പാപ്പയുടെ സാമീപ്യവുമായി കർദ്ദിനാൾ ചെർണി സ്ലൊവാക്യയിൽ
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
യുക്രെയ്നിൽ നിന്നുള്ള അഭയാർത്ഥികൾക്കായി പാപ്പായുടെ പ്രത്യേക ദൂതനായ കർദ്ദിനാൾ മൈക്കൾ ചെർണി എസ്.ജെ. കഴിഞ്ഞ 16ആം തിയതി ബുധനാഴ്ചയാണ് സ്ലൊവാക്യയിൽ എത്തിയത്. കോഷിത്സെ നഗരത്തിൽ സ്ലോവാക്യയുടെ കിഴക്കൻ ഭാഗങ്ങളിലെ രൂപതകളിലെ ഗ്രീക്ക് കത്തോലിക്കാ, ലത്തീ൯ റീത്തിലെ മെത്രാന്മാരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.
കോഷിത്സെ എപ്പാർക്കായ ആർച്ച് ബിഷപ്പ് സിറിൾ വാസിൽ എസ്.ജെ. യോടൊപ്പം അദ്ദേഹം സ്ലൊവാക് - യുക്രേനിയൻ അതിർത്തിയായ വൈസ് നൈനാമിക്കെയിൽ യുക്രെയ്നിൽ നിന്ന് മറ്റിടങ്ങളിലേക്ക് പലായനം ചെയ്യുന്നവർക്കായി സജ്ജീകരിച്ചിട്ടുള്ള സ്വീകരണ കേന്ദ്രങ്ങൾ സന്ദർശിച്ചു. യുക്രേയ്നിലെ അസ്ഗെരാഡിലെത്തിയ കർദ്ദിനാൾ നഗരത്തിലെ കത്തീഡ്രലിൽ യുക്രെയ്നിന്റെ സമാധാനത്തിനായുള്ള പ്രാർത്ഥനാ ശുശ്രൂഷയിൽ പങ്കുചേർന്നു.
പാപ്പായുടെ സാമീപ്യം
വൈസ് നൈനാമിക്കെയിൽ വച്ച് കർദ്ദിനാൾ ചെർണി പലായനം ചെയ്യുന്നവരോടുള്ള പാപ്പായുടെ സാമിപ്യം പ്രകടിപ്പിച്ചു കൊണ്ട് "അതിർത്തികൾ ഭിന്നിപ്പിന്റെതല്ല കണ്ടുമുട്ടലിന്റെ ഇടമാകണം" എന്ന ഫ്രാൻസിസ് പാപ്പായുടെ വാക്കുകൾ ആവർത്തിച്ചു. അഭയാർത്ഥികൾക്ക് സഹായം നൽകാനും അവരെ സ്വീകരിക്കാനും അതിർത്തിയിൽ നടത്തുന്ന ശ്രമങ്ങൾക്ക് എല്ലാവരെയും കർദ്ദിനാൾ അഭിന്ദിച്ചു.
"ഇവിടം ഒരു അനുഗ്രഹീത സ്ഥലമാണ്, ഞാൻ ഇവിടെ പ്രവർത്തിക്കുന്ന എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുകയും ഫ്രാൻസിസ് പാപ്പായുടെ ഊഷ്മളമായ ആശംസകൾ നൽകുകയും ചെയ്യുന്നു " കർദ്ദിനാൾ പറഞ്ഞു.
യുക്രെയ്ൻ അഭയാർത്ഥികൾക്കായുള്ള ദൗത്യം തുടരുന്നു
കർദ്ദിനാൾ ചെർണി കഴിഞ്ഞയാഴ്ച ഹങ്കറിയിലൂടെയാണ് മാർച്ച് 4 മുതൽ 10 വരെ യുക്രൈനിൽ ഒരു ഹ്രസ്വ സന്ദർശനം നടത്തിയത്. അതേ സമയം പാപ്പായുടെ ദാനധർമ്മ കാര്യസ്ഥനായ കർദ്ദിനാൾ കൊൺറാഡ് ക്രയേവ്സ്കി യുക്രൈൻ സന്ദർശിച്ചത് പോളണ്ട് - യുക്രെയ്ൻ അതിർത്തി വഴിയായിരുന്നു.
തന്റെ പ്രാർത്ഥനാപൂർവ്വകമായ സാമിപ്യം യുക്രെയിനിലെ സംഘർഷത്തിൽ നിന്ന് പലായനം ചെയ്യുന്നവർക്കും മറ്റുള്ളവരിൽ നിന്ന് അക്രമം സഹിക്കുന്നവർക്കുമറിയിക്കാനാണ് തന്റെ ദൂതന്മാർ വഴി പാപ്പാ ആഗ്രഹിക്കുന്നതെന്ന് പരിശുദ്ധ സിംഹാസനത്തിന്റെ വാർത്താ വിനിമയ കാര്യാലയം അറിയിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: