടാകുമെന്ന് കർദ്ദിനാൾ അയൂസൊ പ്രത്യാശ പ്രകടിപ്പിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: