തിരയുക

കർദ്ദിനാൾ മൈക്കിൾ ചേർണി, സമഗ്ര മാനവവികസനത്തിനായുള്ള വത്തിക്കാൻ വിഭാഗത്തിൻറെ ഇടക്കാലാദ്ധ്യക്ഷൻ കർദ്ദിനാൾ മൈക്കിൾ ചേർണി, സമഗ്ര മാനവവികസനത്തിനായുള്ള വത്തിക്കാൻ വിഭാഗത്തിൻറെ ഇടക്കാലാദ്ധ്യക്ഷൻ  

കർദ്ദിനാൾ മൈക്കിൾ ചേർണി ഹങ്കറിയിൽ, ഉക്രയിൻകാരായ അഭയാർത്ഥികളുടെ ചാരെ!

സമഗ്ര മാനവവികസനത്തിനായുള്ള വത്തിക്കാൻ വിഭാഗത്തിൻറെ ഇടക്കാലാദ്ധ്യക്ഷൻ കർദ്ദിനാൾ മൈക്കിൾ ചേർണി ചൊവ്വാഴ്ചയാണ് ഹങ്കറിയിൽ എത്തിയത്.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

യുദ്ധ പ്രതിസന്ധിവേളയിലെ തൻറെ ഹങ്കറിയാത്ര പ്രാർത്ഥനയുടെയും പ്രവചനത്തിൻറെയും അപലപനത്തിൻറെയുമായ ഒന്നായിരിക്കുമെന്ന് സമഗ്ര മാനവവികസനത്തിനായുള്ള വത്തിക്കാൻ വിഭാഗത്തിൻറെ ഇടക്കാലാദ്ധ്യക്ഷൻ കർദ്ദിനാൾ മൈക്കിൾ ചേർണി (Card.Michael Czerny).

ഉക്രയിനിൽ റഷ്യനടത്തുന്ന നിഷ്ഠൂരാക്രമണത്തിൽ നിന്ന് പലായനം ചെയത് അയൽരാജ്യമായ ഹങ്കറിയിൽ അഭയം തേടിയിരിക്കുന്നവരുടെ ചാരെ ഫ്രാൻസീസ് പാപ്പായുടെ സാന്ത്വന സന്ദേശവുമായി ചൊവ്വാഴ്ച (08/03/22) എത്തിയ അദ്ദേഹം ഈ യാത്രയ്ക്കു മുമ്പ് വത്തിക്കാൻ വാർത്താവിഭാഗത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ഇതു പറഞ്ഞത്.

ഈ യാത്ര സാന്നിദ്ധ്യത്തിൻറെയും കൂട്ടായ്മയുടെയും  ഒരു പ്രവർത്തിയാണെന്നും ആ ജനതയോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കുകയാണ് ഇതിൻറെ ലക്ഷ്യമെന്നും കർദ്ദിനാൾ ചേർണി വിശദീകരിച്ചു.

ഉക്രയിൻ കാൽവരിയുടെ ഒരു പ്രതീകമായിമാറിയെന്നും മനുഷ്യോചിതമല്ലാത്ത കാര്യങ്ങൾക്കായി നിരപരാധികളെ കുരുതികഴിക്കുകയാണെന്നും അക്രമത്തിനും വിദ്വേഷത്തിനും നാമോരോരുത്തരും എങ്ങനെയാണ് സംഭാവന ചെയ്യുന്നതെന്നതിനെക്കുറിച്ച് ഒരു ആത്മശോധന അനിവാര്യമാണെന്നും അദ്ദേഹം പറയുന്നു.

സുവിശേഷ വചനവും സമൂർത്തമായ സഹായവും എത്തിക്കുകയും യാതനകളനുഭവിക്കുന്നവരുടെ ചാരെ ആയിരിക്കുകയും പലായനം ചെയ്യാൻ നിർബന്ധിതരായവർക്ക് പ്രത്യാശ പകരുകയും ചെയ്യുകയെന്നത് ഈ സന്ദർശനത്തിൻറെ ലക്ഷ്യത്തിൽപ്പെടുന്നുവെന്നും കർദ്ദിനാൾ ചേർണി വെളിപ്പെടുത്തി.

പ്രതിസന്ധിയുടെയും ആശയക്കുഴപ്പത്തിൻറെയുമായ അവസ്ഥ മുതലെടുക്കുന്ന മനുഷ്യക്കടത്തുകാരെക്കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു. മനുഷ്യർ അടിമകളാക്കപ്പെടുന്ന അവസ്ഥയുണ്ടെന്നും ഇത് ആശങ്കാജനകമായ ഒരു പ്രശ്നമാണെന്നും കർദ്ദിനാൾ ചേർണി പറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 മാർച്ച് 2022, 14:36