കർദ്ദിനാൾ പീയെത്രൊ പരോളിൻ: പ്രാർത്ഥന ഒരിക്കലും വിഫലമാകില്ല!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
സമാധാനം ദൈവത്തിൻറെ സ്വഭാവമാണെന്ന് വത്തിക്കാൻ സംസ്ഥാന കാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിൻ.
റഷ്യയുടെ സായുധാക്രമണത്താൽ തകർന്നുകൊണ്ടിരിക്കുകയും രക്തപ്പുഴയൊഴുകയും ചെയ്യുന്ന ഉക്രയിനിൽ സമാധാനം സംജാതമാകുന്നതിനു വേണ്ടി പ്രാർത്ഥിക്കുന്നതിന് വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ ബുധനാഴ്ച വൈകുന്നേരം അർപ്പിച്ച ദിവ്യബലി മദ്ധ്യേ വചനസന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
പ്രാർത്ഥന ഒരിക്കലും വിഫലമാകില്ലെന്നും മാനുഷികമായി നിരാശജനകമായ സാഹചര്യങ്ങളെപ്പോലും ശക്തമായി സ്വാധീനിക്കാൻ പ്രാർത്ഥനയ്ക്കാകും എന്നും ഉറച്ച ബോധ്യമുള്ളതുകൊണ്ടാണ് സമാധാനത്തിനായി പ്രാർത്ഥിക്കുന്നതിന് നാം സമ്മേളിച്ചിരിക്കുന്നതെന്ന് കർദ്ദിനാൾ പരോളിൻ പറഞ്ഞു.
ഹൃദയമനസ്സുകളെ പരിവർത്തനം ചെയ്യാൻ പ്രാർത്ഥനയ്ക്ക് സാധിക്കുമെന്ന് അദ്ദേഹം എസെക്കിയേൽ പ്രവാചകൻറെ പുസ്തകത്തിലെ മുപ്പത്തിയാറാം അദ്ധ്യായത്തിലെ ഇരുപത്തിയാറാം വാക്യം ഉദ്ധരിച്ചുകൊണ്ട് ഉദ്ബോധിപ്പിച്ചു.
ഉക്രയിനെ നാശത്തിൽ നിന്നും വ്യാപകമായ മരണത്തിൽ നിന്നും രക്ഷിക്കാനും ആയുധങ്ങളുടെ ഗർജ്ജനം അവസാനിപ്പിക്കാനും അങ്ങനെ സമാധാനത്തിൻറെ മന്ദമാരുതൻ ആ മണ്ണിൽ വീശാൻ ഇടയാക്കാനും വേണ്ടി കർദ്ദിനാൾ പരോളിൻ പ്രാർത്ഥിച്ചു.
റഷ്യ ഉക്രയിൻ സമാധാന ചർച്ചയിൽ പുരോഗതിയുടെ സൂചനകൾ കണ്ടു തുടങ്ങിയെന്ന വാർത്തകൾ വരുന്നുണ്ടെങ്കിലും റഷ്യൻ പടയുടെ രൂക്ഷമായ ആക്രമണം തുടരുകയാണ്.
ഉക്രയിൻ വിട്ടുപോയ പൗരന്മാരുടെ സംഖ്യ 30 ലക്ഷം കടന്നിരിക്കുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: