തിരയുക

കർദ്ദിനാൾ ക്രായേവ്സ്കി യുക്രെയ്നിൽ: “പ്രാർത്ഥന കൊണ്ട് നമുക്ക് യുദ്ധം അവസാനിപ്പിക്കാം”

വ്യാഴാഴ്ച ഉച്ചയ്ക്ക് ലിവിവ് കത്തീഡ്രലിൽ സമാധാനത്തിനായുള്ള സർവ്വമത പ്രാർത്ഥനാ ശുശ്രൂഷയ്ക്ക് കർദ്ദിനാൾ കോൺറാഡ് ക്രായേവ്സ്കി അധ്യക്ഷത വഹിച്ചു. ഈ പ്രാർത്ഥനാ ശുശ്രൂഷയിൽ പങ്കെടുത്തവരിൽ യുക്രെയ്നിലെ വിവിധ സഭകളുടെയും മതസമൂഹങ്ങളുടെയും പ്രതിനിധികളും ഉൾപ്പെടുന്നു.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ലിവിവ് കത്തീഡ്രലിൽ നടന്ന മതാന്തര പ്രാർത്ഥനാ ശുശ്രൂഷയിൽ  ലിവിവിലെ മെട്രോപൊളിറ്റൻ ആർച്ച് ബിഷപ്പ് മൈക്‌സിസ്ലാവ് മൊക്രിസിക്കി, യുക്രേനിയൻ ഗ്രീക്ക് കത്തോലിക്കാ സഭയുടെ തലവൻ സ്വിയാറ്റോസ്ലാവ് ഷെവ്‌ചുക്ക് എന്നീ രണ്ട് കത്തോലിക്കാ ആർച്ച്ബിഷപ്പുമാരും പങ്കെടുത്തു. മോസ്കോയിലെ പാത്രിയാർക്കേറ്റിന്റെ പരമാധികാരം അംഗീകരിക്കുന്നവർ ഉൾപ്പെടെ ഓർത്തഡോക്സ് സഭാമെത്രാന്മാരും സന്നിഹിതരായിരുന്നു.

ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് ഫ്രാൻസിസ് പാപ്പയുടെ സാമീപ്യം അനുഭവവേദ്യമാക്കാൻ യുക്രെയ്‌നിലെത്തിയ കർദ്ദിനാൾ ക്രായേവ്‌സ്‌കി പ്രാർത്ഥനാ ശുശ്രൂഷയ്ക്ക് ശേഷം യുക്രെയ്‌നിലെ സഭയുടെ ഐക്യത്തെ എടുത്തു പറഞ്ഞു. “വിഭജിക്കപ്പെട്ട സഭ ഒരു അപവാദമാണ്,” എന്ന് പറഞ്ഞ കർദ്ദിനാൾ “ഇന്ന് നാമെല്ലാവരും ഐക്യത്തിലായിരുന്നു, എല്ലാവരും ഒരുമിച്ച് പ്രാർത്ഥിക്കുകയും സുവിശേഷമനുസരിച്ച് സമാധാനത്തിനായി ദൈവത്തോടു അപേക്ഷിക്കുകയും ചെയ്തു” എന്ന് വെളിപ്പെടുത്തി.

ഒരുമിച്ചു നടന്ന പ്രാർത്ഥന “ധൂപാർണത്തിന്റെ പുക പോലെ” ഉയരുന്നുവെന്ന് വിവരിച്ച കർദ്ദിനാൾ “ഇതാണ് നമ്മുടെ ശക്തി” എന്നും, “ഈ ശക്തിയും ദൃഢതയും യുക്രേനിയൻ ജനതയ്ക്ക് കൈമാറാനുള്ള” തന്റെ ആഗ്രഹവും പ്രകടിപ്പിച്ചു. “വിശ്വാസത്തിലൂടെ നമുക്ക് മലകളെ മാറ്റാൻ കഴിയും. താൻ അതിൽ വിശ്വസിക്കുന്നു. അതിലുപരിയായി ഒരു വിഡ്ഢിത്തം നിറഞ്ഞ യുദ്ധം നിർത്താനും,” അദ്ദേഹം കൂട്ടി ചേർത്തു.

പാപ്പായുടെ  ദാനാധികാരിയായ കർദ്ദിനാൾ ക്രയേവ്സ്കി ഉച്ചകഴിഞ്ഞ്, പാപ്പയുടെ പ്രതിനിധിയായി യൂക്രേനിയൻ-പോളണ്ട് അതിർത്തി കടന്ന് റാവ റുസ്‌ക-ഹ്രെബെന്നെ സന്ദർശിച്ചു. അവിടെ അദ്ദേഹം സ്ഥിതിഗതികൾ അന്വേഷിക്കുകയും അതിർത്തി കടക്കാൻ കാത്തിരിക്കുന്ന അഭയാർഥികളെ സഹായിക്കുന്ന സന്നദ്ധപ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. കഴിഞ്ഞ ദിവസം ലിവിവിലെ വിശുദ്ധ ജോൺ പോൾ രണ്ടാമന്റെ ഇടവകയിൽ അഭയാർത്ഥികളോടൊപ്പം പ്രാർത്ഥിക്കുകയും അവരോടൊപ്പം അത്താഴം കഴിക്കുകയും ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 മാർച്ച് 2022, 12:58